ചവറ
മദ്യലഹരിയിലായിരുന്ന യുവാവ് ഓണം ബംബര്‍ ലോട്ടറിയെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ സുഹൃത്തിനെ വെട്ടിക്കൊന്നു. തേവലക്കര അരിനല്ലൂര്‍ കളങ്ങരക്കിഴക്കതില്‍ നാണുവിന്റെയും പരേതയായ ശാന്തയുടെയും മകന്‍ ദേവദാസാ (37)- ണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയും സുഹൃത്തുമായ കളങ്ങര വീട്ടില്‍ അജിത്തിനെ (39)- ചവറ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തു. ബുധൻ പകൽ രണ്ടോടെ അരിനല്ലൂർ കളങ്ങര അൻസർ കശുവണ്ടി ഫാക്ടറിക്ക് സമീപത്തെ അടഞ്ഞുകിടന്ന കടത്തിണ്ണയിലാണ് സംഭവം. പൊലീസ് പറയുന്നത് ഇങ്ങനെ: മരംവെട്ട് തൊഴിലാളിയായ ദേവദാസും അജിത്തും സുഹൃത്ത് സുരേന്ദ്രനും സ്ഥിരമായി അടച്ചിട്ട കടയുടെ തിണ്ണയില്‍ ഇരിക്കുന്നത് പതിവാണ്. ബുധനാഴ്ച ലോട്ടറിയെച്ചൊല്ലി സംസാരം ഉണ്ടായി. ദേവദാസ് എടുത്ത ഓണം ബംബർ ലോട്ടറി അജിത്തിനെ ഏല്‍പ്പിച്ചിരുന്നു. ഫലം വരുന്നതിനു മുമ്പ് ദേവദാസ് ലോട്ടറി തിരികെ ചോദിച്ചെങ്കിലും കൊടുക്കാന്‍ അജിത് തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. മദ്യലഹരിയിലായിരുന്ന അജിത് സമീപത്തുള്ള സ്വന്തം വീട്ടില്‍നിന്ന് വെട്ടുകത്തിയുമായെത്തി ദേവദാസിനെ ആക്രമിക്കുകയായിരുന്നു. വെട്ടുകൊണ്ട് ദേവദാസിന്റെ വലതുകൈ അറ്റുതൂങ്ങി. നിലത്തുവീണ ദേവദാസിനെ രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ആയുധവുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അജിത് ആരെയും അടുക്കാന്‍ സമ്മതിച്ചില്ല. അപ്പോഴേക്കും രക്തംവാര്‍ന്ന് ദേവദാസ് അവശനിലയിലായിരുന്നു.
സംഭവമറിഞ്ഞ് ചവറ തെക്കുംഭാഗം സിഐ ദിനേശ്കുമാര്‍, എസ്ഐമാരായ ഗോപകുമാര്‍, ക്രിസ്റ്റിന്‍ ആന്റണി, എസ്‌സിപിഒമാരായ ദിനേസ്, സിബി, സിപിഒ രാജീവ് എന്നിവരുടെ സംഘം നാട്ടുകാരുടെ സഹായത്തോടെ അജിത്തിനെ കീഴ്‌പ്പെടുത്തി ദേവദാസിനെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..