29 March Friday
ജൽജീവൻ മിഷൻ

കരുനാഗപ്പള്ളിയിൽ 3 കുടിവെള്ള ടാങ്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023

കുലശേഖരപുരം പഞ്ചായത്തിൽ ജൽ ജീവൻ മിഷന്റെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കുന്നു

കരുനാഗപ്പള്ളി
ഗ്രാമീണ മേഖലയിലെ എല്ലാ വീട്ടിലും ശുദ്ധജലം ലഭ്യമാക്കാൻ ലക്ഷ്യം വയ്‌ക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതിയിൽപ്പെടുത്തി ആലപ്പുഴ പാർലമെന്റ്‌ മണ്ഡലത്തിൽ 23 കുടിവെള്ള ടാങ്ക്‌ പുതിയതായി നിർമിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതായി എ എം ആരിഫ് എംപി അറിയിച്ചു. ലോക്‌സഭയിൽ  ഇതു സംബന്ധിച്ച എ എം ആരിഫ് എംപിയുടെ ചോദ്യത്തിനു മറുപടിയായി ജലശക്തി   സഹമന്ത്രി പ്രഹ്ലാദ് സിങ്‌ പാട്ടിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിൽ 20 എണ്ണം ആലപ്പുഴ ജില്ലയിലും മൂന്നെണ്ണം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലുമാണ് പണിയുക. 2022-–-23ൽ 32.96 ലക്ഷം  വീടുകൾക്ക് കുടിവെള്ള കണക്‌ഷനുകൾ നൽകാൻ ലക്ഷ്യമിട്ടെങ്കിലും 5.05 ലക്ഷം കണക്‌ഷനുകൾ മാത്രമാണ് നൽകാനായത് എന്നും മന്ത്രി പറഞ്ഞു.
കരുനാഗപ്പള്ളി മണ്ഡലത്തിലെ പാവുമ്പ പാലത്തിനു സമീപമാണ് തഴവ പഞ്ചായത്തിന്റെ 11.67 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള ഓവർ ഹെഡ് ടാങ്ക് സ്ഥാപിക്കുന്നത്.  തൊടിയൂരിൽ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിനു സമീപമുള്ള പഞ്ചായത്ത് വക സ്ഥലത്താകും 8.57 ലക്ഷം ലിറ്ററിന്റെ ടാങ്ക് സ്ഥാപിക്കുക. കുലശേഖരപുരത്ത് 20–--ാം വാർഡിൽ സംഘപ്പുര ജങ്‌ഷനു സമീപമുള്ള മഹാരാഷ്ട്ര കോളനിയിലാണ് ഓവർ ഹെഡ് ടാങ്ക് സ്ഥാപിക്കുക. സംസ്ഥാന സർക്കാർ, നബാർഡ്, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ  കരുനാഗപ്പള്ളി–- - കുന്നത്തൂർ സംയോജിത കുടിവെള്ള  പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ജൽജീവൻ മിഷന്റെ ഭാഗമായി പഞ്ചായത്തുകളിൽ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തനവും പുരോഗമിക്കുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top