20 April Saturday
ദേശീയപാത 66

കുതിക്കാം; തടസ്സങ്ങളില്ലാതെ

സ്വന്തം ലേഖകൻUpdated: Tuesday May 23, 2023
കൊല്ലം
ദേശീയപാത 66 ആറുവരിപ്പാതയായി വികസിപ്പിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ജില്ലയിൽ മിന്നൽ വേഗത്തിൽ. ജലാശയങ്ങൾക്കുമേൽ പാലം, അടിപ്പാത, മേൽപ്പാലം എന്നിവയുടെ നിർമാണം പൈലിങ് പൂർത്തീകരിച്ച്‌ അടുത്ത ഘട്ടത്തിലേക്ക്‌ കടന്നു. ദേശീയ ജലപാതയ്‌ക്കുമേൽ ചവറയിൽ മാത്രമാണ്‌ പുതിയ പാലം നിർമാണം ആരംഭിക്കാത്തത്‌. പള്ളിക്കലാറിന്റെ കുറുകെ കന്നേറ്റി, അറബിക്കടലും അഷ്ടമുടിക്കായലും സംഗമിക്കുന്ന നീണ്ടകര, ഇത്തിക്കരയാറിനു കുറുകെ ഇത്തിക്കര, ബൈപാസിൽ അഷ്ടമുടിക്കായലിനു കുറുകെ കടവൂർ, നീരാവിൽ, മങ്ങാട്‌ എന്നിവിടങ്ങളിലാണ്‌ പുതിയ പാലം നിർമിക്കേണ്ടത്‌. കന്നേറ്റിയിലും നീണ്ടകരയിലും നിലവിലെ പാലത്തിനു സമാന്തരമായി ഇരുവശത്തായി രണ്ടുപാലം വീതവും ചവറയിലും ഇത്തിക്കരയിലും നിലവിലെ പാലം നിലനിർത്തി ഓരോ പാലവുമാണ്‌ നിർമിക്കുക. അയത്തിൽ, കൊട്ടിയം, കാവനാട്‌, ഉമയനല്ലൂർ, പാരിപ്പള്ളി, കരുനാഗപ്പള്ളി, ചങ്ങൻകുളങ്ങര എന്നിവിടങ്ങളിലാണ്‌ മേൽപ്പാലം വരുന്നത്‌. ഇവിടങ്ങളിൽ നിർമാണം പുരോഗതിയിലാണ്‌. ഇതിൽ കരുനാഗപ്പള്ളിയിൽ എലിവേറ്റഡ്‌ ഹൈവേയാണ്‌ നിർമിക്കുന്നത്‌. 
ഓട നിർമാണവും വൈദ്യുതപോസ്റ്റുകളും കേബിളും മാറ്റിസ്ഥാപിക്കുന്ന യൂട്ടിലിറ്റി കോറിഡോർ നിർമാണവും പൂർത്തിയായി. ജില്ലയിൽ ഓച്ചിറ മുതൽ കടമ്പാട്ടുകോണംവരെ മൂന്നും നാലും റീച്ചുകളായാണ്‌ നിർമാണം. ഇവിടെ ഏഴുമീറ്ററിൽ സർവീസ്‌ റോഡ്‌ ഏതാണ്ട്‌ യാഥാർഥ്യമായിക്കഴിഞ്ഞു. മൂന്നാമത്തെ റീച്ചിലാണ്‌ ആറുവരിപ്പാത ടാറിങ്‌ ആദ്യം തുടങ്ങിയത്‌. നാലാം റീച്ചിൽ ചാത്തന്നൂർ, കൊട്ടിയം, പാരിപ്പള്ളി എന്നിവിടങ്ങളിലും ആറുവരിപ്പാതയുടെ ടാറിങ്‌ പുരോഗമിക്കുന്നു. കൊട്ടിയത്ത്‌ അടിപ്പാത നിർമാണവും അതിവേഗത്തിലാണ്‌. അയത്തിൽ അടിപ്പാത നിർമാണത്തിനുള്ള പൈലിങ്‌ തുടങ്ങി. ചാത്തന്നൂരിൽ ടോൾ പ്ലാസ സ്ഥാപിക്കാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്‌. അതിനിടെ നഷ്ടപരിഹാരം ഈടാക്കി മാസങ്ങൾ കഴിഞ്ഞിട്ടും നീണ്ടകരയിൽ ചില സ്ഥാപനങ്ങൾ സ്ഥലത്തുനിന്ന്‌ കെട്ടിടങ്ങളും നിർമിതികളും ഒഴിവാക്കിക്കൊടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top