കൊല്ലം > കൊളോണിയൽ ചരിത്രത്തിന്റെ സ്മരണ പേറുന്ന, ബ്രിട്ടീഷ് വാസ്തുവിദ്യാകലയുടെ ഉത്തമ ഉദാഹരണമാണ് കഴുതുരുട്ടി പതിമൂന്നു കണ്ണറപ്പാലം. കൊല്ലം- ചെങ്കോട്ട മീറ്റർഗേജ് റെയിൽപാതയ്ക്കായി പശ്ചിമഘട്ടത്തിലെ രണ്ടുമലനിരകളെ ബന്ധിപ്പിച്ച് 1902ൽ ആണ് പാലം നിർമിച്ചത്. 13 ആർച്ചുകളാൽ സമ്പന്നമായ പാലം കൊളോണിയൽ കാലഘട്ടത്തിന്റെ നിർമിതികളുടെ പ്രത്യേകത വിളിച്ചോതുന്നു.
1873ൽ ആണ് കൊല്ലത്തുനിന്ന് ചെങ്കോട്ടയിലേക്ക് റെയിൽപാതയെന്ന ആശയം ഉടലെടുക്കുന്നത്. അന്ന് ബ്രിട്ടീഷ് ഭരണത്തിന്റെ ദക്ഷിണമേഖലാ ആസ്ഥാനം മദ്രാസായിരുന്നു. പാതയ്ക്കായി 1888ൽ ബ്രിട്ടീഷ് സർക്കാർ സർവേ നടത്തുകയും 1889ൽ നിർമാണം ആരംഭിക്കുകയുംചെയ്തു. സുഗന്ധദ്രവ്യങ്ങളുടെയും കുരുമുളകിന്റെയും കലവറയായിരുന്ന കൊല്ലം ദേശത്തുനിന്നുള്ള ചരക്കുനീക്കമായിരുന്നു ലക്ഷ്യം. റെയിൽവേയും മദ്രാസ് സർക്കാരും തിരുവിതാംകൂർ സർക്കാരും ഇതിനായി പണം മുടക്കുകയുംചെയ്തു. തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽവേയും ഇതുതന്നെ.
കൊല്ലത്തുനിന്ന് പുനലൂർ വരെയുള്ള നിർമാണം സുഗമമായി നടന്നു. പിന്നീടങ്ങോട്ട് ദുഷ്കരവും വിശ്രമരഹിതവുമായ ജോലികളായിരുന്നു. മലകളെ കീറിമുറിച്ച് തുരങ്കങ്ങളും ചെറുമലകളെ ചേർത്ത് ആർച്ച് പാലങ്ങളും നിർമിച്ചു. കഴുതുരുട്ടിയിലെ രണ്ടു കൂറ്റൻ മലനിരകളെ ബന്ധിപ്പിച്ച് കോട്ടവാതിലുകളെ അനുസ്മരിപ്പിക്കുന്ന നീളത്തിലും വൃത്താകൃതിയിലുമുള്ള പതിമൂന്നു കണ്ണറപ്പാലത്തിന്റെ നിർമാണത്തിനു തുടക്കമിട്ടത് 1901ൽ ആണ്. 200ൽ അധികം തൊഴിലാളികളുടെ ശ്രമഫലമായി 1902ൽ പാലം പൂർത്തിയായി. കൊല്ലം–- തിരുമംഗലം ദേശീയപാതയ്ക്കും കഴുതുരുട്ടിയാറിനും സമാന്തരമായി 102.72 മീറ്റർ നീളത്തിലും തറനിരപ്പിൽനിന്ന് 5.18 മീറ്റർ ഉയരത്തിലും നിർമിച്ച പാലത്തിലൂടെ 1904 നവംബർ 26 മുതൽ തീവണ്ടി ഓടിത്തുടങ്ങി. നൂറുവർഷം പിന്നിട്ടിട്ടും പാലത്തിന്റെ ഉറപ്പിന് കോട്ടമൊന്നും തട്ടിയിട്ടില്ല. കല്ലുകൾക്കിടയിൽ സിമന്റിനു പകരം ഉപയോഗിച്ച മിശ്രിതം ചുണ്ണാമ്പാണെന്ന് പറയുന്നുണ്ടെങ്കിലും ഇന്നും അവ്യക്തമാണെന്നതാണ് യാഥാർഥ്യം.
കൊല്ലം- ചെങ്കോട്ട
മീറ്റർഗേജ് പാത
വ്യാപാരാവശ്യങ്ങളായിരുന്നു കൊല്ലം–- ചെങ്കോട്ട തീവണ്ടിപ്പാതയെന്ന ആശയത്തിനു പിന്നിൽ. റെയിൽവേ ഏഴുലക്ഷം രൂപയും മദ്രാസ് സർക്കാർ 17 ലക്ഷം രൂപയും തിരുവിതാംകൂർ ദിവാനായിരുന്ന രാമയ്യങ്കാർ ആദ്യഗഡുവായി ആറുലക്ഷം രൂപയും നൽകി 1889ൽ നിർമാണത്തിനു തുടക്കമിട്ടു. 1902 മുതൽ കൊല്ലത്തുനിന്ന് പുനലൂർവരെ പരീക്ഷണാടിസ്ഥാനത്തിൽ ട്രാഫിക് ഗുഡ്സ് ഓടിച്ചു. പണി പൂർത്തിയായ പാലത്തിലൂടെ 1904 ജൂൺ ഒന്നിന് ചൊങ്കോട്ടയിൽനിന്ന് കൊല്ലത്തേക്ക് പാസഞ്ചർ കന്നിയോട്ടം നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, കനത്ത കാലവർഷത്തെ തുടർന്ന് തുരങ്കത്തിന്റെ ചുവരുകൾ ഇടിഞ്ഞുവീണു. തുടർന്ന് ഉദ്ഘാടന ദിവസം മുതൽ കൊല്ലത്തുനിന്ന് പുനലൂർവരെ മാത്രമാണ് സർവീസ് നടത്തിയിരുന്നത്. തകർന്നുവീണ ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തിയതിനു ശേഷം 1904 നവംബർ 26 മുതലാണ് കൊല്ലം–- ചെങ്കോട്ട പാസഞ്ചർ സർവീസ് പൂർണതോതിൽ ആരംഭിച്ചത്.
ആര്യങ്കാവ് ചുരം
ദക്ഷിണേന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ തുരങ്കമായ ആര്യങ്കാവ് ചുരം 1903ൽ ബ്രിട്ടീഷുകാരാണ് നിർമിച്ചത്. ബംഗാളിൽനിന്ന് എത്തിയ നൂറുകണക്കിന് തൊഴിലാളികൾ രണ്ടുവർഷം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. 680 മീറ്ററാണ് ദൈർഘ്യം. ആര്യങ്കാവിനും തമിഴ്നാട്ടിലെ ഭഗവതിപുരത്തിനും ഇടയ്ക്കുള്ള ഈ തുരങ്കത്തിലൂടെ 1904 നവംബർ നാലുമുതൽ തീവണ്ടി ഓടിത്തുടങ്ങി. തുരങ്കത്തിന്റെ ഇരു കവാടങ്ങളിലും തിരുവിതാംകൂർ രാജവാഴ്ചയുടെ ശംഖുമുദ്ര ആലേഖനംചെയ്തിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..