08 December Friday

പുനലൂരിൽ കടകളിൽ വൻ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023

തീപിടിത്തതിൽ കത്തിനശിച്ച കട

പുനലൂർ
പുനലൂരിൽ കടകൾക്ക് തീപിടിച്ചു. നാലു കടകൾ കത്തിനശിച്ചു. പേപ്പർമിൽ റോഡിൽ സെന്റ്‌ ഗൊരേറ്റി സ്കൂളിനു സമീപത്തുള്ള കടകളാണ് കഴിഞ്ഞദിവസം  പുലർച്ചെ മൂന്നോടെ കത്തിയത്. കല്ലുമല ഫാത്തിമാ മൻസിലിൽ ലത്തീഫിന്റെ ഫ്രൂട്സ് കട, സുധീറിന്റെ മൊബൈൽ ഷോപ്, സന്തോഷിന്റെ ഫാൻസി ഷോപ്, ആതിരയുടെ തുണിക്കട എന്നിവയാണ് കത്തിയത്. ഫ്രൂട്സ് കട പൂർണമായി കത്തി. ഇവിടെ നിന്നാണ് തീ പടർന്നതെന്ന് പറയുന്നു. പുനലൂർ, പത്തനാപുരം എന്നിവിടങ്ങളിൽനിന്ന്‌ നാലു യൂണിറ്റ് അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോർട്‌ സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു. പഴയ കെട്ടിടത്തിലാണ്‌ കടകൾ പ്രവർത്തിച്ചിരുന്നത്‌. പുലർച്ചെ ഇതുവഴി വാഹനങ്ങളിൽ കടന്നു പോയവരാണ് തീ പടരുന്നത് കണ്ടത്. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിയ്ക്കുകയായിരുന്നു. തുണിക്കട ഒഴികെയുള്ള സ്ഥാപനങ്ങൾ വലിയനിലയിൽ കത്തി നാശനഷ്‌ടമുണ്ടായി. ഏകദേശം 45 ലക്ഷം നഷ്ടം കണക്കാക്കുന്നുണ്ട്.
കടയുടമകൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന്‌ പി എസ് സുപാൽ എംഎൽഎ പറഞ്ഞു. അപകട വാർത്ത അറിഞ്ഞയുടൻ ബന്ധപ്പെട്ട വകുപ്പ് മേധാവികളോട്‌ അപകട സ്ഥലം സന്ദർശിക്കാനും റിപ്പോർട്ട് നൽകാനും പുനലൂർ ആർഡിഒയ്‌ക്ക് നിർദേശം നൽകി. റിപ്പോർട്ട് കിട്ടിയാൽ ഉടൻ മന്ത്രിതലത്തിൽ ബന്ധപ്പെടും എന്നും അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top