28 March Thursday

കറവപ്പശുക്കള്‍ക്ക് 
ക്വാറന്റൈൻ കേന്ദ്രമൊരുങ്ങി

സ്വന്തംലേഖകൻUpdated: Wednesday Mar 22, 2023

പന്തപ്ലാവ് ക്ഷീരോൽപ്പാദക സഹകരണ സംഘം തുടങ്ങിയ ഹേർഡ് ക്വാറന്റൈൻ കം ക്യാറ്റിൽ ട്രേഡിങ് സെന്റർ

 

 
കൊല്ലം
ഇതര സംസ്ഥാനങ്ങളിൽനിന്ന് വാങ്ങുന്ന കറവപ്പശുക്കളെ പാർപ്പിച്ച് ആരോ​ഗ്യം ഉറപ്പാക്കി കർഷകർക്ക് കൈമാറുന്ന ജില്ലയിലെ ആദ്യ ക്വാറന്റൈൻ കേന്ദ്രം  പ്രവര്‍ത്തനം തുടങ്ങി. പത്തനാപുരം പട്ടാഴി പന്തപ്ലാവ് ക്ഷീരോൽപ്പാദക സഹകരണ സംഘമാണ് ഹേർഡ് ക്വാറന്റൈൻ കം ക്യാറ്റിൽ ട്രേഡിങ് സെന്റർ ഒരുക്കിയത്. പാൽ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന മിൽക് ഷെഡ് ഡെവലപ്പ്‌മെന്റ് പദ്ധതിയിലാണ് കേന്ദ്രം തുടങ്ങിയത്. ഇതുവരെ 30 പശുക്കളെ ക്വാറന്റൈനിൽ പാർപ്പിച്ച് കർഷകർക്ക് കൈമാറി. ഷെഡ്‌ ഉൾപ്പെടെ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് 6.30 ലക്ഷം രൂപയാണ് ക്ഷീരവികസന വകുപ്പ് കൈമാറുക. പഞ്ചായത്തിലെ വെറ്ററിനറി ഡോക്ടറുടെ സേവനം ലഭ്യമാകും. ജില്ലാതല ഉദ്യോ​ഗസ്ഥരും ഡിഇഒമാര്‍, സംഘം പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവരടങ്ങുന്ന സമിതി മേൽനോട്ടം വഹിക്കും. കൂടുതൽ സംഘങ്ങള്‍ മുന്നോട്ടുവന്നാൽ ക്വാറന്റൈൻ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാനാകുമെന്നാണ് ക്ഷീരവികസനവകുപ്പിന്റെ പ്രതീക്ഷ.
ലക്ഷ്യം നല്ലയിനം 
കറവപ്പശുക്കൾ
കറവ പശുക്കളെ വാങ്ങുന്നതിന് എംഎസ്ഡിപി പദ്ധതിയിൽ ക്ഷീരവികസനവകുപ്പ് ധനസഹായം നൽകുന്നുണ്ട്.  ​ഗുണഭോക്താക്കള്‍ പശുക്കളെ എടുക്കേണ്ടത് മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ്. സംസ്ഥാനത്തെ കറവപ്പശുക്കളുടെ എണ്ണം കൂട്ടാനും പാലുൽപ്പാദനം വര്‍ധിപ്പിക്കാനും നാട്ടിലെ മറ്റുപശുക്കളെ കാണിച്ചുള്ള സബ്സിഡി തട്ടിപ്പ് തടയുന്നതിനുമാണ്‌ ഈ നിബന്ധന. ഇങ്ങനെ എത്തിക്കുന്ന ചില പശുക്കൾക്ക്  കാലാവസ്ഥ, തീറ്റ എന്നിവയിലെ വ്യത്യാസം കാരണം പ്രതീക്ഷിച്ച പാൽ ലഭിക്കാത്തതും ചിലത് അസുഖം വന്ന് ചാവുന്നതും കർഷകർക്ക് ബാധ്യതയാകുന്നുണ്ട്.  ഈ പ്രശ്നം പരിഹരിച്ച് ​നല്ലയിനം കറവപ്പശുക്കളെ കർഷകർക്ക് ലഭ്യമാക്കാനാണ് ക്ഷീരസംഘങ്ങളുമായി ബന്ധപ്പെട്ട് ക്വാറന്റൈൻ കേന്ദ്രം ഒരുക്കുന്നത്.
ഒരുമാസം ക്വാറന്റൈൻ
പന്തപ്ലാവിലെ ക്ഷീരസംഘം തമിഴ്നാട്ടിൽനിന്ന് പശുക്കളെ എത്തിച്ച് ഒരു മാസം ക്വാറന്റൈനിൽ പാർപ്പിക്കും. രക്തം പരിശോധിക്കും. പോഷകങ്ങളടങ്ങിയ തീറ്റ നൽകി നിരീക്ഷിക്കും. അസുഖങ്ങളുണ്ടെങ്കിൽ ചികിത്സിച്ച് ഭേദമാക്കും. പ്രതിരോധ വാക്സിൻ നൽകും. പൂർണ ആരോ​ഗ്യവും  ഉറപ്പാക്കിയശേഷമാണ് കർഷകർക്ക് നൽകുന്നത്. കറവ കർഷകർക്ക് നേരിട്ട് മനസ്സിലാക്കാം. തമിഴ്നാട്ടിൽനിന്ന്‌ എത്തിക്കാനുള്ള വണ്ടിക്കൂലി, തീറ്റ, ചികിത്സ, ക്വാറന്റൈൻ ചെലവുകൾ തുടങ്ങിയവയെല്ലാം സർക്കാർ സംഘത്തിന് കൈമാറും. ക്വാറന്റൈൻ കേന്ദ്രത്തിന്റെ നമ്പർ: 7909247156.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top