27 April Saturday
അവർ പൊരുതട്ടെ; നമുക്ക്‌ പ്രതീക്ഷിക്കാം

ഒളിമ്പിക്‌സിലെ ഇന്ത്യൻ പ്രതീക്ഷകളെക്കുറിച്ച്‌ 
സംസാരിക്കുന്നു ഒളിമ്പ്യൻന്മാരും വിദഗ്ധരും

സ്വന്തം ലേഖകന്‍Updated: Thursday Jul 22, 2021
കൊല്ലം
കായികലോകം  ടോക്യോയിലേക്ക്‌ ചുരുങ്ങാൻ മണിക്കൂറുകൾ ശേഷിക്കെ പ്രതീക്ഷയുടെ ഉന്നതയിലാണ്‌ കളിപ്രേമികളും. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധിക്കിടെ ഒളിമ്പിക്‌സ്‌ ദീപത്തിന്‌ തിരിതെളിയുമ്പോൾ ഇന്ത്യയുടെ സ്വപ്‌നക്കുതിപ്പ്‌ കാത്തിരിക്കുകയാണ്‌ രാജ്യം. 2012ൽ ലണ്ടനിൽ ആറു മെഡൽ നേടി 56 –-ാം സ്ഥാനം നേടിയ ഇന്ത്യക്ക് റിയോയിൽ നേട്ടം ആവർത്തിക്കാനായില്ല. എന്നാൽ, ടോക്യോയിൽ  മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ. 
ഫാത്തിമ മാതാ നാഷണൽകോളേജും ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ്‌ സെല്ലും (ഐക്യുഎസി) സംഘടിപ്പിച്ച ഇന്ത്യാ @ ടോക്യോ 2021 ഓൺലൈൻ പാനൽ ചർച്ചയിലാണ് ദ്രോണാചാര്യ ജേതാക്കളും മുൻ ഒളിമ്പ്യന്മാരും ടോക്യോയിലെ സാധ്യതകളെക്കുറിച്ച്‌ മനസ്സ്‌ തുറന്നത്‌. 
ഇന്ത്യക്ക് ആദ്യമായി വ്യക്തിഗത ഇനത്തിൽ സ്വർണം സമ്മാനിച്ച ഷൂട്ടിങ്ങിൽ വലിയ നേട്ടങ്ങൾ ഉണ്ടാകുമെന്ന്‌ ദ്രോണാചാര്യ അവാർഡ് ജേതാവ് സണ്ണി തോമസ് അഭിപ്രായപ്പെട്ടു. ലോക റാങ്കിങ്ങിൽ മുൻനിരയിലുള്ളവരാണ്‌ ഇന്ത്യക്കായി ഇത്തവണ മാറ്റുരയ്‌ക്കുന്നത്. കോവിഡ് മൂലം പരിശീലനം മുടങ്ങിയതിന്റെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നെങ്കിലും മികച്ച നിലവാരമാണ് ഇന്ത്യൻ ഷൂട്ടിങ്ങിനുള്ളത്‌. 
മേരികോം അടങ്ങുന്ന ഒമ്പത്‌ അംഗ ബോക്സിങ് ടീം ടോക്യോയിൽ മെഡൽവേട്ട നടത്തുമെന്ന്‌ ദ്രോണാചാര്യ ജേതാവായ ഡി ചന്ദ്രലാൽ പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാക വഹിക്കുന്നതും മേരികോം ആണെന്നത് ബോക്സിങ് മേഖലയ്‌ക്ക് അഭിമാനമാണ്‌. പുരുഷ ബോക്സിങ് റാങ്കിങ്ങിൽ ഒന്നാമതുള്ള അമിത് പങ്കർ ഉറച്ച മെഡൽ പ്രതീക്ഷയാണ്.
ടോക്യോയിലേക്കുള്ള യാത്രയ്‌ക്കു മുമ്പ്‌ ഇറ്റലിയിൽ കുറച്ചു ദിവസം പരിശീലനം ലഭിച്ചുവെന്നത് ഒഴിച്ചാൽ, സാധാരണ അന്താരാഷ്ട്ര മത്സരങ്ങൾക്കു മുമ്പ്‌ ലഭിക്കുന്ന വിദേശ പരിശീലനം ഇത്തവണ ഉണ്ടായിരുന്നില്ല. 1980നു ശേഷം ഹോക്കിയിൽ ഒരു ഒളിമ്പിക്സ്‌ മെഡൽ നേടാനായിട്ടില്ലെന്ന കളങ്കം ഇത്തവണ മാറ്റുമെന്ന് മുൻ ഒളിമ്പ്യൻ ദിനേഷ് നായിക് വ്യക്തമാക്കി. മലയാളിയായ ശ്രീജേഷ് ഇത്തവണയും ഹോക്കി ടീമിലുണ്ട്. പി വി സിന്ധു ഇത്തവണ സ്വർണം നേടുമെന്ന പ്രതീക്ഷയിലാണ് അർജുന അവാർഡ് ജേതാവായ ജോർജ് തോമസ്. 
സ്പോൺസർമാരും പിന്തിരിയുന്നത് ജപ്പാനെ സാമ്പത്തിക ഞെരുക്കത്തിലേക്ക് എത്തിക്കുമെന്നും സ്പോർട്സ് ജേർണലിസ്റ്റ് സനിൽ പി തോമസ് അഭിപ്രായപ്പെട്ടു. ഫാത്തിമ മാതാ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക എം സുപ്രിയ അധ്യക്ഷയായി. കായിക വിഭാഗം അധ്യാപകൻ സജു, കണ്ണൂർ യൂണിവേഴ്സിറ്റി കായികവിഭാഗം ഡയറക്ടർ കെ പി മനോജ്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top