കൊല്ലം
കെഎസ്‌ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) 44–--ാം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് ആവേശത്തുടക്കം. കെ ചന്ദ്രശേഖരപിള്ളനഗറിൽ (ടൗൺ ഹാൾ) പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്‌ഘാടനംചെയ്‌തു. കെഎസ്‌ആർടിഇഎ വർക്കിങ് പ്രസിഡന്റ് സി കെ ഹരികൃഷ്‌ണൻ പതാകഉയർത്തി. ഉദ്‌ഘാടന സമ്മേളനത്തിൽ അദ്ദേഹം അധ്യക്ഷനായി. സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്‌സിക്കുട്ടിഅമ്മ അഴീക്കോടൻ രാഘവൻ അനുസ്‌മരണ പ്രഭാഷണം നടത്തി. സുനിത കുര്യൻ രക്തസാക്ഷി പ്രമേയവും ഇ സുരേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ പി ഗോപാലകൃഷ്‌ണൻ സ്വാഗതംപറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി എസ് വിനോദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി ഗോപാലകൃഷ്‌ണൻ കണക്കും അവതരിപ്പിച്ചു. അസോസിയേഷൻ മുൻ പ്രസിഡന്റും മുതിർന്ന നേതാവുമായ പി കെ ഗുരുദാസൻ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ, ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറുപ്പ്, എ എം ഇക്‌ബാൽ, ജി ആനന്ദൻ, കെ ജി ബിന്ദു, കെ അനിൽകുമാർ, ആർ രാജീവ് തുടങ്ങിയവർ പങ്കെടുത്തു.
മൂന്നുദിവസത്തെ സമ്മേളനത്തിൽ 476 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സംസ്ഥാന വർക്കിങ് പ്രസിഡന്റും വൈസ് പ്രസിഡന്റുമാരും ഉൾപ്പെടുന്ന പ്രസീഡിയവും ജനറൽ സെക്രട്ടറിയും സെക്രട്ടറിമാരുമടങ്ങുന്ന സ്‌റ്റിയറിങ് കമ്മിറ്റിയും പ്രവർത്തിക്കുന്നു. വി ശാന്തകുമാർ (പ്രമേയം), പി എസ് മഹേഷ് (മിനിട്‌സ്), കെ ടി പി മുരളീധരൻ (ക്രഡൻഷ്യൽ) എന്നിവർ കൺവീനർമാരായി കമ്മിറ്റികൾ പ്രവർത്തിക്കുന്നു. വൈകിട്ട് കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (ചിന്നക്കട) പ്രകടനവും പൊതുസമ്മേളനവും ചേർന്നു. തിങ്കളാഴ്‌ച സമ്മേളനം സമാപിക്കും.
സമ്മേളനത്തിൽ ഇന്ന്
ഞായർ രാവിലെ ഒമ്പതിന് പൊതുചർച്ച തുടങ്ങും. 10.30ന് മന്ത്രി വി ശിവൻകുട്ടി സംസാരിക്കും. 11ന് സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ ചന്ദ്രൻപിള്ള പ്രഭാഷണം നടത്തും. തുടർന്ന് എഐആർടിഡബ്ല്യുഎഫ് വർക്കിങ് പ്രസിഡന്റ് കെ കെ ദിവാകരൻ സംസാരിക്കും. വൈകിട്ട് നാലിന് ഗതാഗതമന്ത്രി ആന്റണി രാജു സംസാരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..