29 March Friday
ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

വേണം മിന്നൽ ജാ​ഗ്രത

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021
കൊല്ലം
കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പ്രകാരം 25 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത നിലനിൽക്കെ അതീവ ജാഗ്രത പുലർത്തണമെന്ന് കലക്ടർ അഫ്‌സാന പർവീൺ. പകൽ രണ്ടുമുതൽ രാത്രി 10 വരെ സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുത്. ജനലും വാതിലും അടച്ചിട്ട് അവയ്ക്കടുത്തുനിന്നു മാറണം. കെട്ടിടത്തിനകത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കുന്നതാണ് ഉചിതം. സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കു മാറണം. കാറ്റുള്ളപ്പോഴും ജാ​ഗ്രതവേണം. പത്രം, പാൽ വിതരണം ഉൾപ്പെടെ അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.
       ഇടിമിന്നലിൽ ശ്രദ്ധിക്കാൻ
ഇടിമിന്നലുള്ളപ്പോൾ വാഹനത്തിനകത്ത് തുടരണം. കൈകാലുകൾ പുറത്തിടരുത്. സൈ ക്കിൾ, ബൈക്ക് തുടങ്ങിയ വാഹ നങ്ങളിലുള്ള യാത്ര ഒഴിവാക്കണം.  ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിഛേദിക്കണം, സാമീപ്യവും ഒഴിവാക്കണം. കുട്ടികൾ തുറസ്സായ സ്ഥലത്തും ടെറസ്സിലും കളിക്കാൻ അനുവദിക്കരുത്. വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യാനും പാടില്ല. തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്. കുളിക്കുന്നത് ഒഴിവാക്കണം. പൈപ്പുകളിലൂടെ മിന്നൽ സഞ്ചരിക്കാമെന്നതിനാൽ ടാപ്പുകളിൽനിന്ന് വെള്ളം ശേഖരിക്കരുത്. ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുത്. ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടാനോ വല എറിയാനോ പാടില്ല. പട്ടം പറത്തരുത്. ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടമാണ്. വളർത്തുമൃഗങ്ങളെ തുറസ്സായ സ്ഥലത്ത് കെട്ടരുത്. മിന്നൽ ഏറ്റാൽ ആദ്യ 30 സെക്കൻഡ് നിർണായകമാണ്‌. വൈദ്യസഹായം ഉടൻ എത്തിക്കണം. 
       കാറ്റ് വീശുമ്പോൾ
ജനലുകളും വാതിലുകളും അടച്ചിടണം. നിർമാണ ജോലികളിൽ ഏർപ്പെടുന്നവർ ജോലി താൽക്കാലികമായി നിർത്തി സുരക്ഷിത സ്ഥാനത്തേക്കു മാറണം.  ടെറസിലേക്ക് പോകരുത്. ഓല മേഞ്ഞതോ ഷീറ്റ് പാകിയതോ അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണം.  മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ ചില്ലകൾ വെട്ടിയൊതുക്കണം. പൊതു ഇടങ്ങളിലുള്ളവ തദ്ദേശ സ്ഥാപനങ്ങൾ ആവശ്യാനുസരണം വെട്ടി ഒതുക്കണം. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, വൈദ്യുതിത്തൂണുകൾ, കൊടിമരങ്ങൾ തുടങ്ങിയവയ്ക്ക് അരികിൽ പോകരുത്.
        വൈദ്യുതിക്കമ്പി പൊട്ടിവീണാൽ
വൈദ്യുതിക്കമ്പികളും തൂണുകളും പൊട്ടിവീണാൽ കെഎസ്ഇബിയുടെ 1912, ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ 1077 നമ്പരിലോ അറിയിക്കണം. കൃഷിയിടങ്ങളിൽ കൂടി കടന്നുപോകുന്ന ലൈനുകളിൽ വൈദ്യുതി ഇല്ലെന്ന് ഉറപ്പാക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top