26 April Friday

ബസുകൾക്ക് വ്യാപക കല്ലേറ്

സ്വന്തം ലേഖകൻUpdated: Saturday Sep 24, 2022
കൊല്ലം
ഹർത്താലിനിടെ കെഎസ്ആർടിസി ബസുകൾക്കുനേരെ വ്യാപക കല്ലേറ്. അഞ്ച് ബസിന് കേടുപറ്റി. വ്യാപകമായി കല്ലേറുണ്ടായതോടെ  പൊലീസ് സുരക്ഷയോടെയാണ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തിയത്. രാവിലെ തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോയ മലപ്പുറം ഡിപ്പോയിലെ കെഎസ്ആർടിസി ബസും കുളത്തൂപ്പുഴയിൽ നിന്ന് കൊല്ലത്തേക്കു  വന്ന കുളത്തൂപ്പുഴ ഡിപ്പോയിലെ  ബസും അയത്തിൽ വച്ച് തകർത്തു. കല്ലേറിൽ മുൻ​ഗ്ലാസ് പൊട്ടി. ജീവനക്കാരും യാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൊല്ലം ഡിപ്പോയിലെ മറ്റൊരു ബസിനും കല്ലേറിൽ കേടുപാടുണ്ടായി. 
ചടയമംഗലം ഡിപ്പോയിലെ  അഞ്ചൽ  ബസിന്റെ പിൻഭാഗത്തെ ഗ്ലാസ് കരിങ്ങന്നൂരിന് സമീപം -താന്നിമൂട് ജങ്ഷനിൽ ബൈക്കിൽ എത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കല്ലെറിഞ്ഞു തകർത്തു. ആർക്കും പരിക്കില്ല. പകല്‍ 1.30ന് പത്തനംതിട്ടയിൽനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ വിതുര ഡിപ്പോയിലെ ബസിന് കരവാളൂരില്‍ കല്ലേറുണ്ടായി.  സ്കൂട്ടറിലെത്തിയ  രണ്ടുപേർ കല്ലെറിയുകയായിരുന്നു മുൻ ഗ്ലാസ് തകർന്നു. ഗ്ലാസിന്റെ ഭാ​ഗം ഡ്രൈവറുടെ കണ്ണിൽ പതിച്ചു. ഡ്രൈവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. അപ്രതീക്ഷിത ഹർത്താലിൽ യാത്രക്കാർ വലഞ്ഞപ്പോൾ ഇതര സംസ്ഥാനത്തുനിന്ന് റെയിൽവേ സ്റ്റേഷനിലെത്തിയവർക്കുൾപ്പെടെ ആശ്വാസമായത് കെഎസ്ആർടിസിയാണ്. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. ഓട്ടോയും കുറച്ചുമാത്രമേ ഓടിയുള്ളൂ. അക്രമസാഹചര്യത്തിലും ജില്ലയിലെ 414 കെഎസ്ആർടിസി സർവീസുകളിൽ 220 എണ്ണവും സർവീസ് നടത്തി. ആര്യങ്കാവ് ഡിപ്പോയിലെ 11 സർവീസും മുടങ്ങാതെ നടന്നു. കൊല്ലം ഡിപ്പോയിൽ 74 സർവീസിൽ 20, കൊട്ടാരക്കരയിൽ 105ൽ 62, പുനലൂരിൽ 50ൽ 46,  ചടയമം​ഗലം 44ൽ 24, കുളത്തൂപ്പുഴ 25ൽ 23, ചാത്തന്നൂർ 42ൽ 15, കരുനാ​ഗപ്പള്ളിയിൽ 63ൽ 19 സർവീസും നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top