18 December Thursday

കുളിരേകാൻ 83 കുളം

സ്വന്തം ലേഖികUpdated: Tuesday Mar 21, 2023

വേനൽ വറുതി, മൈനാഗപ്പള്ളി പഞ്ചായത്തിൽ കുളം നിർമാണത്തിൽ ഏർപ്പെട്ട തൊഴിലുറപ്പു തൊഴിലാളികൾ

കൊല്ലം
വേനൽ വറുതിയെ വരുതിയിലാക്കാൻ ജില്ലയിലെ തൊഴിലുറപ്പു തൊഴിലാളികൾ നിർമിച്ചത്‌ 83 കുളം. സംസ്ഥാന സർക്കാരിന്റെ രണ്ടാംവാർഷികവുമായി ബന്ധപ്പെട്ട് നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിലുറപ്പു പദ്ധതിയിൽ സംസ്ഥാനത്ത് 1000 കുളം നിർമിക്കുന്നതിന്റെ ഭാഗമായാണ്‌ ജില്ലയിൽ ലക്ഷ്യം പൂർത്തീകരിച്ചത്‌. 79 കുളം നിർമിക്കാനായിരുന്നു ടാർജറ്റ്‌. 
കാർഷിക, ഗാർഹിക ആവശ്യങ്ങൾക്കും ഭൂഗർഭജലം പിടിച്ചുനിർത്താനും ലക്ഷ്യമിട്ടാണ്‌ ഇവ നിർമിച്ചത്. 68 പഞ്ചായത്തിലായി നിർമിച്ച കുളങ്ങളിൽ 12ലക്ഷം ക്യുബിക് മീറ്റർ വെള്ളം സംഭരിക്കാനാകും. കയർ ഭൂവസ്‌ത്രം അണിയിച്ച്‌ കുളങ്ങൾ സംരക്ഷിക്കുക വഴി കയർ മേഖലയ്‌ക്കും കൂടുതൽ ഉണർവ്‌ കൈവന്നു. ഒരു കുളം നിർമാണത്തിലുടെ തൊഴിലാളകൾക്ക്‌ ശരാശരി 470 മുതൽ 500വരെ തൊഴിൽദിനങ്ങളാണ്‌ ലഭ്യമായത്‌. 
അരസെന്റ്‌ മുതൽ അഞ്ചുസെന്റ്‌ വരെ വലുപ്പമുള്ള കുളങ്ങളാണ്‌ നിർമിച്ചത്.  ഇവയുടെ സംരക്ഷണത്തിന്‌ അഞ്ചുലക്ഷം സ്‌ക്വയർ മീറ്റർ കയർ ഭൂവസ്‌ത്രം ഉപയോഗിച്ചു. കയർ ഭൂവസ്‌ത്രം വിരിച്ച്‌ രാമച്ചം, തീറ്റപ്പുല്ല്‌ എന്നിവയും നട്ടുപിടിപ്പിച്ചാണ്‌ സംരക്ഷിച്ചത്. കുളങ്ങൾ നിർമിച്ചതിലൂടെ കൃഷി വ്യാപകമാക്കാനും കുടിവെള്ളക്ഷാമം പരിഹരിക്കാനും സാധിക്കും. ജലാശയങ്ങളിൽ തടയണകൾ, വീടുകളിൽ മഴവെള്ളം സംഭരിച്ച് കിണർ റീചാർജ്, മഴക്കുഴികളുടെ നിർമാണം എന്നിവയും പദ്ധതിയിൽ ഏറ്റെടുത്ത് നിർമിച്ചുവരുന്നു. രണ്ടാംഘട്ടത്തിൽ 100 കുളംകൂടി നിർമിക്കുന്നതിന്‌ ഉടൻ തുടക്കമാകും. മെയ് മാസത്തിനകം പൂർത്തിയാക്കാനാണ്‌ ലക്ഷ്യം.
 
ഉദ്ഘാടനം നാളെ
കൊല്ലം
ജില്ലയിൽ നിർമിച്ച കുളങ്ങളുടെ ജില്ലാതല ഉദ്ഘാടനം ബുധൻ പകല്‍ 10.30ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ഓൺലൈനായി നിർവഹിക്കും.കൊറ്റങ്കര പഞ്ചായത്ത് കുമലിയിലെ കുളം കലക്ടർ അഫ്‌സാന പർവീണും ശാസ്താംകോട്ട ബ്ലോക്കിലെ മൈനാഗപ്പള്ളി പഞ്ചായത്ത്  16 –--ാം വാർഡിലെ  കാർഷികകുളം കോവൂർ കുഞ്ഞുമോൻ എംഎൽഎയും ശൂരനാട് വടക്ക്‌ പഞ്ചായത്തിലെ കാർഷിക കുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപനും  ഉദ്ഘാടനംചെയ്യും. തുടർന്ന് എല്ലാ പഞ്ചായത്തുകളിലും വിവിധ പരിപാടികളോടെ ജലദിനം ആഘോഷിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top