20 April Saturday

ചരക്കുകപ്പൽ വീണ്ടും 
കൊല്ലം തുറമുഖത്തേക്ക്

സ്വന്തം ലേഖകൻUpdated: Monday Jan 24, 2022
കൊല്ലം 
കൊച്ചിയിൽനിന്ന്‌ കൊല്ലം തുറമുഖത്തേക്ക് വീണ്ടും ചരക്കുകപ്പൽ എത്തുന്നു. ഫുഡ് കോർപറേഷൻ ഒഫ് ഇന്ത്യയ്ക്കായി 45 കണ്ടെയ്നർ ഭക്ഷ്യധാന്യവുമായി ചൗഗ്‌ലെ –- 8 ചരക്കുകപ്പൽ ഈ മാസം അവസാനത്തോടെ എത്തുമെന്ന് അധികൃതർ അറിയിച്ചു. ഗ്രീൻ ഫ്രെയിറ്റ് കോറിഡോർ –- രണ്ട്‌ പദ്ധതിയിൽ കേരള മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ കൊച്ചി –- ബേപ്പൂർ തുറമുഖങ്ങളെ ബന്ധിച്ചുള്ള ചരക്ക് കപ്പൽ സർവീസിന്റെ ഭാ​ഗമായാണ് കപ്പൽ എത്തുന്നത്.  മറ്റൊരു കപ്പൽ കൂടി ഈ മാസം തന്നെ സർവീസ് നടത്താനുള്ള ശ്രമം നടക്കുന്നുണ്ട്. 
ആദ്യ കപ്പൽ സെപ്തംബറിലാണ് കൊല്ലത്ത് എത്തിയത്. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ തന്നെ ഭക്ഷ്യധാന്യമടങ്ങിയ 47 കണ്ടെയ്നറാണ്‌ ആദ്യ കപ്പലിൽ എത്തിയത്‌. തുറമുഖ മന്ത്രി അഹമ്മദ്‌ ദേവർകോവിലാണ് ആദ്യയാത്ര ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തത്. ആഴ്ചയിൽ രണ്ടു സർവീസ്‌ നടത്താനാണ് ലക്ഷ്യമിട്ടതെങ്കിലും  മടക്കയാത്രയിൽ ചരക്ക് കൊണ്ടുപോകാനുള്ള പിന്തുണ വ്യവസായികളിൽനിന്നു ലഭിക്കാത്തതാണ് കപ്പൽ സർവീസ് വൈകുന്നതിനു പിന്നിൽ. വ്യവസായികളുടെ പിന്തുണ ഉറപ്പാക്കാനായി ട്രേഡ് മീറ്റ് നടത്തിയിരുന്നു. ടൈൽസ്, സിമന്റ് തുടങ്ങിയ നിർമാണസാമ​ഗ്രികൾ കൊല്ലത്ത്‌ എത്തിച്ച് സമീപ ജില്ലകളിലേക്ക്‌ റോഡ് മാർ​ഗം കൊണ്ടുപോകാനും ലക്ഷ്യമിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ മാരിടൈം ബോർഡ‍് നടത്തുകയാണ്. 
കൊച്ചി –- ബേപ്പൂർ അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള തീരദേശ ചരക്കുകപ്പൽ സർവീസ് ജൂലൈ 27നാണ് ആരംഭിച്ചത്. കൊല്ലത്തുനിന്ന്‌ വിഴിഞ്ഞത്തേക്കുകൂടി നീട്ടാനും പദ്ധതിയുണ്ട്. കൊല്ലത്തുനിന്ന്  ലക്ഷദ്വീപിലേക്ക് യാത്രക്കപ്പൽ ആരംഭിക്കുന്നതും സജീവ പരി​ഗണനയിലാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top