24 April Wednesday

ഓയിൽ പാമിൽ വീണ്ടും സൈറൺ

സ്വന്തം ലേഖകൻUpdated: Saturday Jan 22, 2022

ഏരൂർ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്‌ എസ്റ്റേറ്റ്‌ ഫാക്ടറിയുടെ ബോയ്‌ലറിൽ ട്യൂബുകൾ മാറ്റിസ്ഥാപിച്ച നിലയിൽ

കൊല്ലം
ഏരൂർ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്‌ എസ്റ്റേറ്റ്‌ ഫാക്ടറിയിൽ എണ്ണ ഉൽപ്പാദനം ഫെബ്രുവരി ഒന്നിന്‌ പുനരാരംഭിക്കും. പ്ലാന്റിന്റെ അറ്റകുറ്റപ്പണി 31നു പൂർത്തിയാകുന്ന സാഹചര്യത്തിലാണിത്‌. സംസ്ഥാന സർക്കാർ 86 ലക്ഷം രൂപ പ്ലാന്റിന്റെ അറ്റകുറ്റപ്പണികൾക്കായി അടിയന്തരമായി അനുവദിച്ചിരുന്നു. 28 ലക്ഷം രൂപ ചെലവിൽ ബോയ്‌ലറിലെ പ്രവർത്തനക്ഷമത കുറഞ്ഞ ട്യൂബുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിയാണ്‌ നടക്കുന്നത്‌. ഇത്തരത്തിൽ 482 ട്യൂബ്‌ ബോയ്‌ലറിൽ പുതുതായി ഘടിപ്പിച്ചു. ഇവ ഫാക്ടറീസ്‌ ആൻഡ്‌ ബോയ്‌ലേഴ്‌സ്‌ ഉദ്യോഗസ്ഥർ പരിശോധിച്ച്‌ സർട്ടിഫിക്കറ്റ്‌ നൽകുന്നതോടെയാണ്‌ എണ്ണ ഉൽപ്പാദനം പുനരാരംഭിക്കുക.
മുബൈയിൽനിന്ന്‌ വാങ്ങിയ 20 ടണ്ണോളം തൂക്കമുള്ള 700 ട്യൂബ്‌ റോഡ്‌ മാർഗമാണ്‌ ഫാക്ടറിയിൽ എത്തിച്ചത്‌. വാട്ടർവോൾ സംരക്ഷണമുള്ളതാണ്‌ ട്യൂബുകൾ. തൃച്ചിയിലെ സ്വകാര്യ കമ്പനിയിൽ എത്തിച്ച്‌ ഇവ ഓയിൽ പാം കമ്പനിക്കാവശ്യമായ തരത്തിൽ രൂപമാറ്റം വരുത്തി. ഫാക്ടറിയിൽ മറ്റ്‌ നവീകരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്‌. ഫാക്ടറിയിലെ മറ്റൊരു ബോയ്‌ലറിനും അറ്റകുറ്റപ്പണി വേണം. കർഷകരിൽനിന്ന്‌ നെൽ സംഭരിച്ച ഇനത്തിൽ ലഭിക്കാനുള്ള സബ്‌സിഡി സർക്കാർ അനുവദിക്കുന്നതോടെ രണ്ടാമത്തെ ബോയ്‌ലറിന്റെ അറ്റകുറ്റപ്പണിയും ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ ഓയിൽപാം അധികൃതർ. 
നേരത്തെ പി എസ്‌ സുപാൽ എംഎൽഎ ഇടപെട്ടതിനെ തുടർന്നാണ്‌ ഫാക്ടറി നവീകരണത്തിന്‌ നടപടിയുണ്ടായത്‌. തുടർന്ന്‌ പ്രതിസന്ധി നേരിട്ട്‌ വിലയിരുത്താൻ കൃഷിമന്ത്രി പി പ്രസാദ്‌ സ്ഥലം സന്ദർശിച്ചിരുന്നു. പ്രശ്‌നപരിഹാരത്തിന്‌ അടിയന്തര നടപടി ആവശ്യപ്പെട്ട്‌ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും നിവേദനവും നൽകിയിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top