03 December Sunday

അയിത്തത്തെ പടിയിറക്കിയ 
തൃക്കണ്ണമംഗൽ ക്ഷേത്രപ്രവേശനം

അതുൽ ബ്ലാത്തുർUpdated: Friday Sep 22, 2023

തൃക്കണ്ണമംഗൽ ക്ഷേത്രം (ഫയൽ ചിത്രം)

കൊല്ലം
കരിച്ചുകളഞ്ഞ വിഷവേരുകളിൽ നാമ്പുകൾ കിളിർക്കുന്നു എന്ന പോലെയാണ്‌ ജാതി, മതചിന്തകൾ നമുക്കിടയിൽ വീണ്ടും തലപൊക്കുന്നത്‌. പഴയ ദുഷിപ്പുകൾ ഒന്നും കാലഹരണപ്പെട്ടിട്ടില്ല. ശക്തമായി സമൂഹമനസ്സിൽ നിലനിൽക്കുന്നു എന്ന സന്ദേശം പല അനുഭവങ്ങളിലൂടെ നമ്മുടെ മുന്നിലെത്തുന്നുണ്ട്‌. ക്ഷേത്രത്തിൽ തനിക്കുണ്ടായ ജാതി അയിത്തത്തെ സംബന്ധിച്ച്‌ മന്ത്രി കെ രാധാകൃഷ്‌ണൻ വെളിപ്പെടുത്തിയ സംഭവം ഏറ്റവും അവസാനത്തേത്‌. അഴുകിയ ചിന്തകൾക്ക്‌ വെള്ളവും വളവും നൽകി ജനാധിപത്യസമൂഹത്തെ പലനിലയിൽ മലിനപ്പെടുത്താൻ ഒരുകൂട്ടർ ശ്രമിക്കുന്നു. ഇക്കൂട്ടരെ പ്രതിരോധിക്കുക എന്നത്‌ ഒരു ഉത്തരവാദിത്തമാണ്‌. ചരിത്രവഴി ഓർമപ്പെടുത്തുക മാത്രമാണ്‌ നമുക്ക്‌ മുന്നിലുള്ളത്‌. അതിനുള്ള അവസരമായിമാറുകയാണ്‌ കൊല്ലം മഹോത്സവം.
‘തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ- യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ’ എന്ന്‌ മഹാകവി കുമാരനാശാൻ പാടിയത്‌ മനുഷ്യന്‌ മനുഷ്യൻ വിധിച്ച ദുരവസ്ഥയെക്കുറിച്ചാണ്‌. ഉയർന്നവനെന്നും താഴ്‌ന്നവനെന്നും തരംതിരിച്ച്‌ മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്തകാലം. അടിച്ചമർത്തലുകൾ, അകറ്റിനിർത്തലുകൾ എന്നിവ കൊടിയനിലയിൽ നമ്മുടെയിടയിൽ നിലനിന്ന ജാതീയതയുടെയും സാമൂഹിക അസമത്വത്തിന്റെയും പലതരം തെളിവുകളാണ്‌. കീഴ്‌ജാതിയെന്നും മേൽജാതിയെന്നുമുള്ള സങ്കൽപ്പവും അതിന്റെ ചുവടുപിടിച്ച്‌ ഉണ്ടാക്കിയെടുത്ത തീണ്ടലും തൊടീലും എല്ലാം അയിത്താചാരങ്ങളിലേക്ക്‌ നയിച്ചു. ഇതുമൂലം ഒരു വലിയ വിഭാഗം ജനങ്ങൾ അകറ്റിനിർത്തപ്പെടേണ്ടവരായി. പൊതുഇടങ്ങളിൽനിന്നെല്ലാം അവർ ആട്ടിപ്പായ്‌ക്കപ്പെട്ടു. അവസാന ആശ്രയകേന്ദ്രമായി പരിഗണിക്കപ്പെട്ടിരുന്ന ആരാധനാലയങ്ങളിൽപ്പോലും ഒരുകാലത്ത്‌ അവർണർ, ദളിതർ, ആദിവാസികൾ തുടങ്ങിയ അടിസ്ഥാനവർഗത്തിന്‌ പ്രവേശനമുണ്ടായിരുന്നില്ല.
നിരവധി സാമൂഹിക മുന്നേറ്റങ്ങളുടെ ഫലമായാണ്‌ സാധാരണക്കാരായ ജനങ്ങൾക്ക്‌ അമ്പലത്തിൽ കയറാനും ആരാധന നടത്താനും അവകാശം ലഭിച്ചത്‌. വൈക്കത്തും ഗുരുവായൂരും ഉൾപ്പെടെ നാനാദേശങ്ങളിൽ ചെറുതും വലുതുമായ സമരങ്ങൾ നടന്നു. പലവിധ പ്രേരണയ്‌ക്കും സമ്മർദങ്ങൾക്കും ഒടുവിൽ 1936ൽ ക്ഷേത്രപ്രവേശന വിളംബരം വന്നു. ഇത്‌ ഒരു നാഴികക്കല്ലായി. തിരുവതാംകൂറിലെ അവർണ, ദളിത്, ആദിവാസി ജനവിഭാഗങ്ങൾക്ക് ക്ഷേത്രപ്രവേശനം നേടിയെടുത്തു.
ക്ഷേത്രപ്രവേശന വിളംബരത്തിന്‌ പിറ്റേവർഷമാണ്‌ കടലായിമന മൂർത്തി നാരായണൻ നമ്പൂതിരിയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന 18ക്ഷേത്രങ്ങളിൽ ഒന്നായ കൊട്ടാരക്കരയിലെ തൃക്കണ്ണമംഗൽ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ ദളിതർക്ക്‌ പ്രവേശനം സാധ്യമായത്‌. തുടർന്ന്‌ മറ്റു ക്ഷേത്രങ്ങളിലും മാറ്റംവന്നു. ഗാന്ധിജിയുടെ സാന്നിധ്യം കൊണ്ട്‌ തൃക്കണ്ണമംഗലിന്റെ ചരിത്രം മറ്റൊരു നിലയിൽ ശ്രദ്ധിക്കപ്പെട്ടു.
ദളിതരോടൊപ്പം ഗാന്ധിജി തൃക്കണ്ണമംഗലിൽ
ഗാന്ധിജിയുടെ ഏറ്റവും അവസാനത്തെ കേരള സന്ദർശനവേളയാണ്‌ സന്ദർഭം. തിരുവിതാംകൂറിൽ മാത്രമായിരുന്നു യാത്ര. ഗാന്ധി അയ്യൻകാളിയെ കാണുന്നതും ഈ ഘട്ടത്തിൽ. 1937 ജനുവരി 21ന്‌ കൊട്ടാരക്കരയിൽ എത്തി. കൊട്ടാരക്കര മുസാവരി ബംഗ്ലാവിലെ (ഇന്നത്തെ പിഡബ്ല്യുഡി ഓഫീസ്‌, റസ്റ്റ്‌ ഹൗസ്‌) വിശ്രമത്തിനു ശേഷം രാവിലെ ഏഴിന്‌ തൃക്കണ്ണമംഗൽ ക്ഷേത്രത്തിലേക്ക്‌ പുറപ്പെട്ടു. കൊട്ടാരക്കര ടിബിയിൽനിന്ന്‌ ദളിതരുടെ ജാഥ നയിച്ചായിരുന്നു വരവ്‌. തിരുവിതാംകൂർ വിമൻസ്‌ കോളേജ്‌ അധ്യാപികയായിരുന്ന പ്രൊഫ. ഭാഗീരഥിയമ്മ, തെക്കുംകര പുത്തൻവീട്ടിൽ ജാനകിയമ്മ, വാഴ്‌വേലിൽ അമ്മുക്കുട്ടിയമ്മ, സി പി കൊച്ചുപിള്ള എന്നിവരും ജാഥയുടെ നേതൃത്വമായി ഒപ്പം. ചങ്ങനാശേരി പരമേശ്വരൻപിള്ളയും കെ മാധവൻപിള്ളയും ക്ഷേത്രത്തിലേക്ക്‌ നടന്ന ഗാന്ധിജിയെ അനുഗമിച്ചു. രണ്ടുകിലോമീറ്റർ പിന്നിട്ട് ക്ഷേത്രത്തിലെത്തിച്ചേർന്ന ചരിത്രയാത്രയ്‌ക്കിപ്പുറം ക്ഷേത്രം പട്ടികജാതിക്കാർക്കായി ഗാന്ധിജി തുറന്നുകൊടുത്തു. ചരിത്രമായി മാറിയ ജാഥ കടന്നുപോയ വഴി ഗാന്ധിമുക്ക്‌ എന്ന്‌ അറിയപ്പെടുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top