കൊല്ലം
കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾ തുറന്നുകാട്ടിയുള്ള സിപിഐ എം നിയമസഭാ മണ്ഡലം രാഷ്ട്രീയ കാൽനട പ്രചാരണ ജാഥകൾ ശനിയാഴ്ച ആറു മണ്ഡലത്തിൽ തുടങ്ങും. ചവറ, കുണ്ടറ, ഇരവിപുരം, ചാത്തന്നൂർ, കുന്നത്തൂർ, പത്തനാപുരം മണ്ഡലം ജാഥകളാണ് തുടങ്ങുന്നത്. കുണ്ടറ മണ്ഡലത്തിലെ ജാഥ മുക്കടയിൽ രാവിലെ 10ന് കേന്ദ്രകമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യും. ചവറ മണ്ഡലത്തിലെ ജാഥ രാമൻകുളങ്ങരയിൽ വൈകിട്ട് അഞ്ചിന് സംസ്ഥാനകമ്മിറ്റി അംഗം കെ വരദരാജൻ ഉദ്ഘാടനംചെയ്യും. ഇരവിപുരം മണ്ഡലത്തിലെ ജാഥ റിസർവ് ക്യാമ്പ് ജങ്ഷനിൽ സംസ്ഥാന കമ്മിറ്റി അംഗം എം എച്ച് ഷാരിയർ രാവിലെ ഒമ്പതിന് ഉദ്ഘാടനംചെയ്യും. ചാത്തന്നൂർ മിയ്യണ്ണൂരിൽ സംസ്ഥാനകമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ വൈകിട്ട് അഞ്ചിന് ഉദ്ഘാടനംചെയ്യും. കുന്നത്തൂർ മൈനാഗപ്പള്ളിയിൽ രാവിലെ ഒമ്പതിന് സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടിയും പത്തനാപുരം മാങ്കോട് സംസ്ഥാന കമ്മിറ്റി അംഗം പി രാജേന്ദ്രൻ വൈകിട്ട് അഞ്ചിനും ഉദ്ഘാടനംചെയ്യും.
വ്യാഴാഴ്ച ചടയമംഗലം, കരുനാഗപ്പള്ളി മണ്ഡലം ജാഥകൾ തുടങ്ങി. സംസ്ഥാനത്തിന്റെ വികസനവും ക്ഷേമപ്രവർത്തനങ്ങളും മുടക്കുന്ന കേന്ദ്രനയം തിരുത്തുക, സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക, കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ സൃഷ്ടിക്കുന്ന വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കുക, യുഡിഎഫ് എംപിമാർ ബിജെപിയെ കൂട്ടുപിടിച്ചു നടത്തുന്ന കേരളവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ജാഥ. 11 മണ്ഡലത്തിലായി 12 ജാഥകൾ പര്യടനം നടത്തും. ജില്ലയിൽ 600 കേന്ദ്രത്തിൽ സ്വീകരണമേറ്റുവാങ്ങും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..