കൊല്ലം
അധികാരത്തിൽ വന്ന് ഒമ്പതുവർഷം പാഴാക്കിയ മോദിയും കൂട്ടരും ഇപ്പോൾ വനിതാബിൽ കൊണ്ടുവന്നത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കാനാണെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. കെഎസ്‌ആർടിഇഎ (സിഐടിയു) 44–--ാം സംസ്ഥാന സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് സർക്കാരിനെതിരെ ജനരോഷം ശക്തമാണെന്ന് തിരിച്ചറിഞ്ഞാണ് മോദി വനിതാബിൽ കൊണ്ടുവന്നത്. ഇക്കാര്യത്തിൽ ബിജെപി സർക്കാരിന് ആത്മാർഥതയില്ല. ബിൽ എന്ന് നടപ്പാക്കുമെന്നുപോലും പറയുന്നില്ല. ഉടൻ നടപ്പാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അതുകൊണ്ടാണ് ബില്ലിനെ പിന്തുണച്ചത്.
രാജ്യത്ത് തൊഴിലില്ലായ്‌മ 7.8 ശതമാനമാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ കൈയൊഴിഞ്ഞു. ബിജെപി ഭരണത്തിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചില്ലെന്ന് മാത്രമല്ല ഉള്ളതിനും സംരക്ഷണമില്ല. കൃഷിക്കാരെയും വഞ്ചിച്ചു. വർഗീയ സംഘർഷങ്ങളും കലാപങ്ങളും വർധിച്ചു. ആർഎസ്‌എസുകാരെ ഗവർണർമാരായി നിയമിച്ച് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ വെല്ലുവിളിക്കുന്ന ഗുരുതരസ്ഥിതിയും നിലനിൽക്കുന്നു. കേരളത്തെ സാമ്പത്തികമായി കഴുത്തുഞെരിച്ചു കൊല്ലാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനത്തിന് അർഹമായി നൽകേണ്ട വിഹിതം നൽകാത്ത കേന്ദ്രത്തിനെതിരെ ഒന്നിച്ചുനിൽക്കാൻ യുഡിഎഫ് എംപിമാർക്കും താൽപ്പര്യമില്ല.
സാമ്പത്തിക പ്രയാസത്തിനിടയിലും സംസ്ഥാന സർക്കാർ കെഎസ്‌ആർടിസിയെ സഹായിക്കാൻ തയ്യാറാകുന്നുണ്ട്. കെഎസ്‌ആർടിസിയെ സ്വന്തംകാലിൽ നിർത്താൻ നടപടി സ്വീകരിക്കണം. അതുവരെ സാമ്പത്തികമായി സർക്കാർ സഹായിക്കണം–- എളമരം കരീം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..