കൊല്ലം
ബിജെപി പുനഃസംഘടനയിൽ സംസ്ഥാനപ്രസിഡന്റ് കെ സുരേന്ദ്രന്റെ വിരുദ്ധചേരിയിലുള്ളവരെ അവഗണിച്ചതിൽ വ്യാപക പ്രതിഷേധവും രാജിയും. സുരേന്ദ്രൻ യുവമോർച്ച സംസ്ഥാന പ്രസിഡന്റായിരുന്നപ്പോൾ സെക്രട്ടറിയും മുൻ കർഷക മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന ജി ഹരി ട്രേഡേഴ്‌സ് സെൽ സംസ്ഥാന സമിതിയിൽനിന്ന് രാജിവച്ചു. ബിജെപി മുൻ ജില്ലാ പ്രസിഡന്റ് വയയ്ക്കൽ മധു, മുൻ ദക്ഷിണ മേഖല ജനറൽ സെകട്ടറിയും ജില്ലാ പ്രസിഡന്റ് സ്ഥാനാർഥിയുമായിരുന്ന ജി ഗോപകുമാർ എന്നിവരെ കൾച്ചറൽ, ലീഗൽ സെല്ലുകളുടെ സംസ്ഥാന സമിതിഅംഗങ്ങൾ മാത്രമാക്കി ഒതുക്കി. സുരേന്ദ്രൻ വിരുദ്ധരുടെ കൂട്ടായ്‌മയായ അടൽജി ഫൗണ്ടേഷൻ ചുമതലക്കാരാണ് മൂവരും. കഴിഞ്ഞ ദിവസമായിരുന്നു പുനഃസംഘടന.
എസ്എൻഡിപി ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ആയ ബി ബി ഗോപകുമാർ ജില്ലാ പ്രസിഡന്റ് ആയതിനുശേഷം ബിജെപിയിലെ തലമുതിർന്ന ഒരു ഡസനിലേറെ നായർ സമുദായാംഗങ്ങളെ ജില്ലാ ഭാരവാഹികളാക്കാതെ വെട്ടിനിരത്തിയെന്ന് അടൽജി ഫൗണ്ടേഷൻ സംസ്ഥാന സെക്രട്ടറി കൂടിയായ ചവറ ജി ഹരി പറഞ്ഞു. ഭാരതീയ ജനതാ പാർടിയെ വെള്ളാപ്പള്ളി ജനതാ പാർടിയാക്കി മാറ്റിയിരിക്കുകയാണ്. ജില്ലാ പ്രസിഡന്റ് ഗോപകുമാറിന്റെ നടപടികൾക്ക് സ്വന്തം സമുദായാംഗമായ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ എല്ലാവിധ പിന്തുണയും നൽകുന്നു. കേന്ദ്രമന്ത്രി വി മുരളീധരൻ, കെ സുരേന്ദ്രൻ, വെള്ളാപ്പള്ളി നടേശൻ എന്നീ അച്ചുതണ്ട് കേരളത്തിൽ ബിജെപിയെ തകർക്കും. പാർടിയുടെ വോട്ട് ബാങ്കായ നായർ സമുദായത്തെ അവഗണിക്കുന്നതിന്റെ പരിണിത ഫലം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ചവറ ജി ഹരി പറഞ്ഞു.
പുനഃസംഘടനയിൽ ബിജെപി സംസ്ഥാനസമിതിയിലേക്ക് കൊല്ലം ജില്ലയിൽനിന്ന് കിഴക്കനേല സുധാകരൻ മാത്രമാണ് ഉൾപ്പെട്ടത്. സംസ്ഥാന കൗൺസിൽ അംഗങ്ങളായി സത്യരാജ്, കൃഷ്‌ണചന്ദ്രമോഹൻ എന്നിവരെയും നിയമിച്ചു. പട്ടത്താനം രാധാകൃഷ്‌ണനാണ് ഇന്റലക്‌ച്വൽ സെൽ സംസ്ഥാന കോ കൺവീനർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..