20 April Saturday

പ്ലസ് വൺ പ്രവേശനം 
തുടങ്ങി

സ്വന്തം ലേഖിക/സ്വന്തം ലേഖകന്‍Updated: Friday Sep 24, 2021

പ്ലസ്‌വൺ പരീക്ഷയ്‌ക്കു മുന്നോടിയായി ക്രിസ്‌തുരാജ്‌ ഹയർസെക്കൻഡറി 
സ്‌കൂൾ കോർപറേഷൻ ജീവനക്കാരൻ അണുവിമുക്തമാക്കുന്നു

കൊല്ലം

ജില്ലയിൽ പ്ലസ്‌ വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റിൽ 15,750 പേർ. പ്രവേശനം വ്യാഴാഴ്‌ച തുടങ്ങി. ശനി, 29, ഒക്‌ടോബർ ഒന്ന്‌ തീയതികളിൽ പ്രവേശനം തുടരും. 34,644 വിദ്യാർഥികളാണ്‌ പ്രവേശനത്തിന്‌ ഓൺലൈൻ അപേക്ഷ നൽകിയത്‌. സർക്കാർ, എയ്‌ഡഡ്‌, അൺഎയ്‌ഡഡ്‌, മേഖലകളിലായി ജില്ലയിൽ ആകെ 18,215 സീറ്റുണ്ട്‌. വിഎച്ച്‌എസ്‌ഇ, പോളിടെക്‌നിക്, ഐടിഐ, ഓപ്പൺ സ്‌കൂൾ എന്നിവിടങ്ങളിലും കുട്ടികൾക്ക്‌ തുടർപഠനത്തിന്‌ അവസരമുണ്ട്‌. 

ആദ്യ അലോട്ട്മെന്റിൽ ഒന്നാമത്തെ ഓപ്‌ഷൻ ലഭിച്ചവരാണ്‌ ഫീസടച്ച്‌ സ്ഥിരപ്രവേശനം നേടിത്തുടങ്ങിയത്‌. മറ്റ്‌ ഓപ്‌ഷനിൽ അലോട്ട്മെന്റ്‌  ലഭിക്കുന്നവർക്ക്‌ ഇഷ്ടാനുസരണം താൽക്കാലികമോ, സ്ഥിരമായ പ്രവേശനമോ നേടാം. ആദ്യം അനുവദിക്കപ്പെട്ട പ്രവേശന സമയത്ത്‌ ഹാജരാകാൻ സാധിക്കാത്തവർക്ക്‌ സ്‌കൂൾ പ്രിൻസിപ്പൽ നിർദേശിക്കുന്ന മറ്റൊരു സമയത്തെത്തി പ്രവേശനം നേടാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്‌. അലോട്ട്മെന്റ്‌ ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാത്തവരെ അടുത്ത അലോട്ട്മെന്റിനു പരിഗണിക്കില്ല.  10 വരെ പഠിച്ച സ്കൂളിൽ പ്ലസ്‌ വണ്ണിന്‌ അപേക്ഷിച്ചവർക്ക്‌ രണ്ട്‌ മാർക്കും നീന്തൽഅറിയാവുന്നവർക്ക്‌ മൂന്നുമാർക്കും പ്രവേശനത്തിന് ബോണസ്‌ മാർക്കുണ്ട്‌. ഈ ആനുകൂല്യം കിട്ടിയവർ അലോട്ട്മെന്റിൽ മുന്നിലെത്തി. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക്‌ രണ്ടാം അലോട്ട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റിലേക്ക്‌ സപ്ലിമെന്ററി അലോട്ട്മെന്റ്‌ നടത്തും.

 

 പരീക്ഷ ഇന്ന് തുടങ്ങും

കൊല്ലം

പ്ലസ് ടു വിദ്യാർഥികൾ പ്ലസ് വൺ പരീക്ഷയെഴുതാൻ വെള്ളിയാഴ്‌ച സ്കൂളിലെത്തും. കോവിഡ്‌ വില്ലനായതോടെ പ്ലസ് വൺ പ്രവേശനം നേടാൻ എത്തിയതൊഴിച്ചാൽ ആരും ക്ലാസിൽ ഇരുന്നിട്ടില്ല. ഇപ്പോൾ സുപ്രീംകോടതി അനുമതി നൽകിയതോടെ സ്കൂളുകൾ പരീക്ഷയ്ക്ക് ഒരുങ്ങി. 

ഒന്നാംവർഷ ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷയ്ക്ക്‌ എല്ലാ സ്കൂളിലും പരിസര ശുചീകരണവും ഹാളുകളിൽ അണുനശീകരണവും പൂർത്തിയാക്കി. മൈക്രോപ്ലാൻ തയ്യാറാക്കി കർശന ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ പരീക്ഷ. 27,578 വിദ്യാർഥികളാണ് പരീക്ഷയ്ക്ക്‌ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സർക്കാർ, എയ്ഡഡ് മേഖലയിൽ 134, വിഎച്ച്എസ്ഇക്ക്‌ 52 പരീക്ഷ കേന്ദ്രമാണുള്ളത്‌. കോവിഡ് ട്രീറ്റ്മെന്റ്‌ സെന്ററുകളായി പ്രവർത്തിക്കുന്ന അഞ്ചോളം സ്കൂളിലെ കേന്ദ്രം മറ്റ്‌ സ്കൂളിലേക്ക് മാറ്റി. 

വിദ്യാർഥികൾക്ക് ഒരു കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. സാനിറ്റൈസർ നൽകാനും ശരീരോഷ്മാവ് പരിശോധിക്കാനും സംവിധാനമുണ്ടാകും. യൂണിഫോം നിർബന്ധമില്ല. സ്കൂൾവളപ്പിൽ കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും മാസ്ക്  ധരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തും. പ്രവേശന കവാടത്തിൽ തന്നെ എക്സാം ഹാൾ ലേഔട്ട് പ്രദർശിപ്പിക്കും. ക്ലാസ്‌മുറിയിൽ പേന, കാൽക്കുലേറ്റർ എന്നിവയുടെ കൈമാറ്റം  അനുവദിക്കില്ല. സയൻസ്‌ വിഷയങ്ങളുടെ പരീക്ഷയാണ്‌ വെള്ളിയാഴ്‌ച തുടങ്ങുന്നത്‌. ചൊവ്വാഴ്‌ച ആരംഭിക്കുന്ന ഹ്യുമാനിറ്റീസ്‌ വിഷയങ്ങളുടെ പരീക്ഷയ്‌ക്ക്‌ വെള്ളിയാഴ്‌ച ഹാൾടിക്കറ്റ്‌ വിതരണം ചെയ്യും.  

കോവിഡ് ബാധിതർക്ക്  പ്രത്യേക മുറി

കോവിഡ് ബാധിച്ച വിദ്യാർഥികൾക്ക്‌ പരീക്ഷയെഴുതാൻ പ്രത്യേക മുറിയുണ്ടാകും. പോസിറ്റീവായവർ പരീക്ഷയ്ക്ക് ഹാജരാകുന്നത്‌ മുൻകൂട്ടി ആരോഗ്യപ്രവർത്തകരെ അറിയിക്കണം. വിദ്യാർഥികൾക്കും ഇൻവിജിലേറ്റർമാർക്കും പിപിഇ കിറ്റ് നൽകും. ശരീരോഷ്‌മാവ് കൂടുതലുള്ള വിദ്യാർഥികളും ക്വാറന്റൈനിലുള്ള വിദ്യാർഥികൾക്കും പ്രത്യേകം  മുറികൾ സജ്ജമാക്കി.

രാവിലെ 9.40 മുതൽ

പ്ലസ്‌ വൺ പരീക്ഷ രാവിലെ 9.40ന്‌ ആരംഭിക്കും. പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾക്ക് 12.30 വരെയാണ്‌ പരീക്ഷ.  ഉള്ളവയ്ക്ക് 12 വരെയും. വെള്ളിയാഴ്ച മുതൽ ഒക്ടോബർ 18 വരെയാണ് ഹയർസെക്കൻഡറി പരീക്ഷ. വെള്ളിയാഴ്ച തുടങ്ങുന്ന വിഎച്ച്എസ്ഇ പരീക്ഷ ഒക്ടോബർ 13ന് അവസാനിക്കും. ഓരോ പരീക്ഷയ്ക്കും ഇടയിൽ അഞ്ചു ദിവസമാണ് ഇടവേള.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top