05 February Sunday

പ്രസിഡന്റ്സ്‌ ട്രോഫിക്കും സിബിഎൽ ഫൈനലിനും തുഴപ്പാടകലം

സ്വന്തം ലേഖികUpdated: Thursday Nov 24, 2022

കൊല്ലം

ദേശിംഗനാടും അഷ്ടമുടിക്കായലും വീണ്ടും പ്രസിഡന്റ്‌സ്‌ ട്രോഫിയുടെയും സിബിഎൽ ഫൈനലിന്റെയും ആരവങ്ങളിലേക്ക്‌. ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച പ്രസിഡന്റ്‌സ്‌ ട്രോഫി ജലോത്സവവും ചാമ്പ്യൻസ്‌ ബോട്ട്‌ ലീഗ്‌ ഫൈനലും ശനിയാഴ്‌ച നടക്കുമെന്ന്‌ സംഘാടകസമിതി ഭാരവാഹികൾ  വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രസിഡന്റ്സ്‌ ട്രോഫി ജലോത്സവത്തിന്റെ എട്ടാമത് എഡിഷനും ടൂറിസം വകുപ്പ്‌ നേരിട്ട് നടത്തുന്ന ചാമ്പ്യൻസ്‌ ബോട്ട്‌ ലീഗിന്റെ സീസൺ 12–--ാമത് മത്സരത്തിനുമാണ് അഷ്ടമുടിക്കായൽ വേദിയാകുന്നത്. പകൽ രണ്ടിന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്യും. ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി പങ്കെടുക്കും. വർണാഭമായ ജലഘോഷയാത്രയും നടക്കും. തുടർന്ന്‌, ഹീറ്റ്സ് മത്സരം ആരംഭിക്കും. 
ജലോത്സവത്തിന്‌ മുന്നോടിയായി വെള്ളി വൈകിട്ട് നാലിന് സംസ്കാരിക വിളംബരജാഥ നടത്തും. കെഎസ്ആർടിസിക്കു സമീപത്തുനിന്ന് ആരംഭിച്ച് ചാമക്കട, മെയിൻ റോഡ്, ചിന്നക്കട, ആശ്രാമം ലിങ്ക് റോഡ് വഴി ഡിടിപിസിക്ക് സമീപം സമാപിക്കും.
 
മത്സരം 3 ട്രാക്കിൽ
കൊല്ലം ബോട്ടുജെട്ടിക്കു സമീപം അഷ്ടമുടിക്കായലിൽ തയ്യാറാക്കിയ മൂന്നു ട്രാക്കിലായാണ്‌ മത്സരം. ദി റാവീസ്‌ ഹോട്ടലിന്‌ സമീപം തുടങ്ങി കൊല്ലം ബോട്ടുജെട്ടിവരെ ഒരു കിലോമീറ്ററിലുള്ള ട്രാക്കുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്.  
 
സമ്മാനത്തുക 5.90 കോടി
സിബിഎല്ലിൽ ബോണസും സമ്മാനത്തുകയുമായി 5.90 കോടി രൂപയാണ്‌ നൽകുക. സിബിഎൽ ചാമ്പ്യന്മാർക്ക്‌ (12 മത്സരത്തിലായി കൂടുതൽ പോയിന്റ്‌ നേടുന്ന ടീം)  25 ലക്ഷം രൂപയാണ് സമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15 ലക്ഷം, 10 ലക്ഷം വീതമാണ് ലഭിക്കുക. വിജയികൾക്ക് പ്രത്യേകമായി രൂപകൽപ്പന ചെയ്ത സിബിഎൽ ട്രോഫികളും സമ്മാനിക്കും. 
ഓരോ മത്സരത്തിൽ പങ്കെടുക്കുന്നിന്‌ ചുണ്ടൻ വള്ളങ്ങൾക്ക്‌ നാലുലക്ഷം രൂപ വീതം ബോണസ്‌ നൽകും. ഈ മത്സരത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക്‌ യഥാക്രമം അഞ്ച്‌, മൂന്നു, ഒന്ന്‌ ലക്ഷം വീതം സമ്മാനം നൽകും.
 
മാറ്റുരയ്‌ക്കുക 9 ചുണ്ടൻ
സിബിഎൽ ഫൈനൽ മത്സരത്തിൽ ഒമ്പത്‌ ചുണ്ടൻ വള്ളമാണ് മാറ്റുരയ്ക്കുന്നത്. പ്രസിഡന്റ്‌സ്‌ ട്രോഫിയിൽ 15 വള്ളം അഞ്ച്‌ വിഭാഗത്തിലായി മത്സരിക്കും. വെപ്പ് എ ഗ്രേഡ്‌ 3, ബി ഗ്രേഡ് (3), ഇരട്ടകുത്തി എ ഗ്രേഡ് (3),  ബി ഗ്രേഡ് (3), വനിതകളുടെ തെക്കനോടി (3) വിഭാഗങ്ങളിലാണ്‌ മത്സരം.   
 
 
കൊഴുപ്പിക്കാൻ 
കലാകായിക മത്സരവും 
ജലോത്സവം ജനകീയമാക്കാൻ വിപുലമായ മുന്നൊരുക്കങ്ങളാണ് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്നുവരുന്നത്. കൾച്ചറൽ കമ്മിറ്റി നേതൃത്വത്തിലുള്ള സാംസ്കാരിക പരിപാടികളുടെ ഭാഗമായി വ്യാഴം വൈകിട്ട് നാലിന്‌ കുരീപ്പുഴ ശ്രീകുമാറിന്റെ നേതൃത്വത്തിൽ കവിയരങ്ങ്‌ നടക്കും. കാഥികൻ പ്രൊഫ. വി ഹർഷകുമാർ വൈകിട്ട്‌ 5.30ന് 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' കഥാപ്രസംഗം അവതരിപ്പിക്കും. വെള്ളി വൈകിട്ട് നാലിന് കൊല്ലം എസ്‌എൻ വനിതാ കോളേജ് വിദ്യാർഥിനികളുടെ നേതൃത്വത്തിൽ ഫ്ലാഷ്‌  മോബും ലഹരിവിരുദ്ധ സന്ദേശമുയർത്തി നൃത്തനൃത്യങ്ങളും. ജലോത്സവ പ്രചാരണത്തിന്റെ ഭാഗമായി ആശ്രാമം മൈതാനത്ത് സൗഹൃദ ഫുട്ബോൾ മത്സരം, വടംവലി എന്നിവ നടത്തി. ഫുട്ബോൾ മത്സരം എം നൗഷാദ് എംഎൽഎ ഉദ്ഘാടനംചെയ്തു.  
വാർത്താസമ്മേളനത്തിൽ  ജലോത്സവ സംഘാടക സമിതി ചെയർമാൻ എൻ കെ പ്രേമചന്ദ്രൻ എംപി, സിബിഎൽ സംഘാടക സമിതി ചെയർമാൻ എം മുകേഷ് എംഎൽഎ, പ്രസിഡന്റ്സ് ട്രോഫി ഫിനാൻസ് കമ്മിറ്റി ചെയർമാൻ എം നൗഷാദ് എംഎൽഎ, സിബിഎൽ ടെക്നിക്കൽ കമ്മിറ്റി അംഗം ആർ കെ കുറുപ്പ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top