19 December Friday

കൊല്ലം തീരത്ത്‌ 
മത്സ്യലഭ്യതയിൽ വൻവർധന

സ്വന്തം ലേഖികUpdated: Saturday Sep 23, 2023
കൊല്ലം
കൊല്ലം തീരത്ത്‌ മത്സ്യലഭ്യതയിൽ വൻവർധനയെന്ന്‌ കണക്കുകൾ. കഴിഞ്ഞ വർഷത്തേക്കാൾ 32063 ടൺ അധിക മത്സ്യമാണ് ഇത്തവണ ലഭിച്ചത്. 2022 ഏപ്രിൽ മുതൽ 2023 മാർച്ച്‌ വരെ 14.33 ലക്ഷം മെട്രിക്‌ടൺ  മത്സ്യം ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 11.13 ലക്ഷം മെട്രിക് ടണ്ണായിരുന്നു. കേന്ദ്ര സമുദ്ര മത്സ്യഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക സഹായത്തോടെ ഫിഷറീസ്‌ വകുപ്പ്‌ നടത്തിയ സർവേയിലാണ്‌ കണ്ടെത്തൽ. 
നീണ്ടകരയിലാണ് ഏറ്റവും കൂടുതൽ മത്സ്യം എത്തിച്ചത്‌. മത്സ്യസമ്പത്തിന്റെ സുസ്ഥിര നിലനിൽപ്പിനും പരിപാലനത്തിനുമായി സമുദ്രമേഖലയിൽ സർക്കാർ സ്വീകരിച്ച കർശന നടപടിയാണ്‌  വർധനയ്‌ക്ക്‌ സഹായിച്ചതെന്ന് ഫിഷറീസ്‌ അധികൃതർ പറയുന്നു. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണനിയമം (കെഎംഎഫ്‌ആർഎ) ഭേദഗതിയിലൂടെ കേരളതീരത്ത്‌ സുലഭമായ 58 ഇനം മത്സ്യം പിടിക്കുന്നതിനുള്ള മിനിമം ലീഗൽ സൈസ്‌ നിശ്‌ചയിച്ചിരുന്നു. വലകളുടെ കോഡ്‌ എൻഡിൽ സ്‌ക്വയർ മെഷ്‌ നിർബന്ധമാക്കിയതും ചെറുമീനുകളെ പിടികൂടുന്നവർക്ക്‌ 5000 മുതൽ രണ്ടരലക്ഷം രൂപവരെ പിഴ ഏർപ്പെടുത്തിയതും ഫലംകണ്ടു. 
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന്‌ കേരളതീരം വിട്ട നെയ്‌ചാളയും അയലയും  സുലഭമായതായും  സർവേ ചൂണ്ടിക്കാട്ടുന്നു. 390 ടൺ നെയ്‌ചാള മാത്രമായിരുന്നു 2021–-22ൽ ലഭിച്ചത്‌. കഴിഞ്ഞ വർഷം  14038 ടണ്ണായി. നെയ്‌ചാള,  അയല, വറ്റ, പരവ, നെത്തോലി തുടങ്ങിയ ഉപരിതല മത്സ്യമാണ്‌ കൂടുതൽ ലഭിച്ചത്‌. കയറ്റുമതി പ്രാധാന്യമുള്ള കണവയിലും ചൂരയിലും നെയ്‌മീനിലും  വൻവർധന രേഖപ്പെടുത്തി. അയലയുടെ ലഭ്യത 5575 ടണ്ണിൽനിന്ന്‌ 20024  ടണ്ണായി.  കണവ ലഭ്യത 9072 ടണ്ണിൽ നിന്ന്‌ 1243ടണ്ണായി.   നെത്തോലി 11931 (15142), ചൂര 5939 (2348), കണവ 12439 (9072), വാള 3630 (1670), ചൂര 5939 (2348) എന്നിങ്ങനെയാണ്‌ കണക്ക്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top