കൊല്ലം
പേവിഷബാധമൂലമുള്ള മരണങ്ങൾ ഒഴിവാക്കുന്നതിന് ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ എസ് ഷിനു അറിയിച്ചു. മൃഗങ്ങളുടെ കടിയേറ്റാൽ ഉടൻ മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാനും പ്രതിരോധ കുത്തിവയ്‌പ് എടുക്കാനും ശ്രദ്ധിക്കണം. നായകളാണ് പ്രധാന രോഗവാഹകർ. പൂച്ച, കുറുക്കൻ, അണ്ണാൻ, കുതിര, വവ്വാൽ തുടങ്ങിയവയും രോഗവാഹകരിൽപ്പെടുന്നു. രോഗംബാധിച്ച മൃഗങ്ങളുടെ ഉമിനീരിൽ കാണുന്ന പേവിഷബാധയുടെ വൈറസുകൾ മൃഗങ്ങളുടെ കടി, മാന്തൽ, പോറൽ, നക്കൽ എന്നിവയിലൂടെ ശരീരത്തിലെത്തി സുഷ്മനാ നാഡിയേയും തലച്ചോറിനെയും ബാധിക്കുന്നു. വീട്ടിൽ വളർത്തുന്ന പട്ടിയോ മറ്റേതെങ്കിലും മൃഗങ്ങളോ കടിച്ചാലും മുറിവ് സാരമുള്ളതല്ലെങ്കിൽ കൂടി നിസ്സാരമായി കാണരുത്.
രോഗലക്ഷണങ്ങൾ
തലവേദന, ക്ഷീണം, നേരിയ പനി, കടിയേറ്റ ഭാഗത്ത് അനുഭവപ്പെടുന്ന വേദനയും തരിപ്പ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ, അതിനുശേഷം വെളിച്ചത്തോടും വായുവിനോടും വെള്ളത്തിനോടുമുള്ള ഭയം പ്രത്യക്ഷമാകുന്നു. രോഗാണു ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകാൻ സാധാരണഗതിയിൽ 2-3 മാസംവരെ എടുക്കും. എന്നാൽ, ചിലർക്ക് നാലുദിവസത്തിനകം രോഗലക്ഷണം പ്രകടമാകാം. ചിലപ്പോൾ ഇത് ആറു വർഷംവരെ എടുത്തേക്കാം.
പ്രഥമ ശുശ്രൂഷ പ്രധാനം
പച്ചവെള്ളവും സോപ്പും ഉപയോഗിച്ച് കടിയേറ്റഭാഗം 10–--15 മിനിട്ട് നന്നായി കഴുകുക. പൈപ്പിൽനിന്ന് വെള്ളം തുറന്നുവിട്ട് കഴുകുന്നത് ഉത്തമം. പേവിഷബാധയുടെ അണുക്കളിൽ കൊഴുപ്പ് അധികമുണ്ട്. ഇങ്ങനെ സോപ്പ് ഉപയോഗിച്ച് കഴുകിയാൽ 99 ശതമാനം അണുക്കളും ഇല്ലാതാകുന്നു. ബീറ്റാഡിൻ ലോഷൻ/ഓയിൻമെന്റ് ലഭ്യമാണെങ്കിൽ മുറിവ് കഴുകിയ ശേഷം പുരട്ടാവുന്നതാണ്. മുറിവ് കെട്ടിവയ്ക്കരുത്.
പ്രതിരോധ മാർഗങ്ങൾ
വളർത്തുമൃഗങ്ങൾക്ക് പ്രതിരോധകുത്തിവയ്പ് എടുക്കുന്നത് രോഗപ്രതിരോധത്തിൽ പ്രധാനമാണ്. വളർത്തുമൃഗങ്ങൾക്ക് ആറുമാസം പ്രായമായാൽ ആദ്യ കുത്തിവയ്‌പ് എടുക്കാം. പിന്നീട് ഓരോവർഷം ഇടവിട്ട് കുത്തിവയ്പ് എടുക്കണം. പേവിഷബാധയ്ക്ക് ഫലപ്രദമായ ചികിത്സ ഇല്ലാത്തതിനാൽ കടിയോ മാന്തലോ പോറലോ ഏറ്റാൽ കുത്തിവയ്‌പ് എടുക്കേണ്ടത് അനിവാര്യമാണ്. ഡോക്ടർ നിർദേശിക്കുന്ന ദിവസങ്ങളിൽ തന്നെ പ്രതിരോധ കുത്തിവയ്പുകൾ നിർബന്ധമായും എടുക്കണം. പൂർണമായ വാക്സിൻ ഷെഡ്യൂൾ എടുത്ത ആളുകൾക്ക് ഷെഡ്യൂൾ പൂർത്തിയായി മൂന്നു മാസത്തിനുള്ളിലാണ് സമ്പർക്കം ഉണ്ടാകുന്നതെങ്കിൽ വീണ്ടും വാക്സിൻ എടുക്കേണ്ടതില്ല.
പേവിഷബാധ പ്രതിരോധ ചികിത്സാ മാനദണ്ഡങ്ങൾ
കാറ്റഗറി 1-
മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്ത് നക്കുക. ഇവയ്ക്ക് കുത്തിവയ്‌പ് നൽകേണ്ടതില്ല. സോപ്പും ധാരാളം വെള്ളവും ഉപയോഗിച്ച് കഴുകുക.
കാറ്റഗറി 2-
തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ. പ്രതിരോധകുത്തിവയ്‌പ് എടുക്കണം.
കാറ്റഗറി 3
-രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്തെ നക്കൽ, ചുണ്ടിലോ വായിലോ നക്കൽ, വന്യമൃഗങ്ങളുടെ കടി. ഇവയ്ക്ക് ഐഡിആർവിയും റാബിസ് ഇമ്യൂണോ ഗ്ലോബുലിനും എടുക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..