24 April Wednesday

ക്ഷയരോഗബാധിതർ കുറയുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023
കൊല്ലം
ജില്ലയിൽ ക്ഷയരോഗബാധിതർ കുറഞ്ഞതായി ലോകാരോഗ്യസംഘടനയുടെ പഠനം. കഴിഞ്ഞ വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ലോകാരോഗ്യസംഘടനയും ഐസിഎംആറും ചേർന്ന്‌ നടത്തിയ സബ് നാഷണൽ സർട്ടിഫിക്കേഷൻ സർവേയിലാണ്‌ കണ്ടെത്തൽ. ടിബി രോഗികളുടെ എണ്ണത്തിൽ 2015നെ അപേക്ഷിച്ച് 40 ശതമാനത്തിലധികം കുറവാണ്‌ രേഖപ്പെടുത്തിയത്‌. ഇതിന്‌ ജില്ലയ്‌ക്ക്‌ സിൽവർ മെഡൽ അവാർഡും കഴിഞ്ഞ ദിവസം ലഭിച്ചു.
സമ്പർക്കത്തിലൂടെ ക്ഷയരോഗം ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി നിർണയിക്കുന്ന ഐജിആർഎ (ഇന്റർഫെറോൺ ഗാമാ റീലിസ് അസെ) ഉൾപ്പെടെയുള്ള നൂതന പരിശോധനകൾ പ്രയോജനപ്പെടുത്തി ജില്ലാ ടിബി എലിമിനേഷൻ മിഷൻ ടീം നടത്തുന്ന പ്രവർത്തനങ്ങളാണ്‌ ഫലപ്രാപ്‌തിയിലേക്ക്‌ എത്തുന്നത്‌. "അതേ നമുക്ക് ക്ഷയരോഗത്തെ തുടച്ചുനീക്കാം’ എന്ന ഈ വർഷത്തെ ക്ഷയരോഗ ദിനാചരണസന്ദേശം ഉൾക്കൊണ്ട്‌ 2025ൽ കൊല്ലത്തെ ക്ഷയരോഗ നിർമാർജന ജില്ലയാക്കുക എന്നതാണ്‌ ലക്ഷ്യം. ഒരുലക്ഷം പേരിൽ ഒരുരോഗി  മാത്രം ഉള്ള സാഹചര്യത്തിലാണ്‌ നിർമാർജന ജില്ലയാകുക. നിലവിൽ ഇത്‌ 50പേരാണ്‌.   
ടെസ്റ്റിന്‌ വിധേയമായത്‌ 1600പേർ 
ഒരു ടിബി രോഗി 20പേർക്ക്‌ രോഗം പകർത്തുമെന്നാണ്‌ ഡബ്ല്യൂഎച്ച്‌ഒ കണക്ക്‌. രോഗികളുമായുള്ള സമ്പർക്കത്താൽ രോഗം വരാൻ  സാധ്യതയുള്ളവരെ കണ്ടെത്താൻ നടത്തുന്ന ഐജിആർഎ ടെസ്റ്റിന്‌ ജില്ലയിൽ ഇതുവരെ 1600പേരെ വിധേയമാക്കി.  പോസിറ്റീവായ  451 പേരിൽ  431 പേർക്ക് പ്രതിരോധ ചികിത്സ തുടങ്ങി. 267പേരിൽ  ചികിത്സ പൂർണമായി. സ്വകാര്യ ആശുപത്രിയിൽ 2500രൂപ ചെലവ്‌ വരുന്ന പരിശോധന സർക്കാർ ആശുപത്രിയിൽ സൗജന്യമാണ്‌. 
ക്ഷയരോഗം കണ്ടെത്തുന്നതിനുള്ള നൂതന മാർഗങ്ങൾ ജില്ലയിൽ 2018 മുതലാണ്‌ നടപ്പാക്കിയത്‌. നാറ്റ്‌  എന്ന അത്യാധുനിക പരിശോധനാ സംവിധാനത്തിലൂടെ ക്ഷയരോഗാണുക്കളുടെ സാന്നിധ്യം വേഗം  കണ്ടെത്താനാകുന്നതിനാൽ രോഗിക്ക്‌ സമയനഷ്ടം ഇല്ലാതെ ചികിത്സ ആരംഭിക്കാനാകും.
കൊല്ലം ടിബി സെന്റർ, കൊട്ടാരക്കര താലൂക്കാശുപത്രി, കരുനാഗപ്പള്ളി നെഞ്ചുരോഗാശുപത്രി എന്നിവിടങ്ങളിൽ സിബി നാറ്റ്‌ പരിശോധനയും കൊല്ലം ടിബി സെന്റർ, പുനലൂർ താലൂക്കാശുപത്രി, കൊല്ലം ഗവ. മെഡിക്കൽ കോളേജ്‌ എന്നിവിടങ്ങളിൽ ട്രൂ നാറ്റ്‌ പരിശോധനാ സൗകര്യവും ലഭ്യമാണ്‌. സൗജന്യ രോഗനിർണയവും മരുന്നും തുടർ ചികിത്സയും ഉറപ്പാക്കുന്ന സ്റ്റെപ്പ്‌  പദ്ധതിയുടെ സെന്ററുകളായി ജില്ലയിലെ 26 സ്വകാര്യ ആശുപത്രികളും പ്രവർത്തിക്കുന്നു. 
6 മാസത്തിനിടെ 
സുഖപ്പെടുത്താം
മരുന്ന് കഴിച്ച് ആറുമാസത്തിനിടെ ക്ഷയരോഗം സുഖപ്പെടുത്താം. എന്നാൽ, മരുന്ന് മുടങ്ങിയാൽ ഡ്രഗ്‌ റെസിസ്റ്റന്റ് ടിബി  അവസ്ഥയിലേക്ക്‌ രോഗി എത്തും. ഇത്‌ തടയാൻ ഡോട്സ് സംവിധാനത്തിലൂടെ ജില്ലയിലെ ആശ, അങ്കണവാടി പ്രവർത്തകർ വഴി മരുന്ന് വിതരണം ഊർജിതമാണ്‌. അക്ഷയകേരളം പദ്ധതിയിൽ രോഗസാധ്യതയുള്ളവരിൽനിന്ന്‌ സാമ്പിൾ ശേഖരിച്ചും രോഗ നിർണയം നടത്തുന്നുണ്ട്‌.
ലക്ഷണം 
കൊറോണ, ക്ഷയരോഗം എന്നിവയ്ക്ക് സമാന ലക്ഷണമാണുള്ളത്. കൊറോണ രോഗബാധയ്ക്കുശേഷവും പനി, വിട്ടുമാറാത്ത ചുമ, ശ്വാസംമുട്ട് എന്നിവ ഉണ്ടെങ്കിൽ പരിശോധന നടത്തി ക്ഷയരോഗമില്ലെന്ന് ഉറപ്പുവരുത്തണം. പ്രമേഹബാധിതർക്ക് 40 ശതമാനം അധിക രോഗസാധ്യതയാണുള്ളത്‌. അവയവമാറ്റ ശസ്ത്രക്രിയക്ക്‌ വിധേയരായവർ, പ്രതിരോധശേഷി കുറഞ്ഞവർ, മദ്യം, പുകവലി ശീലമുള്ളവർ എന്നിവരിലും രോഗസാധ്യത കൂടുതലാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top