29 March Friday

അപകട ട്രാക്കിൽ 
ട്രാഫിക് വിഭാ​ഗം

സ്വന്തം ലേഖകൻUpdated: Tuesday Jan 24, 2023
കൊല്ലം
കൊല്ലം റെയിൽവേ സ്റ്റേഷനിലെ ട്രാഫിക് വിഭാ​ഗത്തിൽ ജീവനക്കാരുടെ കുറവും അധിക ജോലിഭാരവും പ്രതിസന്ധിയാകുന്നു. 34 പേർ ജോലി ചെയ്യേണ്ടിടത്ത് ആകെയുള്ളത് 24 പേരാണ്. ശബരിമല സീസണിൽ 200 സ്പെഷ്യൽ ട്രെയിൻ സർവീസ് കെെകാര്യം ചെയ്തപ്പോൾ ഒരാളെപ്പോലും കൂടുതലായി അനുവദിക്കാൻ അധികൃതർ തയ്യാറായില്ല.  ശനിയാഴ്ച രാത്രി ​ഗുഡ്സ് ട്രെയിൻ ട്രാക്ക് മാറിയെത്താൻ ഇടയാക്കിയതുപോലുള്ള അപകടകരമായ സാഹചര്യമാണ് ജീവനക്കാരുടെ കുറവ് സൃഷ്ടിക്കുന്നത്. 
രണ്ട് പോയിന്റ്സ്മാൻമാരും ഒരു ഷണ്ടിങ് മാസ്റ്ററും ഉൾപ്പെടെ ഒരു ഷിഫ്റ്റിൽ ഷണ്ടിങ് ജോലിക്കായി നിലവിൽ മൂന്നു ജീവനക്കാരാണുള്ളത്. വരുന്ന വണ്ടിക്ക് സി​ഗ്നൽ നൽകുക, പ്ലാറ്റ്ഫോം മാറ്റിയിടുക, സമയമാകുമ്പോൾ തിരിച്ചുകൊണ്ടിടുക, കോച്ചുകൾ റീ അറേഞ്ച് ചെയ്യുക തുടങ്ങിയ ജോലികളാണ് ഷണ്ടിങ് ഡ്യൂട്ടിയിലുള്ളത്. ദിവസവും രാത്രി ആറ്‌ മെമു ട്രെയിനുകളാണ് ഷെഡിലേക്കും തിരിച്ചും ഷണ്ടിംഗ് ചെയ്ത് വയ്ക്കേണ്ടത്. ഒരു ഷിഫ്റ്റിൽ അഞ്ചുപേർ ചെയ്യേണ്ട ഡ്യൂട്ടിയാണിതെന്ന് ജീവനക്കാർ പറയുന്നു. പലപ്പോഴും ലീവോ ഓഫോ എടുക്കാനാകാതെ ഓവർഡ്യൂട്ടി വരെയെടുത്താണ് നിലവിൽ മുന്നോട്ടുപോകുന്നത്. 
അസംതൃപ്തിയിൽ 
ജീവനക്കാർ
സാധാരണ ട്രെയിൻ സർവീസുകൾക്കു പുറമെ കൊല്ലത്തുനിന്നുള്ള മെമുവിന്റെ എണ്ണവും കൂടി. ചെങ്കോട്ട റൂട്ടിൽ കൂടുതൽ ട്രെയിൻ വന്നു. 34 പേർ തന്നെ തികയാത്ത സാഹചര്യത്തിലാണ് പത്തുപേരുടെ കുറവുമായി ട്രാഫിക് വിഭാ​ഗം പ്രവർത്തിക്കുന്നത്. ഇതിനിടെ ശബരിമല സീസണിൽ 200 സ്പെഷ്യൽ സർവീസാണ്‌ കൊല്ലത്തു കെെകാര്യം ചെയ്തത്. കൈവിട്ടുപോകുന്ന ജോലിഭാരമായിട്ടും ഒരാളെപ്പോലും അധികമായി നൽകാൻ റെയിൽവേ തയ്യാറായില്ല.   
ഈ ജോലിഭാരത്തിനിടെ ലോക്കോപൈലറ്റുമാർക്ക് കോഷൻ ഓർഡർ നൽകൽ, എൽവി ബോർഡ് സ്ഥാപിക്കൽ, ബിപിസി കൈമാറൽ, സ്കിഡ് സ്ഥാപിക്കൽ തുടങ്ങിയ ജോലികളും ചെയ്യേണ്ടിവരുന്നു. 
രാജ്യത്തുതന്നെ ഏറ്റവും നീളം കൂടിയ പ്ലാറ്റ് ഫോമുകളിലൊന്നാണ് കൊല്ലത്തേത്.  ഓരോ ഷിഫ്റ്റിലും ഇത്രയും ദൂരം നടന്ന് പലതലവണ മൂന്നാംനിലയുള്ള ആർആർഐ ക്യാബിനിലെത്തി കോഷൻ ഓർഡർ നേരിട്ട് കൈപ്പറ്റി തിരികെ വന്ന് ലോക്കോപൈലറ്റിനു നൽകണം.  ഇത് ആരോ​ഗ്യപ്രശ്നമുള്ള ജീവനക്കാർക്ക് കൂടുതൽ പ്രതിസന്ധിയാകുകയാണ്. ഡിജിറ്റൽ സൈൻ ചെയ്ത കോഷൻ ഉത്തരവ് എസ്എം ഓഫീസിൽനിന്ന് ലഭ്യമാക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂവെന്ന് ജീവനക്കാർ പറയുന്നു. 
പ്രതിസന്ധി ചൂണ്ടിക്കാട്ടി ജനറൽ മാനേജർക്കും സീനിയർ ഓപ്പറേറ്റിങ് മാനേജർമാർക്കും ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ - (സിഐടിയു)  നിവേദനം നൽകിയിരുന്നു. എന്നാൽ,  മണ്ഡലകാലത്ത് അടക്കം ഒരു ജീവനക്കാരനെപ്പോലും  അധികമായി വിന്യസിച്ചില്ല. അവധിയോ  വിശ്രമമോ അനുവദിക്കാതെ ജോലി എടുപ്പിച്ചതിൽ ജീവനക്കാർ കടുത്ത അസംതൃപ്തിയിലാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top