20 April Saturday
കർഷകർക്ക്‌ ആശ്വാസം

ഷൂട്ട്‌ അറ്റ്‌ സൈറ്റിൽ തീർന്നത്‌ 25 കാട്ടുപന്നികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021
കൊല്ലം>ജില്ലയുടെ കിഴക്കൻമേഖല ഉൾപ്പെട്ട പത്തനാപുരം റേഞ്ചിൽ രണ്ടാഴ്‌ചയ്‌ക്കിടെ വനപാലകർ വെടിവച്ചുകൊന്നത്‌ 25 കാട്ടുപന്നികളെ. 200 മുതൽ 300 കിലോവരെ തൂക്കമുള്ള കൂറ്റൻ പന്നികളെ ഉൾപ്പെടെയാണ്‌ വെടിവച്ചുകൊന്നത്‌. പുന്നല സ്റ്റേഷൻ പരിധിയിലാണ്‌ കൂടുതൽ പന്നികളെ കൊന്നത്‌, 20 എണ്ണത്തിനെ . കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് അനുസരിച്ചാണ്‌ ഇവയെ കൊല്ലുന്നത്. 
 
കിഴക്കൻ വനമേഖലയ്ക്ക് സമീപത്തെ ജനവാസകേന്ദ്രങ്ങളാകെ പന്നി ശല്യത്താൽ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യത്തിലാണ്‌   നടപടി. നൂൽക്കമ്പികളിൽ പടക്കംവച്ചുള്ള വേലി മുതൽ സൗരോർജവേലി വരെ ഇവ നിഷ്‌പ്രയാസം മറികടക്കുന്നുണ്ട്‌. ഇടവിളക്കൃഷികളായ മരച്ചീനി, വാഴ, ചേമ്പ്, ചേന മുതൽ റബർവരെ കുത്തിമറിക്കുന്ന ഇവ കൊയ്‌ത്തിന്‌ പാകമായ ഏലാകളിലും നാശം വിതയ്‌ക്കുന്നു. പട്ടാഴി, പിറവന്തൂർ, പത്തനാപുരം പഞ്ചായത്തുകളുടെ വനാതിർത്തി മേഖലകൾ, മഞ്ചാടി മുക്ക്, കമുകുംചേരി, ഇടത്തറ, നെടുംപറമ്പ് തുടങ്ങിയ ടൗണുമായി ചേർന്നു കിടക്കുന്ന സ്ഥലങ്ങൾ, മഞ്ഞമൺകാല ഭാഗം എന്നിവിടങ്ങളാണ്‌ കാട്ടുപന്നികളുടെ പ്രധാന വിഹാരകേന്ദ്രങ്ങൾ. 
 
ലൈസൻസുള്ള കർഷകർക്കും 
വെടിവയ്‌ക്കാം
പന്നിയെ വെടിവച്ചു കൊല്ലാൻ മാത്രമാണ്‌ അനുമതി. വിഷം, സ്ഫോടകവസ്തുക്കൾ തുടങ്ങിയ മാർഗം ഉപയോഗിക്കരുത്‌. തോക്ക് ലൈസൻസുള്ള കർഷകർക്കും പന്നിയെ വെടിവയ്‌ക്കാം. ഇവർക്ക്‌ 1000 രൂപ സർക്കാർ സഹായവും ലഭ്യമാണ്‌. എന്നാൽ, ജില്ലയിൽ ഇതുവരെ വെടിവയ്‌ക്കാൻ എം പാനൽ ചെയ്‌തത്‌ പത്തനാപുരം, അഞ്ചൽ റേഞ്ചുകളിലായി രണ്ടുപേർ മാത്രമാണ്‌. 
 
മൂന്ന്‌ സായുധ ടീം
പരിശീലനം നേടിയ വനംവകുപ്പ്‌ ഉദ്യോഗസ്ഥരാണ്‌ നിലവിൽ പന്നികളെ വെടിവയ്‌ക്കുന്നത്‌. മൂന്ന്‌ സായുധ ടീമായി തിരിഞ്ഞാണ്‌ പട്രോളിങ്‌. ഡിവിഷൻ ഫോറസ്റ്റ്‌ ഓഫീസർ എ ഷാനവാസ്‌, പത്തനാപുരം റേഞ്ച്‌ ഓഫീസർ ബി ദിലീഫ്‌, പുന്നല ഡെപ്യൂട്ടി റേഞ്ച്‌ ഓഫീസർ എ നിസാം എന്നിവരുടെ നേതൃത്വത്തിലാണ്‌ നടപടി. കർഷകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹോട്‌സ്‌പോട്ടായി തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ രാത്രി എട്ടുമുതൽ രാവിലെ ആറുവരെയാണ്‌ പട്രോളിങ്‌. രണ്ട്‌ വനിത ഉൾപ്പെടെ ഒരു ടീമിൽ ഏഴ്‌ പേരാണുള്ളത്‌. 0.315 റൈഫിൾ ഉപയോഗിച്ചാണ്‌ വെടിവയ്‌പ്.
 
ലൈസൻസ്‌ നേടാം
കാട്ടുപന്നിയെ വെടിവച്ചു കൊല്ലാനുള്ള അനുമതിക്ക്‌ തോക്ക്‌ ലൈസൻസുള്ള കർഷകർ വ്യക്തിപരമായി സ്ഥലം റേഞ്ച് ഓഫീസർക്കോ ഡിഎഫ്ഒയ്‌ക്കോ അപേക്ഷ നൽകണം. അപേക്ഷ കൊടുത്താൽ 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top