27 April Saturday

തേയിലത്തോട്ടത്തിൽ കാട്ടാന ആക്രമണം: തൊഴിലാളിക്ക്‌ ഗുരുതര പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 
സോപാൽ

കൊല്ലം
ആര്യങ്കാവ് അരണ്ടൽ തേയിലത്തോട്ടത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് ഗുരുതരപരിക്ക്. ഒരാൾ ഓടി രക്ഷപ്പെട്ടു. ആനയുടെ കുത്തേറ്റ്‌ വാരിയെല്ല്‌ തകർന്ന ടി ആർ ആൻഡ് ടി അരണ്ടൽ ഡിവിഷനിലെ പ്ലംബിങ് തൊഴിലാളി സോപാലി (44)നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴം രാവിലെ ഒമ്പതിന് അരണ്ടൽ ഡിവിഷനിലെ 14 നമ്പർ ഫീൽഡിലായിരുന്നു സംഭവം. ഇവിടുള്ള വാട്ടർ ടാങ്കിൽനിന്ന് എസ്റ്റേറ്റ്‌ ഓഫീസിലേക്കുള്ള ലൈനിലേക്ക് വെള്ളം പോകാത്തതിനാൽ തകരാർ പരിഹരിക്കാൻ എത്തിയതായിരുന്നു സോപാലും സഹായി അലക്സാണ്ടറും. വാട്ടർ ടാങ്കിന്റെ സമീപം തേയിലത്തോട്ടത്തിലെ കാട്ടിനുള്ളിൽനിന്ന കൊമ്പൻ ഇരുവരുടെയും നേരെ പാഞ്ഞടുക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സോപാലിനെ കാട്ടാന തുമ്പിക്കൈകൊണ്ട്‌ ചുഴറ്റിയെറിഞ്ഞു. കമിഴ്‌ന്നുവീണ ഇയാളുടെ വയറ്റിൽ കൊമ്പുകൊണ്ട്‌ കുത്തി. വാരിയെല്ലിന്റെ പിൻഭാഗത്തുനിന്ന് കൊമ്പ് ആഴ്‌ന്നിറങ്ങി മറുവശത്തെത്തി. അലക്സാണ്ടർ വിവരം അറിയിച്ചതനുസരിച്ച് സമീപം ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലുറപ്പു തൊഴിലാളികൾ ഓടിയെത്തി സോപാലിനെ റോഡില്‍ എത്തിച്ചു. പകുതിവഴിവരെ ജീപ്പിലും പിന്നീട്‌ 108 ആംബുലൻസിലുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് ആര്യങ്കാവ് വനം റേഞ്ച് ഓഫീസർ എസ്‌ രാജേഷിന്റെ നേതൃത്വത്തിൽ അധികൃതർ അരണ്ടലിലെത്തി വിവരങ്ങൾ ശേഖരിച്ചു.
തോട്ടത്തിലെ കാട് 
വിനയായി
തോട്ടത്തിലെ കാട് തെളിക്കാത്തത്‌ വിനയായി. 13 ഹെക്ടറിലായി വ്യാപിച്ചു കിടക്കുന്ന തോട്ടത്തിൽ ആനയുടെ പൊക്കത്തേക്കാൾ വളർന്നു നിൽക്കുന്ന കാടുകൾ വെട്ടിത്തെളിക്കണമെന്ന്‌ നേരത്തെ തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നു. കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ നിന്നാൽ കാണാൻ സാധിക്കാത്ത സ്ഥിതിയിലാണ്‌ കാട്‌. സോപാലിനെ ആക്രമിച്ച ആനയും തോട്ടത്തിലെ കാടിനുള്ളിൽ നിൽക്കുകയായിരുന്നു. ഇവിടെ ശുദ്ധജല പൈപ്പ്‌ ആന തകർക്കുന്നത്‌ പതിവാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top