കൊല്ലം
ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചില്ലെന്നു പറഞ്ഞ് ജില്ലയിൽ പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയിൽനിന്ന് 21,117 കർഷകർ പുറത്തായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നരേന്ദ്രമോദി സർക്കാർ കൊട്ടിഘോഷിച്ച് നടത്തിയ പദ്ധതിയിൽ നിന്നാണ് കർഷകർ പുറത്തായത്. സംസ്ഥാനത്ത് 23.4 ലക്ഷം പേർ പദ്ധതിയിലുള്ളതിൽ 2.40 ലക്ഷം കർഷകരാണ് പുറത്തായിട്ടുള്ളത്. കഴിഞ്ഞ വർഷം 12.76 ലക്ഷം കർഷകർ പദ്ധതിയിൽനിന്ന് പുറത്താക്കപ്പെട്ടിരുന്നു. രണ്ടു ഹെക്ടർ വരെ കൃഷിഭൂമിയുള്ള ചെറുകിട കർഷകർക്ക് വർഷത്തിൽ മൂന്നു തവണയായി 2000 രൂപ വീതം അക്കൗണ്ടിൽ ലഭിക്കുന്ന പദ്ധതിയാണിത്. ജില്ലയിൽ ആകെ 1760155 പേരാണ് പദ്ധതിയിലുള്ളത്. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവർക്കു മാത്രം ആനുകൂല്യം നൽകിയാൽ മതിയെന്ന് അടുത്തിടെയാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്. അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതിന് ആവശ്യമായ സമയം ലഭ്യമാക്കാതെയാണ് പുറത്താക്കിയതെന്ന് കർഷകർ ആരോപിക്കുന്നു.
ആധാർബന്ധിത അക്കൗണ്ട് തുടങ്ങാൻ കർഷകരെ സഹായിക്കാൻ കേന്ദ്രം തപാൽ വകുപ്പിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യ പോസ്‌റ്റ് പെയ്‌മെന്റ് ബാങ്കിൽ ഈ മാസം 30ന് മുമ്പ് അക്കൗണ്ട് തുടങ്ങണമെന്നാണ് വ്യവസ്ഥ. ആധാർ നമ്പർ, ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി), ലഭിക്കാനുള്ള മൊബൈൽ ഫോൺ, അക്കൗണ്ട് തുറക്കാൻ 200രൂപ എന്നിവയുമായി പോസ്‌റ്റ് ഓഫീസിലോ പോസ്‌റ്റുമാനെയോ സമീപിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..