28 March Thursday

ചവറയിൽ വൻ കവർച്ചാസംഘം പിടിയിൽ

സ്വന്തം ലേഖകന്‍Updated: Monday Sep 20, 2021
ചവറ 
വിവിധ പ്രദേശങ്ങളിലായി വീടുകളിൽ കയറി സ്വർണം മോഷ്ടിച്ച കേസിൽ ആസാം സ്വദേശികളായ മൂന്നുപേർ പിടിയിൽ. ആസാമിലെ ഹോജെ ജില്ലയിൽ തിനാലി ബസാർ ബദോമി പത്തടി സ്വദേശി അബ്ദുൽ ഗഫൂർ (24), ഹുദാലി ബസാറിൽ അഷ്റഫുൾ ആലം (24), നാഗോൺ ജില്ലയിലെ ബാമുനാഗോൻ സ്വദേശി ബിജയ് ദാസ് (31)എന്നിവരെ പ്രത്യേക അന്വേഷക സംഘം അറസ്റ്റ്ചെയ്തത്‌. നിർമാണ ജോലികൾക്ക്‌ എന്ന പേരിൽ പന്മന ആറുമുറിക്കടയ്ക്ക്‌ സമീപം വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. ചവറ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അബ്ദുൽ ഗഫൂറിനെ പന്മനയിലെ വാടകവീട്ടിൽനിന്ന് ബിജോയ് ദാസിനെ ആലപ്പുഴയിൽനിന്ന് അഷ്‌റഫുൽ ആലത്തിനെ കോയമ്പത്തൂരിൽ നിന്നുമാണ് പിടികൂടിയത്. 
മോഷണമുതൽ ആസാമിലേക്ക് കടത്തി അവിടെ വിൽക്കുകയായിരുന്നു പതിവ്‌. മോഷണമുതലുമായി  വിമാനത്തിലാണ് ആസാമിലേക്ക് പോകുന്നത്.  സെപ്‌തംബർ 13ന് രാത്രി പന്മന ആക്കൽ ശോഭാ നിവാസിൽ സോമൻപിള്ളയുടെ വീടിന്റെ അടുക്കളവാതിൽ കുത്തിത്തുറന്ന്‌ വീടിന്റെ മുകൾ നിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പതിനെട്ടര പവൻ കവർന്ന കേസിന്റെ  അന്വഷണത്തിനാലാണ് ഇവർ പിടിയിലായത്. പന്മന മുഖംമൂടിമുക്കിലെ വീട്ടിൽ പകൽ സമയത്തു കയറി സ്വർണാഭരണങ്ങൾ മോഷ്‌ടിച്ചതും ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. 
പകൽ കറങ്ങിനടന്ന്‌ ആൾത്താമസം ഇല്ലാത്ത വീടുകൾ കണ്ടുപിടിച്ചു രാത്രിയിൽ കവർച്ച നടത്തുന്നതാണ്‌ പതിവ്‌. സമീപകാലത്ത് ചവറ സ്റ്റേഷൻ പരിധിയിലെ പല മോഷണങ്ങളിലും ഇവർക്ക്‌ പങ്കുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു. പ്രതികളെ മോഷണം നടന്ന സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പു നടത്തി. പ്രതികൾ വാടകയ്ക്ക് താമസിച്ചിരുന്ന ടൈറ്റാനിയം ജങ്ഷന് സമീപമുള്ള വാടക വീട്ടിൽനിന്ന്‌ കുഴിച്ചിട്ട മോഷണ മുതലുകൾ കണ്ടെടുത്തു. പ്രതികളെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങി. 
 കരുനാഗപ്പള്ളി എസിപി ഷൈൻ തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തില്‍പ്പെട്ട ചവറ  ഇൻസ്‌പെക്ടർ എ നിസാമുദീൻ, സബ് ഇൻസ്പെക്ടർമാരായ എസ് സുകേഷ്, എ നൗഫൽ, ആന്റണി, എഎസ്ഐ ഷിബു, സിപിഒമാരായ അനു, റോയ് സേനൻ, ഷാഡോ പൊലീസ്‌ അംഗങ്ങളായ എഎസ്‌ഐ ഷിബു ബൈജു, രിബു, രതീഷ്, മനു എന്നിവർ പ്രത്യേക ടീമുകളായാണ്‌ പ്രതികളെ പിടികൂടിയത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top