21 May Saturday

ആരോ​ഗ്യപ്രവര്‍ത്തകരിലെ 
വ്യാപനം ആശങ്ക

സ്വന്തം ലേഖകൻUpdated: Sunday Jan 23, 2022

കോവിഡ് പ്രതിരോധ വാക്സിൻ നൽകുന്ന ആരോ​ഗ്യപ്രവർത്തക

കൊല്ലം
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ആരോ​ഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ കോവിഡ് ബാധിക്കുന്നത് ആശങ്കയാകുന്നു. ഒരാഴ്ചയ്ക്കിടെ 145 ആരോ​ഗ്യപ്രവർത്തകർക്കാണ് രോ​ഗംസ്ഥിരീകരിച്ചത്. 
ശനിയാഴ്ച ജില്ലയിൽ  24 ആരോഗ്യപ്രവർത്തകർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച 27 പേർക്കും. വ്യാഴം 15, ബുധൻ 25, ചൊവ്വ 22, തിങ്കൾ 19, ഞായർ 13 എന്നിങ്ങനെയാണ് ഒരാഴ്ചയ്ക്കിടെ കോവിഡ് ബാധിച്ച ആരോ​ഗ്യപ്രവർത്തകരുടെ എണ്ണം. ഈ മാസം ഇതുവരെ 243 ആരോഗ്യപ്രവർത്തകർക്ക്‌ കോവിഡ്‌ ബാധിച്ചു. 
സ്വകാര്യമേഖലയെ 
ഉപയോഗപ്പെടുത്തും
ജില്ലയിൽ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്കായി സ്വകാര്യമേഖലയിലെ ആരോ​ഗ്യപ്രവർത്തകരുടെ സേവനം വിനിയോഗിക്കും. രണ്ട് സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം ഹൗസ് സർജന്മാർ, സ്വകാര്യ നഴ്‌സിങ്‌ സ്‌കൂളുകളിലെ മൂന്നാം വർഷ വിദ്യാർഥികൾ എന്നിവരുടെ സേവനമാണ് അധികമായി പ്രയോജനപ്പെടുത്തുക. 
സംഘത്തിന്റെ ഏകോപനത്തിന്‌ ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തിയെന്ന്  കലക്ടർ അഫ്‌സാന പർവീൺ അറിയിച്ചു.  ഇവര്‍ക്ക് പരിശീലനം നൽകും.
ഇന്നലെ 2882 പേർക്ക് 
കോവിഡ്    
 ജില്ലയിൽ ശനിയാഴ്ച  2882 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3080 പേർ രോഗമുക്തി നേടി. കൊല്ലം കോർപറേഷനിൽ 698 പേർക്ക് രോഗം സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റികളിൽ പുനലൂർ- 183, കരുനാഗപ്പള്ളി- 83, കൊട്ടാരക്കര -58, പരവൂർ -39 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. 
പഞ്ചായത്തുകളിൽ പത്തനാപുരം 79, മയ്യനാട് -59, തെന്മല- 58, നെടുമ്പന -56, ഇളമാട്, ശാസ്താംകോട്ട 46 വീതവും എരൂർ, കടയ്ക്കൽ  45 വീതവും കുണ്ടറ -39, ഉമ്മന്നൂർ, കല്ലുവാതുക്കൽ 37 വീതവും കരവാളൂർ- 36, ആദിച്ചനല്ലൂർ, ഇടമുളയ്ക്കൽ  34 വീതവും ഇളമ്പള്ളൂർ- 33, കുളക്കട, ചവറ, ചിതറ 32 വീതവും തഴവ- 31, ഇട്ടിവ, കുളത്തൂപ്പുഴ, ചടയമംഗലം, പവിത്രേശ്വരം 30 വീതവും തൃക്കരുവ, കുലശേഖരപുരം, തലവൂർ 29 വീതവും പന്മന -28, ആലപ്പാട്, കുന്നത്തൂർ 27 വീതവും ചാത്തന്നൂർ, പോരുവഴി  26 വീതവും അലയമൺ - 25, തൊടിയൂർ, നെടുവത്തൂർ 24 വീതവും പെരിനാട്, പിറവന്തൂർ, ശൂരനാട് വടക്ക്  23 വീതവും കരീപ്ര -22, കൊറ്റങ്കര, തൃക്കോവിൽവട്ടം, തേവലക്കര, പൂതക്കുളം  20 വീതവുമാണ്‌ രോഗബാധിതർ. 
മറ്റിടങ്ങളിൽ പത്തൊൻപതും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം. നിലവിൽ ജില്ല എ കാറ്റഗറിയിലാണ്.
 
പിന്തുണ ഉറപ്പുനൽകി 
സ്വകാര്യ ആശുപത്രികള്‍
കൊല്ലം
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചികിത്സാ സൗകര്യം ഒരുക്കി ജില്ലയിലെ സ്വകാര്യ ആശുപത്രികളും സഹകരിക്കുമെന്ന് കലക്ടർ അഫ്‌സാന പർവീൺ. മാനേജ്‌മെന്റ്‌ പ്രതിനിധികളുമായും നോഡൽ ഓഫീസർമാരുമായും നടത്തിയ ഓൺലൈൻ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ആശുപത്രികളിലെ തീവ്രപരിചരണ സംവിധാനം, ഓക്‌സിജൻ ബെഡ്‌, മറ്റു കിടത്തി ചികിത്സയ്ക്കുള്ള സംവിധാനം എന്നിവയുടെ നിശ്ചിത എണ്ണം തുടക്കത്തിലും ആവശ്യാനുസരണം കൂടുതൽ എണ്ണവും ലഭ്യമാക്കുന്നതിന് നിർദേശം നൽകി.
കോവിഡ് ജാഗ്രതാ പോർട്ടലിൽ നിത്യേന രോഗികളുടെ എണ്ണം, ഒഴിവുള്ള കിടക്കകളുടേയും ഐസി, വെന്റിലേറ്റർ എന്നിവയുടേയും വിവരം കൃത്യമായും രേഖപ്പെടുത്തണം. വീഴ്ച വരുത്തുന്നത് ഗൗരവമായി കാണും. രോഗവ്യാപന നിയന്ത്രണ രീതികളും സംവിധാനവും നിരീക്ഷിച്ച് വിവരം കൈമാറുന്നതിനുള്ള പ്രത്യേക സംഘവും പ്രവർത്തിക്കണം. വരുന്ന മൂന്ന് ആഴ്ച നിർണായകമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ പിന്തുണ അനിവാര്യതയാണ്.  
ഓക്സിജന്റെ ലഭ്യതാ വിവരവും ദിവസേന കോവിഡ് ജാഗ്രതാ പോർട്ടലിൽ ഉൾപ്പെടുത്തണം. 24 മണിക്കൂറും സേവന സന്നദ്ധമായ നിലയിൽ സ്വകാര്യ ആശുപത്രികളുടെ സഹകരണമാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യ വിദഗ്ധർ, നഴ്‌സിങ്‌ വിദ്യാർഥികൾ തുടങ്ങിയവരുടെ സേവനവും സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനത്തിന് പിന്തുണയേകാൻ വിട്ടുനൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. ജില്ലാഭരണകൂടത്തിന്റെ പ്രവർത്തനവുമായി സഹകരിക്കുമെന്ന് വിവിധ ആശുപത്രികളുടെ പ്രതിനിധികൾ വ്യക്തമാക്കി. ഡിഎംഒ ബിന്ദു മോഹൻ, ഡിപിഎം ദേവ്കിരൺ തുടങ്ങിയവർ പങ്കെടുത്തു.
 
പനി ബാധിതര്‍ അതീവ ജാഗ്രത പുലര്‍ത്തണം
കൊല്ലം
പനി, -ശ്വസനേന്ദ്രീയ രോഗബാധിതർ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ കോവിഡിന്റെ പ്രാഥമിക ലക്ഷണമുള്ളവർ പൊതുഇടങ്ങളിൽ സമ്പർക്കത്തിൽ ഏർപ്പെടരുത്. യാത്രയും പാടില്ല. ആദ്യം ആന്റിജൻ പരിശോധനയും നെഗറ്റീവായാൽ ആർടിപിസിആർ പരിശോധനയും നടത്തണം. പരിശോധനാ ഫലം വരുംവരെ വീട്ടിൽ കഴിയണം. ജോലിയുള്ളവർ ഇക്കാലയളവിൽ വീട്ടിൽനിന്ന് പ്രവർത്തിക്കണം.
ആശുപത്രികളിലെ തീവ്രപരിചരണ കിടക്കളിലെ രോഗികളുടെ എണ്ണവും രോഗതീവ്രതയുടെ അനുപാതവുമാണ് വ്യാപനതോത് നിർണയിക്കാൻ മാനദണ്ഡമാക്കുക. ക്ലസ്റ്ററുകൾ രൂപപ്പെടുന്ന മേഖലകളിൽ കണ്ടെയ്‌ൻമെന്റ് നിയന്ത്രണം ആവശ്യമെങ്കിൽ നടപ്പിലാക്കും. കോവിഡ് രോഗികളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെട്ടവർ മാത്രം സ്വാബ് പരിശോധന നടത്തിയാൽ മതിയെന്ന് ഡിഎംഒ നിർദേശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top