29 March Friday

വികസന കവാടം തുറന്ന്‌ കൊല്ലം - കന്യാകുമാരി ഫെറി സർവീസ്‌

ജയന്‍ ഇടയ്ക്കാട്Updated: Wednesday Sep 22, 2021
കൊല്ലം> കൊല്ലം – കോവളം– കന്യാകുമാരി ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഫെറി സർവീസ്‌ തീരദേശത്ത്‌ വമ്പൻ വികസന സാധ്യതകളുടെ കവാടം തുറക്കുന്നു. പൗരാണിക വാണിജ്യനഗരമായ കൊല്ലം, ലോക ടൂറിസം ഭൂപടത്തിന്റെ തിലകക്കുറിയായ കോവളം, കാഴ്‌ചകളുടെ നിറവസന്തം തീർക്കുന്ന കന്യാകുമാരി എന്നിവയെ ബന്ധിപ്പിച്ചുള്ള കടൽയാത്ര സഞ്ചാരികളുടെ ഹ്യദയം കവരും.
 
മനസ്സുകളുടെ ആനന്ദത്തിനൊപ്പം നാടിന്റെ വികസനവും യാഥാർഥ്യമാകുന്ന ബ്രഹദ്‌പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചു. സംസ്ഥാന തുറമുഖ വികസന മന്ത്രി അഹമ്മദ്‌ ദേവർകോവിൽ തമിഴ്‌നാട്‌ തുറമുഖവികസന മന്ത്രി ഇ വി വേലുവുമായി കഴിഞ്ഞദിവസം ചെന്നൈയിൽ നടത്തിയ കൂടിക്കാഴ്‌ചയിൽ പദ്ധതിയുടെ സാധ്യതകൾ  ചർച്ചയായി.
പരവൂർ, വർക്കല, കോവളം, ശുചീന്ദ്രം, നാഗർകോവിൽ തുടങ്ങി തീർഥാടന–- ടൂറിസം കേന്ദ്രങ്ങൾ കടന്നുപോകുന്ന യാത്ര ഒരേസമയം കടൽ–കര കാഴ്‌ചകളുടെ സുഖംപകരും.
 
കൊല്ലം മുതൽ കന്യാകുമാരിവരെ ഏഴു മണിക്കൂർകൊണ്ട്‌ എത്താം. ആകെ 85 നോട്ടിക്കൽ മൈലാണ്‌ (160 കിമീ) ദൂരം. ഹൈഡ്രോഫോയിൽ അല്ലെങ്കിൽ കറ്റാമറൈൻ ഫെറി സർവീസാണ്‌ കടൽയാത്രയ്‌ക്ക്‌ സൗകര്യപ്രദം. വെള്ളത്തിന്റെ മുകളിൽ തൊട്ടു, തൊട്ടില്ല എന്ന തരത്തിൽ കുതിക്കുന്ന വെസലാണ്‌ ഹൈഡ്രോഫോയിൽ. സിംഗപ്പൂരിലും ജപ്പാനിലും വ്യാപകമായി ഇത്തരം സർവീസുകളുണ്ട്‌.
 
കൊല്ലം – കോവളം –കൊളംബോ കടൽയാത്രയുടെ സാധ്യതാപഠനം നേരത്തെ നാറ്റ്‌പാക്‌ നടത്തിയിരുന്നു. പ്രായോഗികതലത്തിൽ ഇതിലും മുന്നിലാണ്‌ കന്യാകുമാരി സർവീസ്‌. കൊല്ലം കഴിഞ്ഞാൽ വിഴിഞ്ഞത്ത്‌ മാത്രമാണ്‌ നിലവിൽ തുറമുഖമുള്ളത്‌. വിഴിഞ്ഞത്ത്‌ ഇറങ്ങുന്നവർക്ക്‌ കോവളത്ത്‌ എത്താൻ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ മതി. വിഴിഞ്ഞം മുതൽ കന്യാകുമാരി എത്തുംവരെ നിരവധി തീർഥാടനകേന്ദ്രങ്ങളുടെ നിറക്കാഴ്‌ചയുണ്ടാകും. കപ്പൽ ചാലിനും തീരത്തിനും മധ്യേയുള്ള കാഴ്‌ചകളും യാത്രയിൽ സഞ്ചാരികൾക്ക്‌ നവ്യാനുഭവമാകും.    
 
മത്സ്യമേഖലയ്‌ക്കോ മത്സ്യബന്ധനത്തിനോ ബുദ്ധിമുട്ട്‌ ഉണ്ടാകാത്ത തരത്തിൽ പാതയും സമയവും ക്രമപ്പെടുത്തിയാകും സർവീസ്‌. ഇതിന്റെ സാധ്യത സംബന്ധിച്ച്‌ വിശദ പഠനം വേണ്ടിവരും. കടൽ പ്രക്ഷു ബ്ധമാകുന്ന സാഹചര്യത്തിൽ സഞ്ചാരികളുടെ വരവു കുറയും. അതിനാൽ സീസണിൽ മാത്രം സർവീസ്‌ എന്നതാണ്‌ പ്രായോഗികമെന്ന്‌ കരുതുന്നു. സാധാരണയാത്രക്കാരെയും ആകർഷിക്കുന്നതാകും ഫെറി സർവീസ്‌. കന്യാകുമാരി–- കോവളം റോഡ്‌ യാത്രയ്‌ക്ക്‌ നിലവിൽ  ഗതാഗതക്കുരുക്ക്‌ ഏറെയാണ്‌. 
 
അന്താരാഷ്‌ട്ര ടൂറിസം ഭൂപടത്തിൽ കൊല്ലം കേന്ദ്രബിന്ദുവാകുന്നതിൽ നിർണായകമാകും തീരദേശ ഫെറി സർവീസ്‌. വ്യാപാരമേഖലയ്‌ക്കൊപ്പം പ്രാദേശികമായ പുരോഗതിയുണ്ടാകും. ചുരുങ്ങിയ ചെലവിലും സമയത്തിലും കടൽയാത്രയുടെ അനുഭവം നുകരാൻ നിരവധിപേരെത്തും. കൊല്ലം തുറമുഖത്തുനിന്ന്‌ കപ്പൽ സർവീസ്‌ ആരംഭിച്ചത്‌ ഫെറി സർവീസ്‌ യാഥാർഥ്യമാകുന്നതിന്‌ വേഗത വർധിപ്പിക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top