29 March Friday

സർഗോത്സവമായി സാംസ്‌കാരിക സംഗമം

സ്വന്തം ലേഖകൻUpdated: Sunday Jan 22, 2023

പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന കമ്മിറ്റി കൊല്ലത്ത്‌ സംഘടിപ്പിച്ച ദക്ഷിണമേഖല സാംസ്‌കാരിക സംഗമം തമിഴ്‌ സാഹിത്യകാരൻ ആതവൻ ദീക്ഷിണ്യ ഉദ്‌ഘാടനംചെയ്യുന്നു

കൊല്ലം
കലാകാരന്മാരും എഴുത്തുകാരും പങ്കെടുത്ത ദക്ഷിണമേഖല സാംസ്‌കാരിക സംഗമം സർഗോത്സവമായി. പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന കമ്മിറ്റി കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ ഒരുക്കിയ പരിപാടിയിൽ ഇടുക്കി, എറണാകുളം, കോട്ടയം,  ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കലാകാരന്മാരും എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരുമാണ്‌ സംഗമത്തിന്റെ ഭാഗമായത്‌.  ഇടുക്കിയിൽ നിന്നുള്ള രാജീവ്‌ തൊടുപുഴ അവതരിപ്പിച്ച ഏകപാത്ര നാടകത്തോടെയായിരുന്നു തുടക്കം. എറ്റവും ഒടുവിൽ കൊല്ലത്തെ വി ഹർഷകുമാറിന്റെ കഥാപ്രസംഗം അരങ്ങേറി.
തമിഴ്‌ സാഹിത്യകാരൻ ആതവൻ ദീക്ഷിണ്യ സംഗമം ഉദ്‌ഘാടനംചെയ്‌തു. പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന സെക്രട്ടറി അശോകൻ ചരുവിൽ അധ്യക്ഷനായി. കുരീപ്പുഴ ശ്രീകുമാർ കവിതചൊല്ലി. കെ ഇ എൻ കുഞ്ഞഹമദ്‌, അഡ്വ. കെ പി സജിനാഥ്‌ എന്നിവർ സംസാരിച്ചു. വിജയലക്ഷ്‌മി, ജില്ലാ പ്രസിഡന്റ്‌ ബീനാസജീവ്‌, ഗോകുലേന്ദ്രൻ എന്നിവർ പങ്കെടുത്തു. സംഘാടകസമിതി ചെയർമാൻ എക്‌സ്‌ ഏണസ്‌റ്റ്‌ സ്വാഗതവും ജനറൽ കൺവീനർ ഡോ. സി ഉണ്ണിക്കൃഷ്‌ണൻ നന്ദിയും പറഞ്ഞു. കൊല്ലം വികെഎസ്‌ ഗായകസംഘത്തിലെ ആതിരാ സുന്ദറും സംഘവും അവതരിപ്പിച്ച നൃത്തശിൽപ്പവും ഉണ്ടായി. വൈകിട്ട്‌ സമാപന സമ്മേളനം പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഇ പി രാജഗോപാലൻ ഉദ്‌ഘാടനംചെയ്‌തു. 
ജില്ലാ പ്രസിഡന്റ്‌ ബീനാ സജീവ്‌ അധ്യക്ഷയായി. സംസ്ഥാന ട്രഷറർ ടി ആർ അജയൻ, സാക്ഷരതാമിഷൻ ഡയറക്‌ടർ എ ജി ഒലീന, ഗായത്രി, പ്രമോദ്‌ പയ്യന്നൂർ എന്നിവർ സംസാരിച്ചു. രാധാ കാക്കനാടൻ, ചന്ദ്രകുമാരി, ഡോ. സി ഉണ്ണിക്കൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു. ദക്ഷിണമേഖലാ സെക്രട്ടറി ഡി സുരേഷ്‌കുമാർ സ്വാഗതവും ജില്ലാ ട്രഷറർ എൻ പി ജവഹർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top