എഴുകോൺ
അരനൂറ്റാണ്ടോളം പഴക്കമുള്ള നെടുമൺകാവ് ശാസ്താംകടവ് പാലം പൊളിച്ച് പുതിയത് നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ 4.34 കോടി രൂപ അനുവദിച്ച് ഭരണാനുമതിയായി. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ശ്രമഫലമായാണ് പുതിയ പാലത്തിനു തുക അനുവദിച്ചത്. ഇത്തിക്കരയാറിന്റെ പ്രധാന പോഷക നദിയായ നെടുമൺകാവ് ആറിന് കുറുകെയുള്ള പാലം വെളിയം -കരീപ്ര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ്. പാലത്തിന്റെ സ്പാനുകളുടെ കോൺക്രീറ്റ് ഇളകിത്തുടങ്ങിയിരുന്നു. കൈവരിയും തകർന്നിരുന്നു. പുതിയ പാലം നിർമിക്കണമെന്നത് നാട്ടുകാരുടെ ദീർഘകാല ആവശ്യമായിരുന്നു. 12.5 മീറ്റര്‍ നീളത്തില്‍ മൂന്ന് സ്പാനുകളും 7.5 മീറ്റര്‍ ക്യാരിയേജ് വീതിയും രണ്ടുവശങ്ങളിലും 1.5 മീറ്റര്‍ വീതിയില്‍ കാല്‍നടയാത്രാ സൗകര്യവും പുതിയ പാലത്തിനുണ്ടാകും. 38.4 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുള്ളതുമാണ് പാലം. ഇരുഭാഗങ്ങളിലും മതിയായ ഡ്രെയിനേജ് സൗകര്യവും സജ്ജമാക്കും. തുടർ നടപടികൾ പൂർത്തിയാക്കി പാലം നിർമാണം ഉടൻ ആരംഭിക്കുന്നതിന് അധികൃതര്‍ക്ക് മന്ത്രി കെ എൻ ബാലഗോപാൽ നിര്‍ദേശം നല്‍കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..