20 April Saturday

കല്ലടയാറ്റിൽ തടയണയ്ക്ക്‌ വീണ്ടും ടെൻഡർ

ജി രംഗനാഥൻUpdated: Wednesday Oct 20, 2021

ഞാങ്കടവ് കുടിവെള്ള പദ്ധതിയിൽ കല്ലടയാറ്റില്‍ തടയണ നിര്‍മിക്കുന്ന ഭാ​ഗം

കൊട്ടാരക്കര
ഞാങ്കടവ് കുടിവെള്ള പദ്ധതിക്കുവേണ്ടി കല്ലടയാറ്റിൽ തടയണ നിർമാണത്തിന്‌ വീണ്ടും ടെൻഡർ വിളിക്കാൻ നടപടി തുടങ്ങി. നേരത്തെ കരാർ എടുത്തവർ തുക കൂടുതൽ വേണമെന്ന്‌ ആവശ്യപ്പെട്ടതോടെയാണ്‌ പഴയ കരാർ റദ്ദാക്കി വീണ്ടും ടെൻഡർ നടപടിയിലേക്ക്‌ കടക്കുന്നത്‌. 25 കോടിയുടേതായിരുന്നു നേരത്തെ ഉണ്ടായിരുന്ന അടങ്കൽ. പുതുക്കിയതനുസരിച്ച്‌ ഇത്‌ 32 കോടിയാണ്‌. ഇതിന്‌ സാങ്കേതികാനുമതിയായി. 
96 മീറ്റർ നീളം
കൊല്ലം കോർപറേഷനിലും കൊറ്റങ്കര പഞ്ചായത്തിലും കുടിവെള്ളം എത്തിക്കാനുള്ളതാണ്‌ ഞാങ്കടവ്‌ പദ്ധതി. കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിച്ച്‌ 96 മീറ്റർ നീളമുള്ളതാണ് തടയണ. പഴയ ചീപ്പിനെപ്പോലെ റഗുലേറ്റർ മാതൃകയിലാണ് ഇതും നിർമിക്കുന്നത്. മണൽച്ചാക്കുകൾ അടുക്കി 45 മീറ്റർ ഭാഗം വേ‌ർതിരിച്ചെടുത്ത് വെള്ളം വറ്റിച്ചശേഷമാണ് ഒരു ഭാഗത്ത് നിർമാണം.  മറുഭാഗത്തുകൂടി വെള്ളം ഒഴുകിപ്പോകുംവിധമാണ് നിർമാണം. മുകളിലേക്ക് ആറുമീറ്റർ ഉയരമുള്ള സ്റ്റീൽ ഷട്ടർ സ്ഥാപിച്ചാണ് വെള്ളം നിയന്ത്രിക്കുക.  
ഏപ്രിലോടെ ആദ്യഘട്ടം
ഡിസംബറോടെ നിർമാണം തുടങ്ങാനാണ്‌ ആലോചന. മാർച്ച്, ഏപ്രിൽ മാസത്തോടെ  തടയണയുടെ ആദ്യഘട്ടം പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം.  കനത്ത മഴയിൽ കല്ലടയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. തെന്മല ഡാം ഷട്ടർ കൂടുതൽ തുറന്നാൽ വെള്ളം ഉയരും. അതിനാൽ സാഹചര്യം വിലയിരുത്തിയാകും പ്രവൃത്തി തുടങ്ങുക. ആദ്യ അടങ്കൽ പ്രകാരം ആറര മീറ്റർ ആഴത്തിൽ പൈലിങ്‌ വേണമായിരുന്നു. എന്നാൽ കല്ലടയാറ്റിലെ ആഴക്കൂടുതലുള്ള ഭാഗമാണിവിടം. മധ്യഭാഗത്ത് മൂന്നുനില ഉയരം കണക്കാക്കി ഒമ്പതുമീറ്റർ ആഴത്തിൽ പൈലിങ്‌ നടത്തണം. അതിനാൽ ചെലവു കൂടും എന്നു പറഞ്ഞ്‌ കരാറുകാരൻ കൂടുതൽ തുക ആവശ്യപ്പെടുകയായിരുന്നു. അതോടെയാണ്‌ കരാർ റദ്ദായത്‌. 
കിണർ തയ്യാർ
കല്ലടയാറിന്റെ തീരത്തെ ഞാങ്കടവിൽ കിണറും പമ്പ് ഹൗസും പൂർത്തിയായിരുന്നു. ടാങ്കും പമ്പ് ഹൗസും സ്ഥാപിച്ച ഭാഗം കൂടുതൽ ബലപ്പെടുത്തണം. അധികമായി സുരക്ഷാ സംവിധാനങ്ങളൊരുക്കാനും മറ്റുമായി രണ്ടുകോടി കൂടി വകയിരുത്തി. ഇതനുസരിച്ചാണ്‌ പുതിയ അടങ്കൽ തുക 32 കോടിയായത്‌.  ജലസേചന വകുപ്പിനാണ്‌ നിർമാണച്ചുമതല. ഞാങ്കടവ് പാലത്തിന്റെ ഉയരം അടിസ്ഥാനമാക്കിയാണ്‌ തടയണയുടെ ഉയരവും ക്രമീകരിക്കുക. മഴക്കാലത്ത് അധിക ജലമെത്തുമ്പോൾ ഷട്ടർ തുറന്നുവിടാനുള്ള സൗകര്യവും ഒരുക്കും. പമ്പ് ഹൗസിൽനിന്ന് നൂറുമീറ്റർ അകലെയാകും തടയണ. ഉപ്പുവെള്ളത്തിന്റെ ശല്യം ഉണ്ടാകാതിരിക്കാനും വെള്ളത്തിന്റെ ലഭ്യത എല്ലാ കാലത്തും തുല്യമായിരിക്കാനുമാണ് തടയണ നിർമിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top