കടയ്ക്കൽ
വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും കേരളത്തിനെതിരെയുള്ള കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനും എതിരെ സിപിഐ എം ചടയമംഗലം മണ്ഡലം കമ്മിറ്റി കടയ്ക്കലിൽ സംഘടിപ്പിച്ച ബഹുജനക്കൂട്ടായ്മ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്‌ഘാടനംചെയ്‌തു. ഡിവൈഎഫ്ഐ അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെയ്ക് സി തോമസ് മുഖ്യപ്രഭാഷണംനടത്തി. ബസ് സ്റ്റാന്റ് മൈതാനിയിൽ ചേർന്ന യോഗത്തിൽ ജില്ലാ കമ്മിറ്റിയംഗം പി കെ ബാലചന്ദ്രൻ അധ്യക്ഷനായി. കടയ്ക്കൽ ഏരിയ സെക്രട്ടറി എം നസീർ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് വിക്രമൻ, ജോർജ്ജ് മാത്യൂ, ജില്ലാ കമ്മിറ്റിഅംഗം ഡി രാജപ്പൻനായർ, ചടയമംഗലം ഏരിയ സെക്രട്ടറി പത്മകുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം എസ് മുരളി, എം മനോജ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
വർഗീയതകൊണ്ട് കേന്ദ്രം രാജ്യത്തെ വിഭജിക്കുന്നു: എസ് സുദേവൻ
കടയ്‌ക്കൽ
വർഗീയവും സാമ്പത്തികവുമായ അജൻഡകൾ കൊണ്ട് ആസൂത്രിത നീക്കങ്ങളിലൂടെ രാജ്യത്തെ വിഭജിക്കുകയും, അജൻഡകൾ വയ്ക്കാതെ പാർലമെന്റ് സമ്മേളനങ്ങൾ നടത്തി സ്വന്തം താൽപ്പര്യങ്ങൾ നടപ്പിലാക്കുന്ന ഭരണാധികാരികളുടെ രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞുവെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ പറഞ്ഞു. സിപിഐ എം ചടയമംഗലം അസംബ്ലി മണ്ഡലം കമ്മിറ്റി കടയ്ക്കലിൽ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനവിരുദ്ധവും കർഷകവിരുദ്ധവുമായ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരേ കർഷക ജനസാമാന്യത്തിന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങളും രാജ്യത്ത് പുതു പ്രതീക്ഷയായി കടന്നുവന്നിട്ടുള്ള പ്രതിപക്ഷ പാർടികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിലുള്ള പോരാട്ടങ്ങളും പുതിയൊരിന്ത്യ എന്ന പ്രതീക്ഷയാണ് രാജ്യത്തിന് നൽകുന്നത്. സമാനതകളില്ലാത്ത കേരളത്തിലെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..