അഞ്ചൽ
ഏക്കറുകൾ പച്ചവിരിച്ചു കിടക്കുന്ന എണ്ണപ്പനത്തോട്ടം കണ്ടിട്ടുണ്ടോ? പാമോയിൽ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ നേരെ വരൂ ഏരൂരിലെ ഓയിൽ പാം ഇന്ത്യ ഫാക്ടറിയിലേക്ക്. ഏരൂർ, കുളത്തൂപ്പുഴ, ചിതറ പഞ്ചായത്തിലായി പതിനായിരത്തോളം ഏക്കർ വിസ്തൃതിയിൽ കിടക്കുന്ന തോട്ടത്തിൽനിന്ന് എണ്ണപ്പനക്കായ ശേഖരിച്ച് പാമോയിലാക്കി മാറ്റുന്ന കാഴ്ച നവ്യാനുഭവമാണ്. ഫാക്ടറി പ്രവർത്തിക്കുന്ന കുന്നിൻ മുകളിൽ കയറിയാൽ കിലോമീറ്ററോളം പരന്നുകിടക്കുന്ന പ്രകൃതിസൗന്ദര്യവും ആസ്വദിക്കാം. അഞ്ചൽ–- കുളത്തൂപ്പുഴ റോഡിൽ ഭാരതീപുരത്തുനിന്ന് ഓയിൽപാം എസ്റ്റേറ്റിൽ പ്രവേശിച്ച് രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചാൽ ഫാക്ടറിയിൽ എത്താം. വഴിയിൽ റോഡരികിൽ മഞ്ഞയും ചുവപ്പും കലർന്ന എണ്ണപ്പന പഴക്കുലകൾ കൂട്ടിയിട്ടിരിക്കുന്ന കാഴ്ചയും അതിമനോഹരം. വാഹനങ്ങളിൽ എത്തുന്നവർ ഉള്ളിലേക്ക് പ്രവേശിക്കുന്നതിന് അനുമതിവാങ്ങണം. എണ്ണപ്പന പഴം ശേഖരിക്കുന്നതു മുതൽ പാമോയിൽ ആയി മാറുന്നതുവരെയുള്ള കാഴ്ച കൗതുകകരമാണ്. അനുമതിയോടെ ഫാക്ടറി പ്രവർത്തനം കാണാം. പായ്ക്കറ്റിലാക്കിയ പാമോയിൽ വാങ്ങാനും അവസരമുണ്ട്. കുട്ടനാട് റൈസ് എന്ന കുത്തരിയും ലഭ്യമാണ്.
കേന്ദ്ര–- സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള ഓയിൽപാം ഇന്ത്യാ ലിമിറ്റഡ് 1977ലാണ് സ്ഥാപിച്ചത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദനകേന്ദ്രങ്ങളിലൊന്നാണ് ഇത്. കമ്പനിയുടെ എസ്റ്റേറ്റിൽനിന്നും കൃഷിക്കാരിൽനിന്നും ലഭിക്കുന്ന എണ്ണപ്പനപ്പഴം ഉപയോഗിച്ച് ഉയർന്ന ഗുണനിലവാരമുള്ള പാമോയിൽ ഉൽപ്പാദിപ്പിക്കാനുള്ള ശേഷി നിലവിൽ കമ്പനിക്കുണ്ട്. ഏകദേശം 7000 മെട്രിക് ടൺ ക്രൂഡ് പാം ഓയിലാണ് ഓരോ വർഷവും ഉൽപ്പാദിപ്പിക്കുന്നത്. കോട്ടയത്താണ് ഹെഡ് ഓഫീസ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..