19 April Friday

തെന്മല പരപ്പാർ അണക്കെട്ടിൽ അടിഞ്ഞുകിടക്കുന്നത്‌ 
1500 കോടിയുടെ മണൽ

സ്വന്തം ലേഖികUpdated: Friday Oct 22, 2021
കൊല്ലം > തെന്മല പരപ്പാർ അണക്കെട്ടിൽ അടിഞ്ഞുകിടക്കുന്നത്‌ 1500 കോടി രൂപയുടെ മണൽ. പരപ്പാർ അണക്കെട്ട്‌ കമീഷൻ ചെയ്‌ത 1986നു ശേഷം ഇതുവരെയും മണലും എക്കലും നീക്കിയിട്ടില്ല. നിലവിൽ 30 ദശലക്ഷം ക്യുബിക്‌ മീറ്റർ മണൽ നിക്ഷേപം ഉണ്ടെന്നാണ്‌ കണക്കാക്കുന്നത്‌. 524.3 ദശലക്ഷം ക്യുബിക്‌ മീറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള അണക്കെട്ടിന്റെ അഞ്ചു ശതമാനമാണിത്‌. മണൽ നിക്ഷേപം ആശങ്കയ്ക്കു വക നൽകുന്നില്ലെന്ന്‌ ഡാം അധികൃതർ പറഞ്ഞു.
 
പരമാവധി ജലം സംഭരിച്ചു നിർത്തി പ്രളയത്തിന്റെ ആഘാതം കുറയ്ക്കാൻ ഡാമിനു കഴിയുന്നുണ്ട്‌. 2018ലെയും കഴിഞ്ഞ ദിവസങ്ങളിലെയും ശക്തമായ മഴയിൽ ഉണ്ടാകേണ്ട പ്രളയഭീഷണി ഒഴിവായത്‌ ഇതിന്റെ  തെളിവാണെന്ന്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ ടെസിമോൻ പറഞ്ഞു. 2018ൽ നടത്തിയ പരിശോധനയിൽ 28 ദശലക്ഷം ക്യുബിക്‌ മീറ്റർ മണൽ ഉണ്ടെന്ന്‌ കണ്ടെത്തിയിരുന്നു. എക്കൽ സാമ്പിളും പരിശോധിച്ചിരുന്നു. ഡാമിലെ മണലിന്റെയും എക്കലിന്റെയും അളവ് സംബന്ധിച്ചു ഡിസംബറിൽ പീച്ചി ആസ്ഥാനമായ കേരള എൻജിനിയറിങ്‌ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ വിശദമായ ബാത്തിമെട്രിക്‌ സർവേ നടത്തും.
 
2003ൽ അണക്കെട്ടിലെ മണലും എക്കലും നീക്കം ചെയ്യാൻ നടപടിയെടുത്തെങ്കിലും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു. ശെന്തുരുണി വന്യജീവി സങ്കേതത്തോടുചേർന്ന അണക്കെട്ടിൽ എക്കൽ മണൽ ഡ്രെഡ്‌ജിങ്ങിൽ അത്യപൂർവ  ജലജീവികളും സസ്യങ്ങളും നശിക്കുമെന്ന വാദം ഉയർത്തിയായിരുന്നു അനുമതി നിഷേധിച്ചത്‌.
 
അണക്കെട്ടിനോട്‌ ചേർന്നുള്ള കെഎസ്‌ഇബിയുടെ വൈദ്യുതോൽപ്പാദനകേന്ദ്രത്തിൽ 7.5 മെഗാവാട്ട്‌ വീതം സ്ഥാപിത ശേഷിയുള്ള രണ്ട്‌ ജനറേറ്ററാണുള്ളത്‌. രണ്ടും പ്രവർത്തിച്ചാൽ ദിവസവും 3.5 ദശലക്ഷം മീറ്റർ ക്യൂബ്‌ ജലം കല്ലടയാറ്റിലൂടെ ഒഴുക്കിവിടാൻ കഴിയും. കല്ലട ജലസേചന പദ്ധതിയുടെ കനാൽ വഴിയും ഈ വെള്ളം തുറന്നു വിടാറുണ്ട്‌. എന്നാൽ, ഒരു ജനറേറ്റർ ഒരു വർഷമായി പ്രവർത്തിക്കുന്നില്ല. ഇതിനാൽ 1.57 ദശലക്ഷം ക്യുബിക്‌ മീറ്റർ ജലം മാത്രമാണ്‌ പുറന്തള്ളുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top