26 April Friday

നിർത്താതെ ഓടും 
ആനവണ്ടികൾ

സ്വന്തം ലേഖകൻUpdated: Sunday Oct 24, 2021
കൊല്ലം
തെക്കൻ ജില്ലകളിൽ കെഎസ്‌ആർടിസി സർവീസ്‌ കൂടുതൽ കാര്യക്ഷമമാക്കാൻ ഗതാഗതമന്ത്രി ആന്റണി രാജു പങ്കെടുത്ത കൊല്ലം സോണൽ യോഗം തീരുമാനിച്ചു.  കിളിമാനൂർ ( 43.43 % നഷ്ടം), പാപ്പനംകോട് (33.40 %) , ചടയമം​ഗലം (36.5%) വികാസ് ഭവൻ (34.3%), പുനലൂർ (32.2 %) എന്നിവിടങ്ങളിൽ  നിന്നും പ്രതിമാസം 5 കോടിയോളം രൂപയുടെ നഷ്ടമാണ് ഉള്ളത്. ഇത്തരത്തിൽ മോശം പ്രകടനം നടത്തുന്ന ഡിപ്പോകളിലെ അധികാരിക്കെതിരെ നടപടി സ്വീകരിക്കും. മെച്ചപ്പെടുന്ന ഡിപ്പോയിലുള്ളവർക്ക് റാങ്കിങ്‌ നിശ്ചയിച്ച് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക്  മാറ്റം നൽകും.
കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകൾ ചേരുന്ന കൊല്ലം സോണലിലെ  യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയ യോ​ഗത്തിൽ ഡൈനാമിക് ഷെഡ്യൂളിങ്‌, സ്റ്റുഡൻസ് ബോണ്ട് സർവ്വീസ് ,  ​ഗ്രാമവണ്ടി, കളക്‌ഷൻ കുറഞ്ഞ സർവ്വീസുകളുടെ പുനഃക്രമീകരണം, ടിക്കറ്റേതര വരുമാനം കൂട്ടാനുള്ള പദ്ധതികൾ, വാട്ടർ ട്രാൻസ്പോർട്ട് , ജീവനക്കാരുടെ കാര്യക്ഷമത, അടിസ്ഥാനസൗകര്യ വികസനം, കോവിഡിൽ നിർത്തിയ സർവീസുകൾ പുനഃരാരംഭിക്കൽ എന്നിവ ചർച്ചയായി. ജില്ലാ പൂളിൽ പിടിച്ചിട്ട വിവിധ ഡിപ്പോകളിലെ ബസുകൾ സർവീസിന്‌ അയക്കുന്നതും വരുമാനം വർധിപ്പിക്കുന്നതും  ഉയർന്നുവന്നു. 
കോർപറേഷൻ സിഎംഡി ബിജു പ്രഭാകർ, എക്സിക്യൂട്ടീവ് ഡയറക്ടർ  ജി പി പ്രദീപ്കുമാർ,  സൗത്ത്സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ജി അനിൽകുമാർ, കെഎസ്ആർടിസി ചീഫ് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരും അവലോകന യോഗത്തിൽ പങ്കെടുത്തു. ഏറ്റവും നല്ല പ്രകടനത്തിനുള്ള ഉപഹാരം പാറശാല, പൂവാർ, വെള്ളറട യൂണിറ്റുകൾക്ക്  മന്ത്രി സമ്മാനിച്ചു.  
ടൂറിസം സർവീസുകൾ 
വിപുലീകരിക്കും
കെഎസ്ആർടിസിയുടെ വരുമാന വർദ്ധനവിന് നൂതന ആശയങ്ങൾ നടപ്പാലിക്കുകയാണ് ലക്ഷ്യമെന്ന് ​മന്ത്രി പറഞ്ഞു.  കോവിഡിന് ശേഷം യാത്രക്കാരെ കൂടുതൽ ആകർഷിക്കാൻ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള സർവീസുകൾ വിപുലീകരിക്കും. മലക്കപ്പാറ സർവീസ് വിജയമായത് പോലെ ​ഗവി, പൊൻമുടി എന്നിവടങ്ങിളിലേക്കും സർവീസുകൾ ആരംഭിക്കും.  
സർവീസുകൾ 
പുനരാരംഭിക്കണം: 
കെഎസ്‌ആർടിഇഎ
കോവിഡ്‌ നിയന്ത്രണങ്ങളിൽ ഇളവുവന്ന സാഹചര്യത്തിൽ നിർത്തിവച്ച ഗ്രാമീണ, സ്റ്റേ സർവീസുകൾ പുനഃരാരംഭിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെഎസ്‌ആർടി എംപ്ലോയീസ്‌ അസോസിയേഷൻ (സിഐടിയു) കൊല്ലം യൂണിറ്റ്‌ മന്ത്രി ആന്റണി രാജുവിന്‌ നിവേദനം നൽകി. ജില്ലാപൂളിൽ പിടിച്ചിട്ട കൊല്ലം ഡിപ്പോയിലെ 44 ബസ്‌ തിരികെകൊടുത്ത്‌ എല്ലാ സർവീസും ആരംഭിക്കണമെന്നും ഡിപ്പോ നവീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ജില്ലാ ട്രഷറർ കെ അനിൽകുമാർ, ജോയിന്റ്‌ സെക്രട്ടറി എം എസ്‌ സുമേഷ്‌, യൂണിറ്റ്‌ പ്രസിഡന്റ്‌ വി ജയകുമാർ, സെക്രട്ടറി പി സതീഷ്‌കുമാർ എന്നിവരാണ്‌ നിവേദനം നൽകിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top