26 April Friday
വിസ്‌മയ കേസിൽ സാക്ഷിവിസ്താരം തുടരുന്നു

സ്വർണം കുറഞ്ഞതോടെ കിരൺ മർദനം തുടങ്ങി; വിസ്‌മയയ്ക്ക്‌ മറ്റു ബന്ധങ്ങളുണ്ടെന്ന്‌ കഥയുണ്ടാക്കാനും ശ്രമം

സ്വന്തം ലേഖകൻUpdated: Saturday Jan 22, 2022
കൊല്ലം> സ്വർണം ലോക്കറിൽ വയ്‌ക്കാൻ പോയപ്പോൾ പറഞ്ഞതിനേക്കാൾ കുറവ്‌ കണ്ടതോടെയാണ്‌ വിസ്‌മയയെ ഭർത്താവ്‌ കിരൺ ഉപദ്രവിച്ചു തുടങ്ങിയതെന്ന്‌ വിസ്‌മയയുടെ അമ്മ സജിത വി നായർ. ലോക്‌ഡൗൺ കാരണമാണ്‌ പറഞ്ഞുറപ്പിച്ച 100 പവൻ നൽകാൻ കഴിയാതിരുന്നത്‌. യാരിസ്‌ കാർ നൽകിയിരുന്നു. വിവാഹം കഴിഞ്ഞ്‌ കുറേനാൾ കുഴപ്പമില്ലാതെയായിരുന്നു ഇവരുടെ കുടുംബജീവിതമെന്നും വിസ്‌മയ മരിച്ച കേസിൽ കൊല്ലം ഒന്നാം അഡീ. സെഷൻസ്‌ കോടതി ജഡ്‌ജി കെ എൻ സുജിത്‌ മുമ്പാകെ മൊഴി നൽകി. വിസ്‌മയ കേസിൽ മൂന്നാം സാക്ഷിയാണ്‌ സജിത വി നായർ. 
 
തുണിയെടുക്കാൻ പോയി മടങ്ങുംവഴി കാറിനെച്ചൊല്ലി വഴക്കുണ്ടായി. വിസ്‌മയയെ കിരൺ കാറിൽവച്ച്‌ ഉപദ്രവിച്ചു. ഇതേത്തുടർന്ന്‌ ചിറ്റുമലയിലെ ഒരുവീട്ടിൽ അഭയംതേടി. അന്ന്‌ വൈകിട്ട്‌ താനും ഭർത്താവും കിരണിന്റെ വീട്ടിൽ ചെന്നപ്പോൾ കൊടുക്കാമെന്നു പറഞ്ഞത്‌ കൊടുത്താൽ പ്രശ്‌നങ്ങളെല്ലാം തീരുമെന്ന്‌ കിരണിന്റെ അച്ഛൻ പറഞ്ഞു.
 
കാർ കൊള്ളില്ല വേറെവേണമെന്നു പറഞ്ഞ്‌ 2021 ജനുവരി രണ്ട്‌ അർധരാത്രി മകളെ ഉപദ്രവിച്ചു. കാറിൽ കയറ്റി വീട്ടിൽ കൊണ്ടുവന്നിറക്കി പ്രശ്‌നങ്ങളുണ്ടാക്കി. എന്നിട്ടും മകൾ പ്രതിയുടെ വീട്ടിൽ കഴിഞ്ഞു. അതിനുകാരണം ഫെബ്രുവരി എട്ടിന്‌ നിശ്ചയിച്ച സഹോദരൻ വിജിത്തിന്റെ വിവാഹസമയം വീട്ടിൽ നിന്നാൽ നാട്ടുകാരുടെ മുന്നിൽ കുറച്ചിലാകുമെന്ന വിസ്‌മയയുടെ തോന്നലായിരുന്നു. മകൾ പീഡനവിവരം പറഞ്ഞതിനെ തുടർന്ന്‌ സമുദായ സംഘടനകളെ വിവരമറിയിച്ചു. വിഷയം മാർച്ച്‌ 25ന്‌ ചർച്ചചെയ്യാനിരിക്കെ 17ന്‌ കിരണിന്റെ ജന്മദിനത്തിന്റെ അന്ന്‌ വിസ്‌മയ കിരണിനൊപ്പം പോയി. അതിനുശേഷം കിരണിന്റെ വീട്ടിലായിരുന്നു. തങ്ങളെ ഫോൺ ചെയ്യാൻ പോലും മകളെ അനുവദിച്ചില്ല. ഇതിനിടെ ഒരുദിവസം വിസ്‌മയയുമായി സംസാരിച്ചിരിക്കെ ഫോൺ തട്ടിപ്പറിച്ച്‌ തന്നെ ചീത്ത പറഞ്ഞെന്നും സജിത മൊഴിനൽകി. 
 
മകൾ തന്നെ ഫോണിലും വാട്‌സാപ്പിലുമാണ്‌ വിളിച്ചിരുന്നത്‌. വിസ്‌മയയ്ക്കു ദോഷകാലമാണെന്ന്‌ ജ്യോത്സ്യൻ പറഞ്ഞതിനാൽ  സാഹചര്യങ്ങളോട്‌ പൊരുത്തപ്പെടാൻ അവളോട്‌ പറഞ്ഞിരുന്നു. കാറിൽവച്ച്‌ കിരൺ വിസ്‌മയയെ ചീത്ത വിളിക്കുന്നതും വിസ്‌മയയുടെ അച്ഛനെ ഉപദ്രവിക്കുമെന്ന്‌ ഭീഷണിപ്പെടുത്തുന്നതും സ്‌ത്രീധന ആരോപണമുയർന്നാൽ വിസ്‌മയയ്ക്ക്‌ മറ്റു ബന്ധങ്ങളുണ്ടായിരുന്നെന്ന്‌ കഥ അടിച്ചിറക്കുമെന്ന്‌ കിരണും സഹോദരി ഭർത്താവ്‌ മുകേഷുമായുള്ള ഫോൺ സംഭാഷണവും കിരണിന്റെ ശബ്‌ദവും സജിത കോടതിയിൽ തിരിച്ചറിഞ്ഞു. പ്രതിഭാഗം കോടതിയിൽ കേൾപ്പിച്ച വിസ്‌മയയുടെയും സാക്ഷിയുടെയും ശബ്‌ദവും സജിത തിരിച്ചറിഞ്ഞു. സാക്ഷിയുടെ എതിർ വിസ്‌താരം തിങ്കളാഴ്ച തുടരും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top