18 December Thursday

ലോണ്‍ ആപ്പുകളുടെ ചൂഷണത്തിനെതിരെ 
നിയമനടപടി സ്വീകരിക്കും: വനിതാ കമീഷന്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023
കൊല്ലം
സംസ്ഥാനത്ത് ലോൺ ആപ്പ് ഉൾപ്പെടെയുള്ള നവമാധ്യമ ശൃംഖലകളിലൂടെ സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന ചൂഷണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വനിതാ കമീഷൻ ചെയർപേഴ്‌സൺ പി സതീദേവി പറഞ്ഞു. ആശ്രാമം സർക്കാർ അതിഥി മന്ദിരത്തിൽ നടന്ന അദാലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 10 വനിതകളിൽ കൂടുതൽ ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽ പോഷ് ആക്ട് പ്രകാരം പരാതി പരിഹാര സെല്ലുകൾ രൂപീകരിക്കണം. സെൽ രൂപീകരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുന്നതിന് കലക്ടർമാർക്ക് പ്രത്യേക നിർദേശം നൽകും. പൊതുപ്രവർത്തന രംഗത്തുള്ള സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടികൾ കൈക്കൊള്ളും. മുൻകൂട്ടി അറിയിപ്പുകൾ നൽകാതെ അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന്‌ ആനുകൂല്യങ്ങൾ നിഷേധിച്ച് അധ്യാപകരെ പിരിച്ചുവിടുന്ന സാഹചര്യം ഒഴിവാക്കണമെന്നും കമീഷൻ വ്യക്തമാക്കി. 
അദാലത്തിൽ 81 പരാതി പരിഗണിച്ചു. 11 എണ്ണം തീർപ്പാക്കി. ഒരു പരാതി കൗൺസലിങ്ങിനായും അഞ്ചെണ്ണം റിപ്പോർട്ട് തേടുന്നതിനായും അയച്ചു. 64 പരാതി അടുത്ത അദാലത്തിലേക്കു മാറ്റി. കമീഷൻ അംഗങ്ങളായ ഇന്ദിര രവീന്ദ്രൻ, എലിസബത്ത് മാമൻ മത്തായി, സർക്കിൾ ഇൻസ്പെക്ടർ ജോസ് കുര്യൻ, അഭിഭാഷകരായ ബെച്ച കൃഷ്ണ, ജയ കമലാസനൻ, ശുഭ, കൗൺസിലർ സിസ്റ്റർ സംഗീത എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top