04 December Monday
ഓച്ചിറ കാളകെട്ടുത്സവം

പെൺ കരുത്തിൽ 
തൃശൂലനാഥൻ

സുരേഷ്‌ വെട്ടുകാട്ട്‌Updated: Friday Sep 22, 2023

ക്ലാപ്പനയിലെ തൃശൂലനാഥൻ വനിതാ കാളകെട്ട് സമിതി നന്ദികേശനൊപ്പം

കരുനാഗപ്പള്ളി 

ഓണാട്ടുകരയുടെ കാളകെട്ടുത്സവത്തിന് ദിവസങ്ങൾ അവശേഷിക്കെ നാടൊന്നാകെ നന്ദികേശന്മാരെ ഒരുക്കിയിറക്കാനുള്ള തയ്യാറെടുപ്പിലാണ്. ഓച്ചിറ പടനിലത്ത് ആഘോഷം പൊടിപൊടിക്കുമ്പോൾ അവിടേക്കെത്തുന്ന 200 നന്ദികേശന്മാരിൽ തൃശൂലനാഥൻ എന്ന വനിതാ കാളകെട്ട് സമിതിയുടെ നന്ദികേശനും ഉണ്ടാകും. ക്ലാപ്പന കിഴക്ക് വാതല്ലൂർ ലക്ഷം വീടിനു സമീപം 24 വനിതകളുടെ കൂട്ടായ്മയിലാണ് തൃശൂലനാഥൻ കാളകെട്ടു സമിതി 2019ൽരൂപം കൊള്ളുന്നത്. നന്ദികേശനെ കെട്ടിയെഴുന്നള്ളിക്കുന്നതിനൊപ്പം സഹജീവികളെ സഹായിക്കാൻ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും ഏറ്റെടുത്താണ് ഇവർ മുന്നോട്ടു പോകുന്നത്. നന്ദികേശനെ കെട്ടി ഒരുക്കി ദിവസങ്ങൾക്കു മുമ്പുതന്നെ കാളമൂട്ടിൽ വിവിധ പരിപാടികളും ആരംഭിച്ചു. കാളകെട്ട് സമിതിയുടെ പേരിൽ സ്വരൂപിക്കുന്ന പണത്തിന്റെ ഒരു പങ്ക് നാട്ടിലെ വിവിധ മേഖലകളിലുള്ളവർക്ക് സഹായങ്ങളായി വിതരണംചെയ്യുകയും ചെയ്യും. സമൂഹസദ്യ, ചികിത്സാസഹായ വിതരണം എന്നിവയെല്ലാം എല്ലാവർഷവും നടത്തിവരുന്നു. 
കോവിഡിനെ തുടർന്ന്  രണ്ടുവർഷം കാളകെട്ട് ഉത്സവം നടത്താനായില്ലെങ്കിലും സഹായവിതരണവും മറ്റും ഇവർ മുടക്കിയില്ല. ഇത്തവണയും വിവിധ പരിപാടികളാണ് നന്ദികേശ സന്നിധിയിൽ സംഘടിപ്പിച്ചത്. കവിയരങ്ങ്, ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്, നൃത്തസന്ധ്യ, നാടൻപാട്ട്, ഗാനമേള, കുത്തിയോട്ടം, മറ്റു കലാരൂപങ്ങൾ തുടങ്ങിയവയും നടന്നു വരികയാണ്. വിവിധ ചികിത്സാ സഹായങ്ങളാണ് ഇത്തവണയും ഇവർ വിതരണംചെയ്യുന്നത്. ഞായറാഴ്ച നടക്കുന്ന ചടങ്ങിൽ ഡോ. വള്ളിക്കാവ് മോഹൻദാസ് സഹായം വിതരണംചെയ്യും. പഞ്ചായത്ത് അംഗം വി ആർ മനുരാജ് വിദ്യാഭ്യാസ അവാർഡുകൾ വിതരണംചെയ്യും. 26ന് ഉച്ചയോടെ തങ്ങളുടെ നന്ദികേശനുമായി ഓച്ചിറ പടനിലത്തേക്ക് ഇവർ പുറപ്പെടും. രഞ്ജിനിക്കുട്ടൻ പ്രസിഡന്റും ബിന്ദു വിക്രമൻ സെക്രട്ടറിയും കവിരാജ് കൺവീനറുമായുള്ള 18 അംഗ സംഘമാണ് ഇപ്പോൾ സമിതിയെ നയിക്കുന്നത്. 14 അംഗ പുരുഷന്മാരുടെ കോർ കമ്മിറ്റിയും എല്ലാ പിന്തുണയുമായി ഇവർക്കൊപ്പമുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top