04 May Saturday

കോവിഡ്‌ ചതിച്ചു; യാന പരിശോധന നീട്ടി

സ്വന്തം ലേഖകൻUpdated: Sunday Jan 23, 2022
കൊല്ലം
പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക്‌ സബ്‌സിഡി മണ്ണെണ്ണ പെർമിറ്റിന്‌ കോവിഡ്‌ വ്യാപനം തടസ്സമായി. അപേക്ഷകളിൽ ഫിഷറീസ്‌ വകുപ്പ്‌, മത്സ്യഫെഡ്‌, സിവിൽ സപ്ലൈസ്‌ സംയുക്ത പരിശോധന മാറ്റിവച്ചു. സംസ്ഥാനത്ത്‌ മത്സ്യഗ്രാമങ്ങളിൽ ഒറ്റദിവസംകൊണ്ട്‌ പരിശോധന നടത്താനാണ്‌ നിശ്ചയിച്ചിരുന്നത്‌. കൊല്ലം ജില്ലയിൽ തീരദേശമേഖലകളിൽ 17 കേന്ദ്രങ്ങളിൽ പരിശോധന തീരുമാനിച്ചിരുന്നു. 
ജില്ലയിൽ മണ്ണെണ്ണ പെർമിറ്റിന്‌ 1146 യാനങ്ങളുടെ അപേക്ഷ ഫിഷറീസ്‌ വകുപ്പിന്‌ ലഭിച്ചു. ഒരു യാനത്തിന്‌ രജിസ്‌ട്രേഷൻ അനുസരിച്ച്‌ ഒന്നുമുതൽ രണ്ട്‌ എൻജിൻ വരെയും അംഗീകൃത ‘തട്ടുമടി’ യാനങ്ങൾക്ക്‌ നാല്‌ എൻജിൻ വരെയും ആണ്‌ മണ്ണെണ്ണ പെർമിറ്റ്‌ അനുവദിക്കുക. തട്ടുമടിക്ക്‌ 30 അപേക്ഷ മാത്രമാണുള്ളത്‌. പ്രാഥമിക പരിശോധന നടത്തിയ അപേക്ഷകൾ ഫിഷറീസിന്റെ സെൽഫ്‌ വെബ്‌സൈറ്റിൽ അപ്‌ലോഡ്‌ ചെയ്‌തിട്ടുണ്ട്‌. റിയൽക്രാഫ്‌റ്റ്‌ വെബ്‌സൈറ്റിൽ രജിസ്‌റ്റർചെയ്‌ത വള്ളങ്ങളുടെ 2012 ജനുവരി 15ന്‌ ശേഷമുള്ള എൻജിനുകളാണ്‌ പെർമിറ്റിന്‌ പരിഗണിക്കുക. 
പത്ത് എച്ച്‌പി മോട്ടോർ വള്ളങ്ങൾക്ക്‌ മാസം 140 ലിറ്റർ, 15 എച്ച്‌പി വരെ 150 ലിറ്റർ, 25 എച്ച്‌പി വരെ 190 ലിറ്റർ എന്നിങ്ങനെയാണ്‌ സബ്‌സിഡി നിരക്കിൽ മണ്ണെണ്ണ നൽകുന്നത്‌. സിവിൽ സപ്ലൈസിനും മത്സ്യഫെഡിനുമാണ്‌ വിതരണച്ചുമതല. നിലവിൽ ലിറ്ററിന്‌ 25 രൂപയാണ്‌ മത്സ്യഫെഡ്‌ നൽകുന്ന സബ്‌സിഡി. കേന്ദ്രസർക്കാർ അനുവദിക്കുന്ന മണ്ണെണ്ണയുടെ അളവും വിലയും അനുസരിച്ചാണ്‌ സിവിൽസപ്ലൈസ്‌ സബ്‌സിഡി നൽകുക. മൂന്നുവർഷം കൂടുമ്പോഴുള്ള പരിശോധന 2015ന്‌ ശേഷം നടന്നിട്ടില്ല. 2018ൽ നടക്കേണ്ടിയിരുന്ന പരിശോധന പ്രളയം, കോവിഡ്‌ തുടങ്ങിയ കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top