20 April Saturday

കൊച്ചിയിൽനിന്നു രണ്ടാം ചരക്കുകപ്പൽ ദീപാവലിക്ക് കൊല്ലത്തെത്തും

സ്വന്തം ലേഖകൻUpdated: Friday Oct 22, 2021
കൊല്ലം > കൊച്ചിയിൽനിന്നു ചരക്കുമായി രണ്ടാമത്തെ കപ്പൽ ദീപാവലിക്ക് കൊല്ലം തുറമുഖത്ത് എത്തും. റൗണ്ട് ദി കോസ്റ്റ് കമ്പനിയുടെ ചൗ​ഗ്‍ലെ 7  എന്ന കപ്പലാണ് ഭക്ഷ്യധാന്യങ്ങളുമായി എത്തുന്നത്. ഇതിനുള്ള നടപടികൾ മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ പുരോ​ഗമിക്കുകയാണ്. സെപ്തംബറിലാണ് ആദ്യമെത്തിയത്. ഇതേ കമ്പനിയുടെ ചൗഗ്‌ലെ -8 എന്ന കപ്പൽ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഭക്ഷ്യധാന്യവുമായാണ് അന്ന് എത്തിയത്.
 
വേണ്ടത് വ്യാപാരികളുടെ പിന്തുണ
 
സ്ഥിരമായി ചരക്കുകപ്പൽ സർവീസ് നടത്തുന്നതിന് കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കയറ്റുമതി, ഇറക്കുമതി വ്യാപാരികളുടെ പിന്തുണ അനിവാര്യമാണെന്ന് മാരിടൈം ബോർഡ് പറഞ്ഞു. മടക്കയാത്രയിൽ ചരക്ക് കൊണ്ടുപോകാനുള്ള സാഹചര്യമുണ്ടായാൽ ആഴ്ചയിൽ രണ്ടു സർവീസ്‌ നടത്താനാകും. കൊല്ലത്തിന്റെ അത്ര അടിസ്ഥാന സൗകര്യമില്ലാത്ത ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിലെ സർവീസ് ആ ഭാ​ഗങ്ങളിലുള്ള വ്യാപാരികളുടെ  സഹകരണംമൂലം ഫലപ്രദമായി നടക്കുന്നു. ടൈൽ, കശുവണ്ടി, മത്സ്യകയറ്റുമതി ഉൽപ്പന്നങ്ങൾ തുടങ്ങിയവ കൊല്ലം തുറമുഖം വഴി എത്തിക്കാനും കൊണ്ടുപോകാനും സാഹചര്യം അനൂകൂലമാണ്. വ്യാപാരികൾ  താൽപ്പര്യമെടുത്താലേ കൂടുതൽ സർവീസ് തുടങ്ങാനാകൂ.
 
ചരക്കുകപ്പൽ സർവീസ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി കപ്പൽ കമ്പനിക്കും വ്യാപാരികൾക്കുമുള്ള ഇൻസെന്റീവ് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഇതുപ്രകാരം കൊച്ചിയിൽനിന്ന് കൊല്ലത്തേക്ക് ചരക്കുനിറച്ച 20 അടിയുള്ള ഒരു കണ്ടെയ്നറിന് 10,200 രൂപയാണ് ഇൻസെന്റീവ്. 40 അടിയുള്ളവയ്ക്ക് 13,259 രൂപയും. ആകെ ലഭിക്കുന്ന ഇൻസെന്റീവ് തുകയിൽ കുറഞ്ഞത് 20 ശതമാനം തുക അതത് ഇറക്കുമതി, കയറ്റുമതി വ്യാപാരികൾക്ക് കപ്പൽ കമ്പനി പങ്കുവയ്ക്കും.
 
അടിസ്ഥാന സൗകര്യത്തിൽ മുന്നിൽ
 
കേരള മാരിടൈം ബോർഡിനു കീഴിൽ സംസ്ഥാനത്തുള്ള 17 ചെറുകിട തുറമുഖങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളിൽ മുന്നിലാണ്‌ കൊല്ലം. 7.2 മീറ്റർ സ്വാഭാവിക ആഴവും 178 മീറ്റർ നീളമുള്ള കാർഗോ ടെർമിനലും 100 മീറ്റർ നീളമുള്ള പാസഞ്ചർ കം കാർഗോ ടെർമിനലും നിലവിലുണ്ട്. ഷിപ്പിങ്‌ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ടഗ്ഗുകൾ, ക്രെയിനുകൾ, റീച്ച് സ്റ്റാക്കറുകൾ, ചരക്ക്‌ സൂക്ഷിക്കാൻ 1300 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള രണ്ടു ഗോഡൗൺ, 1486 ചതുരശ്ര മീറ്ററുള്ള സ്റ്റാക്ക് യാർഡ്, വർക്‌ഷോപ്പ് തുടങ്ങിയവയുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top