15 September Monday

മാളിയേക്കൽ റെയിൽവേ മേൽപ്പാലം: നിർമാണം അന്തിമഘട്ടത്തിൽ

വെബ് ഡെസ്‌ക്‌Updated: Monday May 22, 2023

നിർമാണം പുരോഗമിക്കുന്ന മാളിയേക്കൽ റെയിൽവേ മേൽപ്പാലം

കരുനാഗപ്പള്ളി
കരുനാഗപ്പള്ളി -–-ശാസ്താംകോട്ട റോഡിൽ മാളിയേക്കൽ ലെവൽ ക്രോസിൽ മേൽപ്പാല നിർമാണം അന്തിമഘട്ടത്തിൽ. ലെവൽ ക്രോസിന് സമീപത്തെ പൈലിന്റെയും പൈൽ ക്യാപ്പുകളുടെയും നിർമാണം പൂർത്തിയായി. പിയർ, പിയർ ക്യാപ്പുകൾ എന്നിവയുടെ നിമാണവും പൂർത്തിയാക്കി.
 റെയിൽവേ ലൈനിന്‌ കുറുകെ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലികൾ ഉടൻ ആരംഭിക്കും. ഇവിടെ സ്ഥാപിക്കാനുള്ള ഗർഡറുകൾ തിരുച്ചിയിൽ നിർമാണത്തിലാണ്‌. ഇതോടെ മാളിയേക്കൽ റെയിൽവേ മേൽപ്പാലത്തിന്റെ പ്രധാന ജോലികൾ എല്ലാം അന്തിമഘട്ടത്തിലായി. പാലത്തിന്റെ മുകൾഭാഗത്തെ സ്ലാബുകൾ മാത്രമാണ് കോൺക്രീറ്റിൽ നിർമിക്കുന്നത്. തൂണുകളും ഗർഡറുകളുമെല്ലാം സ്റ്റീലിലാണ് നിർമിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് സ്റ്റീൽ കോമ്പോസിറ്റ് സ്ട്രച്ചറിൽ നിർമിക്കുന്ന ആദ്യമേൽപ്പാലങ്ങളിൽ ഒന്നാകും ഇത്‌. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എംഎൽഎ ആയിരുന്ന ആർ രാമചന്ദ്രന്റെ ശ്രമഫലമായാണ് മാളിയേക്കൽ മേൽപ്പാലം അനുവദിച്ചത്. ഒട്ടേറെ കടമ്പകൾക്കുശേഷമാണ് പാലത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കാനായത്‌. 44 ഭൂവുടമകളിൽ നിന്നാണ് മേൽപാലത്തിനായി സ്ഥലം ഏറ്റെടുത്തത്. മാളിയേക്കൽ മേൽപ്പാലം ഉൾപ്പെടെ പത്തു മേൽപ്പാലങ്ങൾ ഒരുമിച്ച് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ ഡിസൈൻ ബിൽഡ് ട്രാൻസ്ഫർ വ്യവസ്ഥയിലാണ് ടെൻഡർ ചെയ്തത്. 
എസ്പിഎൽ ഇൻഫ്രാസ്ട്രച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പാലത്തിന്റെ നിർമാണം ഏറ്റെടുത്തത്. 2021 ജനുവരി 23-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്ഘാടനം നിർവഹിച്ചു. റിറ്റ്‌സ് എന്ന കമ്പനിയെയാണ് പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റായി കിഫ്ബി വഴി ചുമതലപ്പെടുത്തിയത്. 33.04 കോടി രൂപ ചെലവിലാണ് നിർമിക്കുന്നത്. 547 മീറ്റർ നീളവും 10.15 മീറ്റർ വീതിയുമാണ് പാലത്തിന്. പുറമേ ഇരുവശത്തും സർവീസ് റോഡുകളും ഉണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top