25 April Thursday

ബി കാറ്റ​ഗറിയിൽ

സ്വന്തം ലേഖകൻUpdated: Tuesday Jan 25, 2022
കൊല്ലം
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ 10 ശതമാനത്തിന് മുകളിൽ കോവിഡ് രോഗികൾ ഉള്ളതിനാൽ കൊല്ലം ജില്ല നിലവിലുള്ള എ യിൽനിന്ന്‌ ബി കാറ്റഗറിയിലായി. എന്നാൽ, ബി കാറ്റഗറിയിലുള്ള നിയന്ത്രണം നടപ്പാക്കുന്നത്‌ വെള്ളിയാഴ്ച ചേരുന്ന അവലോകന യോ​ഗത്തിലേ  തീരുമാനിക്കൂ. അതുവരെ എയിലെ നിയന്ത്രണം തുടരും. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, മത, സാമുദായിക, പൊതുപരിപാടികളിലും  വിവാഹം, മരണാനന്തര ചടങ്ങുകൾക്കും 50 പേർക്ക് പങ്കെടുക്കാം. 
ബി കാറ്റ​ഗറി ആയാൽ 
സാമൂഹ്യ,-രാഷ്ട്രീയ, -സാംസ്‌കാരിക, -മത- സാമുദായികപരമായ പൊതു ചടങ്ങുകൾക്ക്  വിലക്കേർപ്പെടുത്തും. പൊതുചടങ്ങുകൾക്കോ യോഗങ്ങൾക്കോ ഏതെങ്കിലും അധികാരി അനുമതി നൽകിയിട്ടുണ്ടെങ്കിൽ അത് റദ്ദാക്കും. വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് 20 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളു. ആരാധനാലയങ്ങളിലെ പ്രാർഥനകളും മറ്റു ചടങ്ങുകളും ഓൺലൈനായി നടത്തണം. മാളുകളിലെ കളിസ്ഥലങ്ങൾ പൂർണമായും അടച്ചിടണം. ബഡ്‌സ് സ്‌കൂളുകൾക്കും തെറാപ്പികളുമായി ബന്ധപ്പെട്ട് നടത്തുന്ന സ്‌പെഷ്യൽ സ്‌കൂളുകൾക്കും ഓഫ്‌ലൈൻ ക്ലാസുകൾ നടത്താം. എന്നാൽ ഇവിടങ്ങളിൽ ക്ലസ്റ്റർ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് അടച്ചിടണം. 
അടിയന്തര 
ശസ്ത്രക്രിയകൾ മാത്രം 
കോവിഡ് വ്യാപനം കുറയാത്തതിനാൽ പ്രധാന ആശുപത്രികളിൽ അടിയന്തര ശസ്ത്രക്രിയകൾ മാത്രം നടത്താൻ തീരുമാനം. കൊല്ലം ​ഗവ. മെഡിക്കൽ കോളേജിലെ ഡയാലിസിസ് വാർഡിൽ ചികിത്സ കോവിഡ് ബാധിതരായ വൃക്കരോ​ഗികൾക്ക് മാത്രമാക്കും. ഇവിടെയുള്ള മറ്റു രോ​ഗികളുടെ ഡയാലിസിസ്  ജില്ലാ ആശുപത്രിയിലുൾപ്പെടെ നടത്തും.
 
ക്ലസ്റ്ററുകള്‍ റിപ്പോര്‍ട്ട് ചെയ്‌തില്ലെങ്കിൽ നടപടി: കലക്ടർ
കൊല്ലം
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രൂപപ്പെടുന്ന കോവിഡ് ക്ലസ്റ്ററുകൾ  സംബന്ധിച്ച് കൃത്യമായ വിവരം കൈമാറാത്ത മേധാവികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കലക്ടർ അഫ്‌സാന പർവീൺ മുന്നറിയിപ്പു നൽകി. 
ചില സ്ഥാപനങ്ങൾ വീഴ്ച വരുത്തുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഓൺലൈൻ അവലോകനയോഗത്തിൽ കലക്ടർ മുന്നറിയിപ്പുമായി എത്തിയത്‌. ക്ലസ്റ്ററുകളുടെ വിവരം യഥാസമയം ആരോഗ്യവകുപ്പിനെ അറിയിക്കണം.
കോവിഡ് വാർറൂമിന്റെ പ്രവർത്തനം, കോവിഡ് ഇതര രോഗികൾക്കും കാലതാമസമില്ലാതെ ചികിത്സ എന്നിവ പരിശോധിച്ച് കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനു സബ് കലക്ടറെ ചുമതലപ്പെടുത്തി. ആർആർടി അംഗങ്ങൾക്ക് കിലവഴി പ്രത്യേക പരിശീലനം നൽകുന്നുണ്ട്. ആരോഗ്യ പ്രവർത്തകരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും എണ്ണം വർധിപ്പിക്കുന്നതിന് ജില്ലാതലത്തിൽ സംവിധാനവുമൊരുക്കും.
വാരാന്ത്യ പൊലീസ് പട്രോളിങ്‌, പരിശോധന എന്നിവ കർശനമായി തുടരും. കോവിഡ് നഷ്ടപരിഹാരം അനുവദിക്കുന്ന നടപടിക്രമങ്ങൾക്ക് തടസ്സമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തും. ഒമ്പത്‌, പത്ത്‌ ക്ലാസുകളിലെ കുട്ടികൾക്കുള്ള വാക്‌സിനേഷൻ 93 ശതമാനം പൂർത്തിയായെന്നും കലക്ടർ വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ, സബ്കലക്ടർ ചേതൻ കുമാർ മീണ, സിറ്റി പൊലീസ് കമീഷണർ ടി നാരായണൻ, എഡിഎം എൻ സാജിതാ ബീഗം, ജില്ലാ മെഡിക്കൽ ഓഫീസർ  ബിന്ദു മോഹൻ, ജില്ലാ സർവൈലൻസ് ഓഫീസർ ആർ സന്ധ്യ, മറ്റു ജില്ലാതല ഉദ്യോഗസ്ഥർ, ആശുപത്രി പ്രതിനിധികൾ, തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു.
 
മാസ്ക് ധരിക്കാത്ത 
242 പേർക്ക് താക്കീത്
കൊല്ലം
താലൂക്കുതല സ്ക്വാഡ് പരിശോധനയിൽ കോവിഡ് മാനദണ്ഡ ലംഘനം നടത്തിയ വ്യാപാര സ്ഥാപനങ്ങൾക്കും മാസ്ക് ധരിക്കാത്ത 242 പേർക്കും താക്കീതു നൽകി. വരും ദിവസങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന്‌ അധികൃതർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top