29 March Friday

പുറത്തിറങ്ങിയില്ല

സ്വന്തം ലേഖകൻUpdated: Monday Jan 24, 2022

ഞായർ ലോക്ഡൗണിനെ തുടർന്ന് വിജനമായ ചിന്നക്കട

കൊല്ലം
കോവിഡ് പ്രതിരോധത്തിനുള്ള  ലോക്ഡൗൺ സമാന ഞായർ നിയന്ത്രണത്തോട് പൂർണമായി സഹകരിച്ച് നാട്. നിയന്ത്രണങ്ങൾ പാലിച്ച് ആളുകൾ വീട്ടിലിരുന്നു.  വിവാഹ ആവശ്യങ്ങൾക്കും ആശുപത്രി ആവശ്യങ്ങൾക്കും മറ്റുമായി വളരെക്കുറച്ച് സ്വകാര്യ വാഹനങ്ങൾ മാത്രമേ നിരത്തിലിറങ്ങിയുള്ളൂ. 
നഗരത്തിലടക്കം പ്രധാന പാതകളെല്ലാം വിജനമായിരുന്നു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെയുള്ളവ അടഞ്ഞുകിടന്നു. കെഎസ്ആർടിസി സർവീസ് നടത്തി. തിരക്ക് കുറവായിരുന്നു. ചരക്കു ഗതാഗതം തടസ്സമില്ലാതെ നടന്നു. ട്രെയിൻ സർവീസുകൾ ഭൂരിഭാഗവും നേരത്തെ റദ്ദ് ചെയ്തതിനാൽ റെയിൽവേ സ്റ്റേഷനുകളിലും തിരക്കില്ലായിരുന്നു. റോഡുകളിൽ പ്രധാന ജങ്‌ഷനുകൾ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന നടത്തി. ഒരുഭാഗം ബാരിക്കേഡ് ഉപയോഗിച്ച് അടച്ച് വാഹനങ്ങൾ പരിശോധിച്ചു. ഹോട്ടലുകളും ബേക്കറികളും ഹോം ഡെലിവറിയും പാഴ്‌സൽ സർവീസും മാത്രമായി പ്രവർത്തിച്ചു. 
ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം എന്നിവ ലഭ്യമായി. ചരക്കുവാഹന ഗതാഗതം തടസ്സമില്ലാതെ നടന്നു.  അടിയന്തര അവശ്യ സേവനങ്ങൾക്കായി പ്രവർത്തിക്കുന്ന വ്യവസായസ്ഥാപനങ്ങൾ, കമ്പനികൾ, സംഘടനകൾ എന്നിവയ്ക്ക് ഇളവുണ്ടായിരുന്നു. വിവാഹം, നിശ്ചയം, മരണാനന്തര ചടങ്ങുകൾ, ഗൃഹപ്രവേശനം എന്നിവയ്ക്ക് പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി 20 പേരായി നിജപ്പെടുത്തിയിരുന്നു.
 
 
2667 പേർക്ക്‌ 
കോവിഡ്‌
കൊല്ലം
ജില്ലയിൽ ഞായറാഴ്ച 2667 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.  577 പേർ രോ​ഗമുക്തരായി. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ എല്ലാ താലൂക്കാശുപത്രികളിലും 24 മണിക്കൂർ കോവിഡ് ചികിത്സ നൽകാൻ തീരുമാനമായി. പനി ക്ലിനിക്കും തുടങ്ങും. പനിയുള്ളവർക്കും മറ്റു രോ​ഗങ്ങളുള്ളവർക്കും കോവിഡ് പരിശോധനയ്‌ക്ക്‌ മുൻ​ഗണന നൽകും. നെടുങ്ങോലം, നീണ്ടകര താലൂക്കാശുപത്രികൾ കോവിഡ് രണ്ടാംതല ചികിത്സാകേന്ദ്രമായി പ്രവർത്തിക്കും.
ഇതുവരെ 4,38,003 പേർക്കാണ്‌ ജില്ലയിൽ കോവിഡ്‌ ബാധിച്ചത്‌. നിലവിൽ 15,129 പേരാണ്‌ ചികിത്സയിലുള്ളത്‌. 
കോവിഡ്‌ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കണക്കാക്കി ജില്ല എ കാറ്റഗറിയിലാണ്‌.
 
 
പ്രതിരോധത്തിന് 
സന്നദ്ധസംഘടനകളും
കൊല്ലം
 ജനത്തിരക്കേറിയ പ്രദേശങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സന്നദ്ധസംഘടനകളെ പ്രയോജനപ്പെടുത്തുമെന്ന് കലക്ടർ അഫ്സാനാ പർവീൺ. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പരിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സന്നദ്ധസംഘടനകളിൽനിന്ന്‌ വളന്റിയർമാരെ നിയമിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ ആവശ്യപ്രകാരമാണ് നടപടി.
സിവിൽ ഡിഫൻസ്, ട്രാക്ക്, എഫ്സിഡിപി, പൊലീസ് വളന്റിയർ, പാലിയേറ്റീവ് കെയർ, റെഡ്ക്രോസ് എന്നിവയിലുള്ളവരെയാണ്‌ നിയോഗിക്കുന്നത്‌.  വരുംദിവസങ്ങളിൽ കൂടുതൽ അംഗങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകും. ശനി, ഞായർ  ദിവസങ്ങളിൽ കൊല്ലം ബീച്ചിലും മറ്റു തിരക്കേറിയ ഭാഗങ്ങളിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സെക്ടറൽ മജിസ്ട്രേട്ടുമാർക്കൊപ്പം വളന്റിയർമാർ പ്രവർത്തിക്കും. താലൂക്ക് തലത്തിൽ റവന്യു, പൊലീസ്, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളെ ഉൾപ്പെടുത്തി സ്ക്വാഡുകളുണ്ട്‌. 
തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ ജനങ്ങളെ ബോധവൽക്കരിക്കാൻ പരമാവധി വാഹനങ്ങളിൽ അനൗൺസ്‌മെന്റ് നടത്തുമെന്നും- കലക്ടർ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top