19 April Friday
ദേശാഭിമാനി വികസനരേഖയ്‌ക്ക്‌ പിന്തുണയുമായി മന്ത്രി

കൊല്ലം–ചെങ്കോട്ട പാതയ്‌ക്ക്‌ ഉൾപ്പെടെ 1500 കോടി

സ്വന്തം ലേഖകൻUpdated: Tuesday Nov 22, 2022
കൊല്ലം
കൊല്ലം–-ചെങ്കോട്ട പാത ഉൾപ്പെടെയുള്ളവയുടെ വികസന പ്രവർത്തനങ്ങൾക്കായി 1500 കോടി രൂപ പ്രഖ്യാപിച്ച്‌ പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌. ദേശാഭിമാനി 80–-ാം വാർഷിക ജില്ലാതല ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൃശൂർ, എറണാകുളം ജില്ലകളിൽ നടപ്പാക്കിവരുന്ന മുസിരിസ്‌ പദ്ധതി കൊല്ലത്തേക്ക്‌ വ്യാപിക്കും. ജില്ലയുടെ അനന്തമായ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്താനും ദീർഘദൂര യാത്രയ്‌ക്കും ചരക്കുനീക്കത്തിനും ജില്ലയിലെ പാതകൾ വികസിപ്പിക്കാനും സർക്കാരിന്റെ എല്ലാ പിന്തുണയും മന്ത്രി പ്രഖ്യാപിച്ചു. 
കൊല്ലം (കടമ്പാട്ടുകോണം) –-ചെങ്കോട്ട (ആര്യങ്കാവ്‌)പാത നവീകരണം പ്രധാനമാണ്‌. നിലവിലുള്ള സാധ്യതകൾ വികസിപ്പിക്കുകയാണ്‌ വേണ്ടത്‌. ഇതിനായുള്ള പ്രഥമിക പ്രവർത്തനങ്ങൾ നടന്നുവരുന്നു. കൊല്ലം –-ചെങ്കോട്ട പാതയ്‌ക്കൊപ്പം കൊല്ലം (കടമ്പാട്ടുകോണം) –-അങ്കമാലി റോഡുമുണ്ട്‌. രണ്ട്‌ റോഡിനുമായി കിഫ്‌ബി സഹായത്തോടെ 1500 കോടി രൂപ നൽകാൻ കഴിഞ്ഞദിവസം പൊതുമരാമത്ത്‌ വകുപ്പ്‌ തീരുമാനിച്ചിട്ടുണ്ട്‌. ദേശീയപാത 66ന്റെ വികസനം 2025ന് പൂർത്തീകരിക്കും. ജില്ലയിലൂടെ കടന്നുപോകുന്ന കൊറ്റുകുളങ്ങര –-കൊല്ലം ബൈപാസ്‌, കൊല്ലം ബൈപാസ്‌–- കടമ്പാട്ടുകോണം സ്ട്രച്ചുകളുടെ നിർമാണം തുടങ്ങിക്കഴിഞ്ഞു. ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ 25 കോടി രൂപയാണ്‌ അനുവദിച്ചിരുന്നത്‌. യുഡിഎഫ്‌ സർക്കാരിന്റെ സമീപനത്തെ തുടർന്ന്‌ ദേശീയപാത അതോറിറ്റി ഉപേക്ഷിക്കാൻ തീരുമാനിച്ച പദ്ധതിയാണ്‌ എൽഡിഎഫ്‌ സർക്കാൻ യാഥാർഥ്യമാക്കുന്നത്‌. മലയോര തീരദേശ പാതകൾ നാടിന്റെ വികസനക്കുതിപ്പിന്‌ വഴിയൊരുക്കും. ഈ രണ്ട്‌ പാതകളുടെയും ഗുണം ലഭിക്കുന്ന ജില്ലയാണ്‌ കൊല്ലം. 
ബജറ്റിൽ പ്രഖ്യാപിച്ച അഷ്‌ടമുടിക്കായൽ കേന്ദ്രമാക്കിയുള്ള ബയോ ഡൈവേഴ്‌സിറ്റി സർക്യൂട്ട് പദ്ധതിയുടെ റിവ്യൂ നടക്കുന്നു. പാലങ്ങളെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കും. വലിയഴീക്കൽ പാലം ഇതിന്‌ ഉദാഹരണമാണ്‌. പഴയ പാലങ്ങളെ തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ പ്രസ്ഥാനങ്ങൾ, സ്വകാര്യമേഖല എന്നിവയുടെ സഹകരണത്താല്‍ ആകർഷകമാക്കുന്നതും ആലോചനയിലാണ്‌. ടൂറിസം സെമിനാറിൽ ചർച്ചചെയ്‌ത്‌ തയ്യാറാക്കിയ രേഖ വിനോദസഞ്ചാര വികസനത്തിനും ടൂറിസം വകുപ്പിനും വഴികാട്ടിയാകും. നിർദേശങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായും മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top