20 April Saturday

ഓയിൽ പാം നവീകരിച്ച്‌ ഉൽപ്പാദനം കൂട്ടും: കൃഷിമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021

ഓയിൽ പാമിലെ മികച്ച തൊഴിലാളിക്കുള്ള പുരസ്‌കാരം അമ്പിളിക്ക്‌ കൃഷിമന്ത്രി പി പ്രസാദ്‌ നൽകുന്നു

സ്വന്തം ലേഖകന്‍
അഞ്ചൽ 
കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ ഫാക്ടറി നവീകരിക്കുമെന്ന്‌ കൃഷിമന്ത്രി പി പ്രസാദ്‌ പറഞ്ഞു. ഡിസംബറോടെ പൂർണതോതിൽ ഉൽപ്പാദനം തുടങ്ങാനാകും– -ഏരൂരിൽ ഓയിൽ പാം ഫാക്ടറിയും തോട്ടവും സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി. 
 
എണ്ണപ്പന കൃഷി വ്യാപിപ്പിക്കും 
കൂടുതൽ സ്ഥലങ്ങളിൽ ജലസേചന സൗകര്യം ഒരുക്കി നിലവിലുള്ളതിന്റെ ഉൽപ്പാദനം കൂട്ടാനാകും. ഇന്ത്യയ്ക്കാകെ ആവശ്യമായ  അത്യുൽപ്പാദനശേഷിയുള്ള എണ്ണപ്പനത്തൈകൾ ഉൽപ്പാദിപ്പിക്കാൻ കേന്ദ്രസഹായത്തോടെ കുളത്തൂപ്പുഴ, തൊടുപുഴ എന്നിവിടങ്ങളിൽ സംവിധാനം ഉണ്ടാക്കും. മ
റ്റുകൃഷികൾക്ക് കോട്ടംതട്ടാതെ എണ്ണപ്പന വ്യാപിക്കാൻ കേരളം സന്നദ്ധമാണെന്ന്‌ കേന്ദ്ര കൃഷി മന്ത്രിയെ അറിയിച്ചിട്ടുണ്ട്. കേന്ദ്രം പ്രഖ്യാപിച്ച പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌.  ഇപ്പോൾ ആറായിരം ഹെക്ടറിലാണ്‌ എണ്ണപ്പനക്കൃഷിയുള്ളത്. 6500 ഹെക്ടറിൽ കൂടി വ്യാപിപ്പിക്കാൻ പദ്ധതി തയ്യാറാക്കും. 
 
പാം ടൂറിസം പരിഗണിക്കും
പാം ടൂറിസത്തിനും അനന്തസാധ്യതയുണ്ട്‌. അതിന്‌ പദ്ധതി ആവിഷ്‌കരിക്കാൻ മാനേജ്മെന്റിനോട്‌ നിർദേശിച്ചിട്ടുണ്ട്‌–- മന്ത്രി പറഞ്ഞു. ഓയിൽ ഫാമിന്റെ നിലനിൽപ്പിന് അടിയന്തരമായി ഇടപെണമെന്നും ഫാക്ടറി നവീകരിക്കണമെന്നുള്ള ആവശ്യം പി എസ്‌ സുപാൽ എംഎൽഎ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഫാക്ടറിക്കുമുന്നിൽ സമരം നടത്തുകയും സിഐടിയു നേതാക്കളായ എസ് ജയമോഹൻ, ടി അജയൻ എന്നിവർ മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകുകയുംചെയ്‌തിരുന്നു. എല്ലാ ട്രേഡ്‌ യൂണിയനുകളും മാനേജ്‌മെന്റ്‌ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ്‌ കൃഷി മന്ത്രി പി പ്രസാദ്‌ ഏരൂരിൽ എത്തിയത്‌. ട്രേഡ് യൂണിയൻ നേതാക്കൾ, മാനേജ്‌മെന്റ്‌ എന്നിവരുമായി മന്ത്രി ചർച്ച നടത്തി.   
തൊഴിലാളികൾക്ക്‌ 
പുരസ്‌കാരം നൽകി 
മികച്ച തൊഴിലാളികൾക്കുള്ള 2020ലെ കൃഷിമന്ത്രിയുടെ ട്രോഫിയും ക്യാഷ് അവാർഡും ഏരൂർ ഡിവിഷനിലെ അനിൽകുമാർ, അമ്പിളി എന്നിവർക്ക്‌ മന്ത്രി വിതരണംചെയ്‌തു. അമ്പിളി സിഐടിയു കൺവീനറാണ്‌. പി എസ് സുപാൽ എംഎൽഎ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി അജയൻ, ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് എംഡി ഡോ. ബാബു തോമസ്,  അജയൻ, ട്രേഡ് യൂണിയൻ നേതാക്കളായ എസ്  ജയമോഹൻ,  (സിഐടിയു), എസ്‌ സന്തോഷ്‌ (എഐടിയുസി), ഭാരതീപുരം ശശി (ഐഎൻടിയുസി) എന്നിവരും പങ്കെടുത്തു. ഓയിൽ പാമിലെ  പ്രശ്നങ്ങൾ മനസ്സിലാക്കാൻ നേരിട്ട് എത്തി ചർച്ച നടത്തിയ മന്ത്രി പി പ്രസാദിനെ സിഐടിയു ജില്ലാസെക്രട്ടറി എസ് ജയമോഹൻ അഭിനന്ദിച്ചു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top