കൊല്ലം
രാജഭരണകാലത്തെ സ്‌മരണകളുണർത്തുന്ന ആശ്രാമം റസിഡൻസി ബംഗ്ലാവിനുള്ളത് ഇരുന്നൂറിലധികം വർഷത്തെ ചരിത്രം. ഒരു കാലത്ത് തിരുവിതാംകൂറിന്റെ സുപ്രധാന രാഷ്‌ട്രീയ–- ഭരണ തീരുമാനങ്ങൾ പിറവിയെടുത്തിരുന്നത് ഇവിടെനിന്നാണ്. തിരുവിതാംകൂറിലെ ആദ്യ ബ്രിട്ടീഷ് ദിവാൻ കേണൽ മൺറോയ്ക്കു താമസിക്കുന്നതിനാണ് 1810-ൽ റസിഡൻസി ബംഗ്ലാവിന്റെ നിർമാണം തുടങ്ങിയത്. കാടുനിറഞ്ഞ അഷ്ടമുടിക്കായലിന്റെ തീരം വെട്ടിത്തെളിച്ച് ബ്രിട്ടീഷുകാരാണ് നിർമാണം ആരംഭിച്ചത്. കേരളീയ–പാശ്ചാത്യ വാസ്തുശിൽപ്പകലയുടെ സമന്വയമാണ് വെട്ടുകല്ലും കരിങ്കല്ലും കുമ്മായവും കൊണ്ട് നിർമിച്ച ഇരുനില മാളിക. മേൽക്കൂരയിൽ സവിശേഷമായ അരിയോടുകൾ പാകിയിരിക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചിഹ്നവും ആലേഖനം ചെയ്തിട്ടുണ്ട്. വിശാലമായ ഹാളും മുറികളും വീതിയേറിയ വരാന്തകളും ഇടനാഴികളുമുണ്ട്. ദിവാനും മറ്റു പ്രമുഖർക്കും തിരുവനന്തപുരത്തുനിന്ന് ബംഗ്ലാവിലേക്ക് വരുന്നതിന് കപ്പലണ്ടിമുക്കിൽനിന്ന് ബംഗ്ലാവിലേക്ക് നാലു കിലോമീറ്റർ നീളമുള്ള വീതിയേറിയ രാജപാതയും നിർമിച്ചു. എ ആർ രാജരാജവർമയുടെ മയൂരസന്ദേശത്തിൽ ‘മഹാമന്ദിരം’ എന്നാണ് ബംഗ്ലാവിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഒരു കാലത്തു തിരുവിതാംകൂറിന്റെ തലസ്ഥാനമായിരുന്ന കൊല്ലത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു റസിഡൻസി ബംഗ്ലാവ്. ദിവാന്റെ ആസ്ഥാനമന്ദിരമായ ഈ ബംഗ്ലാവ് പോലെ മറ്റൊന്ന് തിരുവിതാംകൂറിലെങ്ങും ഉണ്ടായിരുന്നില്ല. കേണൽ മൺറോയും മെക്കാളെയും ഹാരിസ് പ്രഭുവും മറ്റു ബ്രിട്ടീഷ് തലവന്മാരുമാണ് ആദ്യമായി ഇവിടെ താമസിച്ചത്. ഇന്ത്യയിലെ വൈസ്രോയിയായിരുന്ന കഴ്‌സൺ പ്രഭു, രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധി, മുൻ പ്രധാനമന്ത്രിമാരായിരുന്ന ജവഹർലാൽ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, വി പി സിങ് തുടങ്ങിയവരും തങ്ങിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം റസിഡൻസി ബംഗ്ലാവ് സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലായി. ഇന്ന് ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഗസ്റ്റ് ഹൗസുകളിലൊന്നാണിത്.
അപൂർവമായ
ഫർണിച്ചർ ശേഖരം
ഈട്ടിത്തടിയിൽ നിർമിച്ച വിപുലമായ ഫർണിച്ചർ ശേഖരം ബംഗ്ലാവിലുണ്ട്. സപ്രമഞ്ച കട്ടിൽ, പലമടക്കുകളുള്ള മേശ, ടെലിഫോൺ സ്റ്റാൻഡ്, യോഗങ്ങൾ ചേരുന്നതിനുള്ള മേശ, തീൻമേശ, കസേരകൾ തുടങ്ങിയവയൊക്ക കൊത്തുപണികൾ നിറഞ്ഞതാണ്. ഫർണിച്ചറിന്റെ കാലുകളിൽ മൃഗങ്ങളുടെ നഖചിത്രമാണു കൊത്തിയിരിക്കുന്നത്. കൂറ്റൻ ഭരണികളും നൂറ്റാണ്ടു പിന്നിട്ടിട്ടും നിറംമങ്ങാത്ത ചിത്രങ്ങളുള്ള വിവിധയിനം കളിമൺ പാത്രങ്ങളും അനേകം ചില്ലുപാത്രങ്ങൾ, പിച്ചള തവികൾ, മെഴുകുതിരി സ്റ്റാൻഡ് തുടങ്ങി അക്കാലത്ത് അടുക്കളയിൽ ഉണ്ടായിരുന്ന എല്ലാ സാമഗ്രികളും ഇവിടെയുണ്ട്.
മുഖംമിനുക്കും
തനിമ ചോരാതെ
ഇരുന്നൂറു വർഷത്തിലേറെ പഴക്കമുള്ള ഗസ്റ്റ് ഹൗസിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ടൂറിസം വകുപ്പിന്റെ പ്ലാൻ ഫണ്ടിൽനിന്ന് 10.89 കോടി രൂപ ചെവഴിച്ചാണ് നിർമാണം. ഇതിന്റെ ഭാഗമായി ടൂറിസം വകുപ്പ് രൂപംകൊടുത്ത വിദഗ്‌ധ സമിതി സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്ന് വിശദ പ്രോജക്‌ട് റിപ്പോർട്ട് (ഡിപിആർ) പരിശോധിച്ച് മാറ്റങ്ങൾ നിർദേശിക്കും.
നവീകരണം പത്തുകോടി രൂപയ്‌ക്കു മുകളിൽ ആയതിനാൽ സ്‌പെഷ്യൽ വർക്കിങ് ഗ്രൂപ്പ് പരിശോധിക്കണം. തുടർന്ന് ടെൻഡർ നടപടിയിലേക്ക് കടക്കും. പുനരുദ്ധാരണത്തിനായി ഗസ്റ്റ് ഹൗസിന്റെ പ്രവർത്തനം 2020 ജനുവരിയിൽ നിർത്തിവച്ചിരുന്നു. 2021ൽ മുകൾഭാഗം അറ്റകുറ്റപ്പണി നടത്തി പുതിയ ഓടുകൾ മേഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..