20 April Saturday
സൂപ്പർഫാസ്റ്റിനും ഫാസ്റ്റ്‌ പാസഞ്ചറിനും സ്റ്റോപ്പില്ല

ചിന്നക്കടയോട്‌ കെഎസ്‌ആർടിസിക്ക്‌ അവഗണന

സ്വന്തം ലേഖകൻUpdated: Wednesday Jan 25, 2023

തിരുവനന്തപുരം ഭാഗത്തേക്കുള്ള കെഎസ്‌ആർടിസി ബസുകൾക്ക്‌ സ്റ്റോപ്പ്‌ 
അനുവദിക്കാവുന്ന ചിന്നക്കട – -ആശ്രാമം റോഡ്‌

കൊല്ലം
തിരുവനന്തപുരം ഭാഗത്തേക്കു പോകുന്ന കെഎസ്‌ആർടിസി ബസുകൾക്ക്‌ ജില്ലാ ആസ്ഥാനമായ ചിന്നക്കടയിൽ സ്റ്റോപ്പും ഐഡന്റിക്കൽ ഫെയർസ്‌റ്റേജും അനുവദിക്കണമെന്ന ആവശ്യം ഇനിയും നടപ്പായില്ല. മറ്റൊരു ജില്ലാ ആസ്ഥാനത്തിനും ഇല്ലാത്ത ഗതികേട്‌ കൊല്ലത്ത്‌ യാത്രക്കാർ നേരിട്ടിട്ടും കെഎസ്‌ആർടിസി അനങ്ങാത്തതിൽ പ്രതിഷേധം ശക്തമാണ്‌. വടക്കുനിന്ന്‌ ഫാസ്റ്റ്‌ പാസഞ്ചറിലോ സൂപ്പർഫാസ്റ്റിലോ വരുന്ന യാത്രക്കാർ ചിന്നക്കടയിൽ എത്താൻ കലക്ടറേറ്റിലോ കൊല്ലം ഡിപ്പോയിലോ ഇറങ്ങി സിറ്റി ബസിൽ കയറണം. ഇല്ലെങ്കിൽ ഓട്ടോ പിടിക്കണം. കൊല്ലം ഡിപ്പോ കഴിഞ്ഞാൽ സ്റ്റോപ്പുള്ളത്‌ റെയിൽവേ സ്റ്റേഷൻ ജങ്‌ഷനിലാണ്‌. അതും പള്ളിമുക്ക്‌ ഫെയർസ്റ്റേജ്‌ ചാർജ്‌ നൽകണം. 
ജനപ്രതിനിധികളും യാത്രക്കാരും ഈ ആവശ്യം നിരന്തരം ഉന്നയിച്ചിട്ടും മുടന്തൻന്യായങ്ങൾ നിരത്തി തടിതപ്പുകയാണ്‌ കെഎസ്‌ആർടിസി. വടക്കുനിന്ന്‌ കൊട്ടാരക്കര, പുനലൂർ ഭാഗത്തേക്കുള്ള കെഎസ്‌ആർടിസി ബസുകൾക്ക്‌ ചിന്നക്കടയിൽ ആശ്രാമം റോഡിൽ സ്റ്റോപ്പുണ്ട്‌. ഈ റോഡിൽതന്നെ മറുവശത്തായി തിരുവനന്തപുരത്തേക്കുള്ള ബസുകൾക്കും സ്റ്റോപ്പ്‌ അനുവദിക്കാവുന്നതാണ്‌. ഇതിന്‌ കാത്തിരുപ്പുകേന്ദ്രം നിർബന്ധമല്ല. സ്ഥലക്കുറവ്‌ പരിഗണിച്ച്‌ കെഎസ്‌ആർടിസി ബസ്‌ സ്റ്റോപ്പ്‌ എന്ന ബോർഡുമാത്രം മതി. പലയിടത്തും ഇത്തരത്തിൽ സ്റ്റോപ്പുണ്ട്‌. ഇതിനുവേണ്ടത്‌ കെഎസ്‌ആർടിസി ചീഫ്‌ ഓഫീസിന്റെ തീരുമാനം മാത്രം. വടക്കുനിന്നുള്ള തിരുവനന്തപുരം ഫാസ്റ്റ്‌ പാസഞ്ചർ, സൂപ്പർഫാസ്റ്റ്‌ ബസുകൾ നിലവിൽ കൊല്ലം ഡിപ്പോയിൽനിന്ന്‌ പുള്ളിക്കട വഴി ആശ്രാമം ലിങ്ക്‌ റോഡിലൂടെയാണ്‌ ചിന്നക്കടയിൽ എത്തുന്നത്‌. 
തിരുവനന്തപുരത്തുനിന്ന്‌ എറണാകുളം ഭാഗത്തേക്കുള്ള ഫാസ്റ്റ്‌ പാസഞ്ചർ, സൂപ്പർഫാസ്റ്റ്‌ ബസുകൾക്ക്‌ ചിന്നക്കട ബസ്‌ബേയിൽ സ്റ്റോപ്പും ഐഡന്റിക്കൽ ഫെയർസ്റ്റേജും അനുവദിച്ചിട്ടുണ്ട്‌. വടക്കുനിന്ന്‌ വരുന്ന കൊട്ടാരക്കര, പുനലൂർ ഭാഗത്തേക്കുള്ള കെഎസ്‌ആർടിസി ബസുകൾക്ക്‌ ചിന്നക്കടയിൽ സ്റ്റോപ്പുണ്ടെങ്കിലും ഐഡന്റിക്കൽ ഫെയർസ്റ്റേജ്‌ അനുവദിച്ചിട്ടില്ല.
 യാത്രക്കാരെ 
 വലയ്‌ക്കരുത്‌
തിരുവനന്തപുരത്തേക്കുള്ള കെഎസ്‌ആർടിസി ബസുകൾക്ക്‌ ചിന്നക്കടയിൽ സ്റ്റോപ്പും ഐഡന്റിക്കൽ ഫെയർസ്റ്റേജും അനുവദിക്കണം. ഗതാഗതമന്ത്രിക്കും കോർപറേഷൻ എംഡിക്കും കത്ത്‌ നൽകും. ഗൗരവമേറിയ വിഷയമാണിത്‌. ആശ്രാമം റോഡിൽ ഇതിനുള്ള സൗകര്യം ഒരുക്കണം. യാത്രക്കാരെ വലയ്‌ക്കുന്ന സമീപനം കെഎസ്‌ആർടിസിക്ക്‌ ചേർന്നതല്ല. 
–-എം നൗഷാദ്‌ എംഎൽഎ
 നടപടി വൈകുന്നത്‌ 
 പ്രതിഷേധാർഹം
തിരുവനന്തപുരം കെഎസ്‌ആർടിസി ബസുകൾക്ക്‌ ചിന്നക്കടയിൽ സ്റ്റോപ്പ്‌ അനുവദിക്കാൻ കാത്തിരുപ്പുകേന്ദ്രം വേണമെന്ന നിർബന്ധം കെഎസ്‌ആർടിസി ഉപേക്ഷിക്കണം. തൽക്കാലം കെഎസ്‌ആർടിസി ബസ്‌ സ്റ്റോപ്പ്‌ എന്ന ബോർഡുമതിയാകും. ഇക്കാര്യത്തിൽ നടപടി വൈകുന്നത്‌ പ്രതിഷേധാർഹമാണ്‌. 
–-എം മുകേഷ്‌ എംഎൽഎ
 റിപ്പോർട്ട്‌ നേരത്തെ 
 നൽകിയിട്ടുള്ളത്‌
എറണാകുളം ഭാഗത്തുനിന്നു വരുന്ന ബസുകൾക്ക്‌ ചിന്നക്കടയിൽ സ്റ്റോപ്പ്‌ അനുവദിക്കാവുന്നതാണെന്ന റിപ്പോർട്ട്‌ തിരുവനന്തപുരം ചീഫ്‌ ഓഫീസിന്‌ നേരത്തെ നൽകിയതാണ്‌. ഐഡന്റിക്കൽ ഫെയർസ്റ്റേജ്‌ അനുവദിക്കേണ്ടതും ചീഫ്‌ ഓഫീസ്‌ ആണ്‌.
–-നിഷാർ, കൊല്ലം ഡിടിഒ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top