27 April Saturday

നാടിന്റെ വികസനോത്സവം

സ്വന്തം ലേഖകൻUpdated: Tuesday Nov 22, 2022

ദേശാഭിമാനി വാർഷികാഘോഷത്തിൽ സംഘടിപ്പിച്ച സെമിനാറിൽ ഉയർന്ന വികസന നിർദേശങ്ങൾ ചീഫ് എഡ-ിറ്റർ പുത്തലത്ത് ദിനേശൻ മന്ത്രി മുഹമ്മദ് റിയാസിന് കെെമാറുന്നു

കൊല്ലം

നേരിന്റെ ജിഹ്വയായി മനുഷ്യപക്ഷത്തിന്റെ വാർത്തകൾക്ക്‌ ഇടംനൽകിയ ദേശാഭിമാനിയുടെ 80–-ാം വാർഷികം ജില്ലയിൽ ജനകീയ ഉത്സവമായി. 
ആശയപ്രചാരണത്തോടൊപ്പം വാർത്തകളെ സത്യസന്ധമായി വായനക്കാരിലെത്തിച്ചും വഴിതെറ്റിക്കുന്ന പ്രചാരവേലകളെ തുറന്നുകാട്ടിയും എട്ടു പതിറ്റാണ്ട്‌ പിന്നിടുന്ന ദേശാഭിമാനിക്കുള്ള സ്വാധീനം വിളിച്ചോതുന്നതായി വാർഷികാഘോഷ പരിപാടികൾ. 
സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പങ്കെടുത്ത ചടങ്ങ്‌ ജില്ലയുടെ തുടർവികസനത്തിനുള്ള ചൂണ്ടുപലക കൂടിയായി. ഏറ്റെടുത്ത കടമകൾ പൂർവാധികം തെളിമയോടെ അവതരിപ്പിക്കാനുള്ള അഭിപ്രായ രൂപീകരണത്തിനുള്ള വേദിയായി ജില്ലാതല ആഘോഷം. ചരിത്രപ്രദർശനം, സെമിനാറുകൾ, വ്യക്തികളെ ആദരിക്കൽ തുടങ്ങിയ പരിപാടികൾ ശ്രദ്ധേയമായി. കശുവണ്ടി, മത്സ്യമേഖല, കൃഷി, തുറമുഖം, ടൂറിസം തുടങ്ങി ജില്ലയുടെ വിവിധ മേഖലകളിൽ നടത്തിയ സെമിനാറുകളിൽ കൊല്ലത്തിന്റെ ഭാവി വികസനത്തിലേക്ക്‌ കുതിക്കാനുള്ള നിർദേശങ്ങളുയർന്നു. 
      ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ, തൊഴിലാളികൾ, വിദ്യാർഥികൾ, വ്യാപാരികൾ, മാധ്യമപ്രവർത്തകർ, യുവാക്കൾ എന്നിവർ ദേശാഭിമാനി ഒരുക്കിയ വേദിയിൽ ജില്ലയുടെ പ്രശ്‌നങ്ങൾ അവതരിപ്പിച്ചു. ജില്ല ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊല്ലം തുറമുഖത്തിന്റെ വികസന പ്രശ്‌നങ്ങൾ ഉൾപ്പെടെ ചർച്ചചെയ്‌ത സെമിനാറുകളിൽ ഉയർന്ന നിർദേശങ്ങൾ മന്ത്രിമാർക്കു കൈമാറി. കശുവണ്ടിത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ഏറെയുള്ള ജില്ലയിൽ ക്ഷേമ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കും പിന്തുണ എൽഡിഎഫ്‌ മന്ത്രിമാർ വാഗ്ദാനംചെയ്‌തു. 
സെമിനാർ വേദിക്കരികിൽ ഒരുക്കിയ ചിത്രപ്രദർശനം ദേശാഭിമാനി പിന്നിട്ട യാതനയുടെയും വെല്ലുവിളികളുടെയും നേർസാക്ഷ്യമായി. കോർപേറേറ്റുകളുടെയും രാജ്യം ഭരിക്കുന്ന പാർടിയുടെയും കുഴലൂത്തുകാരായി മാധ്യമങ്ങൾ മാറുന്ന സത്യാനന്തരകാലത്ത്‌ സത്യത്തിനൊപ്പം സഞ്ചരിക്കുന്ന ദേശാഭിമാനിക്ക്‌ പ്രമുഖ വ്യക്തികൾ ആശംസ നേർന്നു. വൈകിട്ട്‌ ജാസി ഗിഫ്‌റ്റ്‌ ഒരുക്കിയ സംഗീതവിരുന്നോടെയാണ്‌ ആഘോഷപരിപാടികൾക്ക്‌ പരിസമാപ്‌തിയായത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top