26 April Friday

വീടുകളില്‍ മഴവെള്ള സംഭരണി അനിവാര്യം: മന്ത്രി ജെ ചിഞ്ചുറാണി

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023

മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെ ജലബജറ്റ് മന്ത്രി ചിഞ്ചുറാണി പഞ്ചായത്ത് പ്രസിഡന്റുമാർക്ക് കെെമാറുന്നു

കൊല്ലം
വീടുകളിൽ മഴവെള്ള സംഭരണി നിർമിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി. നവകേരളം കർമപദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെയും തദ്ദേശഭരണ വകുപ്പിന്റെയും ഹരിതകേരളം മിഷന്റെയും മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ തയ്യാറാക്കിയ ജലബജറ്റ്  പഞ്ചായത്ത്  പ്രസിഡന്റുമാർക്ക് കൈമാറുകയായിരുന്നു മന്ത്രി. 
വേനൽക്കാലത്തെ ജലക്ഷാമം ശാസ്ത്രീയമായി പരിഹരിക്കുന്നതിനാണ് ജലബജറ്റ്. രാജ്യത്തുതന്നെ ആദ്യമായാണ് ഒരു സംസ്ഥാനം എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ജലബജറ്റ് തയ്യാറാക്കുന്നതെന്ന്‌ മന്ത്രി പറഞ്ഞു. മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ അഞ്ച് പഞ്ചായത്തുകളിലായി 10 ഫാംകുളങ്ങളുടെ നിർമാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.
പിഎംഎവൈ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ നാല് ആർഎംടി  വീടുകളുടെ താക്കോൽദാനം എം നൗഷാദ് എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ, വൈസ് പ്രസിഡന്റ് എച്ച് ഹുസൈൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എൽ ജലജകുമാരി, ജെ ഷാഹിദ, എസ് ഗിരിജകുമാരി, ആർ ദേവദാസ്, റെജി കല്ലംവിള, ജില്ലാ പഞ്ചായത്ത് അംഗം എസ് സെൽവി തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിൽ ആദ്യ ജലബജറ്റ് 
ജില്ലയിൽ ജലബജറ്റ് തയ്യാറാക്കിയ ആദ്യ തദ്ദേശ സ്ഥാപനമാണ് മുഖത്തല ബ്ലോക്ക് പഞ്ചായത്ത്. രണ്ടാം ഘട്ടത്തിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പദ്ധതി ആവിഷ്‌കരിക്കും. ജലലഭ്യത വർധിപ്പിക്കുന്നതിനും ഉപയോഗം ക്രമപ്പെടുത്തുന്നതിനും ശാസ്ത്രീയ അടിത്തറയോടെ ജനകീയ പ്രവർത്തനമാണ് ലക്ഷ്യം. മഴവെള്ള ലഭ്യത, വിവിധ ജലസ്രോതസ്സുകൾ, മഴവെള്ള സംഭരണം, കിണറുകളും കുഴൽക്കിണറുകളും, ഭൂവിനിയോഗം, വിവിധതരം ജലവിതരണം, കൃഷി, ജലസേചന രീതികൾ തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top